ശുചിമുറിയില്‍ അവിവാഹിതയായ യുവതി പ്രസവിച്ചു….യുവതി സ്വന്തം കുഞ്ഞിനെ എറിഞ്ഞു കൊല്ലുന്നു. സംഭവം നടന്നത് സാക്ഷരകേരളമെന്ന അഭിമാനിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ആണ്.
നമ്മുടെ വീട്ടില്‍, നമ്മുടെ പൊന്നോമന മകളാണവള്‍ എന്ന് പറയാനാണ് ഇഷ്ടം.
ആരായിരിക്കും ഇതിന് ഉത്തരവാദി? പതിവുപോലെ നായകന് തിരശ്ശീലയ്ക്ക് പുറകിലാണ്. ഇത്തരം നാടകങ്ങളില്‍ എന്നും അങ്ങനെ ആണല്ലോ..
പതിവുപോലെ ചാനല്‍ ചര്‍ച്ചകള്‍ ഇല്ല. എല്ലാവരും കട്ടന്‍ ചായക്കൊപ്പം ഇതും പുകച്ചു കളഞ്ഞു.
ഒന്ന് തുമ്മിയാല്‍ എല്ലാം വിളിച്ച് കൂവുന്ന സമൂഹമാധ്യമങ്ങളില്‍ ഈ ചോരക്കുഞ്ഞിനു വേണ്ടി ഒരു കാമ്പയിനും നടന്നില്ല, ഹാഷ്ടാഗുകളില്ല.
കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞിന്റെ ശവമഞ്ചം ഏറ്റെടുക്കാന്‍ പോലും ബന്ധുക്കളും നാട്ടുകാരും, സാമൂഹികപ്രവര്‍ത്തകരും വന്നില്ല. എത്ര ദയനീയം!
ആ കുഞ്ഞിന്റെ മൃതദേഹത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ ഒരു തിക്കും തിരക്കും ഉണ്ടായില്ല. അഭിനന്ദനങ്ങള്‍ കേരള പൊലീസിന് മാത്രം അര്‍ഹതപ്പെട്ടതാണ്. ഒരു ചോദ്യം ബാക്കിയാവുന്നു- ആ കുഞ്ഞ് എന്ത് തെറ്റാണ് ചെയ്തത്?
ഈ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താന്‍ ഈ സമൂഹത്തില്‍ ജീവിക്കുന്ന നമുക്ക് ഓരോരുത്തര്‍ക്കും കടമയില്ലേ ?
സമാനമായ മറ്റൊരു സംഭവം അധികം വൈകാതെ തൊട്ടടുത്ത ദിവസം നടന്നു. കൂടെ താമസിക്കുന്ന കൂട്ടുകാരുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ കാരണം ആ അമ്മയും കുഞ്ഞും ജീവനോടെ ഉണ്ടെന്ന് നമുക്ക് ആശ്വസിക്കാം.
ബെഡ്റെസ്റ്റ് ഇല്ല, സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളില്ല, ഡോക്ടറില്ല, നഴ്സുമാരില്ല സുഖപ്രസവം. ഇത്രയും കാലം കൂടെ താമസിച്ച കൂട്ടുകാര്‍ക്ക് ഒരു ഗര്‍ഭിണിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നത് അവിശ്വസനീയമായി തോന്നുന്നു. ഒരു സ്ത്രീ അമ്മയാകുമ്പോഴുണ്ടാകുന്ന ശാരീരിക മാനസിക വൈകാരിക വ്യതിയാനങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ് ഇല്ലാതെ പോയവര്‍.
നമ്മുടെ സുഹൃത് ബന്ധങ്ങളുടെ കണ്ണികള്‍ എത്രയോ അകന്നു പോയികഴിഞ്ഞുവെന്നതിന്റെ സൂചനകൂടിയാണിത്.
ഉപഭോഗ സംസ്കാരത്തിന്റെ അലയൊലികള്‍ നമ്മുടെ ചിന്തകളെയും മനോഭാവങ്ങളെയും വികാരങ്ങളെയും അത്ര കണ്ട് അപകടത്തിലാക്കി കഴിഞ്ഞു. പാശ്ചാത്യ നാടുകളിലെ അതിരുകളില്ലാത്ത ലൈംഗികസംസ്കാരം നമ്മുടെ സംസ്കാരത്തിന് ഭൂഷണമല്ല എന്ന് കൃത്യമായി അറിയാത്തവരല്ല നാം.
ലൈംഗികതയെക്കുറിച്ചുള്ള ശരിയായ അവബോധം നമുക്കുണ്ടോ? എന്ത് കര്‍മപരിപാടികളാണ് നാളിതുവരെ നാം ഇതിനായി ചെയ്തത്?
ലൈംഗികതയെക്കുറിച്ചുള്ള വികലമായ കാഴ്ചപ്പാടുകള്‍ സ്വയം നിയന്ത്രണമില്ലാത്ത തെറ്റായ ജീവിതരീതികള്‍ രൂപപ്പെടുത്തിയെടുക്കാനും അതിന് അടിമപ്പെടാനും നമ്മുടെ യുവതീയുവാക്കളെ പ്രേരിപ്പിക്കുന്നു. അത്
ഒരു സംസ്കാരത്തിന്റെ തകര്‍ച്ച കൂടി ആണെന്ന് വിലയിരുത്തപ്പെടേണ്ടിവരും. വിവാഹബന്ധങ്ങളിലെ തകര്‍ച്ച, കുടുംബബന്ധങ്ങളിലെ വിള്ളലുകള്‍ , ലഹരിയുടെ ഉപയോഗം തുടങ്ങിയവ നമ്മുടെ സമൂഹത്തെ മൂല്യശോഷണത്തിലേയ്ക്ക് തള്ളിവിട്ടപ്പോള്‍ കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു.
നമ്മെ ഞെട്ടിക്കുന്ന ആനുകാലിക വാര്‍ത്തകള്‍ അതിന് ഉദാഹരണമാണ്. ഇത്തരം സാഹചര്യങ്ങളില്‍ പലപ്പോഴും ചൂഷണം ചെയ്യപ്പെടുന്നത് സ്ത്രീകള്‍ തന്നെയാണെന്ന് സ്ത്രീകള്‍ ഓര്‍ക്കുന്നതും നല്ലതാണ്. ഫെമിനിസം എത്ര വളര്‍ന്നാലും സമൂഹത്തിന്റെയും സ്വന്തം കുടുംബത്തിന്റെ പോലും കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലുകളും ഏറ്റുവാങ്ങേണ്ടി വരുന്നതും ഇന്നും അവള് മാത്രമാണ്, അതില്‍ തര്‍ക്കമില്ല.
ബാലപീഡനങ്ങളും മറ്റു ലൈംഗിക പീഡനങ്ങളുമെല്ലാം ഗൗരവമായ തെറ്റായി കാണുകയും അതിനെതിരെ ശക്തമായ നിയമങ്ങളുമുള്ള നമ്മുടെ നാട്ടില്‍ ഈ നിയമങ്ങളെക്കുറിച്ചുള്ള അവബോധം എത്രപേര്‍ക്ക് ഉണ്ട്? ഉണ്ടെങ്കില്‍ തന്നെ അത്തരം സാഹചര്യത്തില്‍ കുറ്റം ചെയ്തവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ എത്രപേര്‍ക്ക് ധൈര്യം ഉണ്ട്.
സത്യത്തില്‍ ഇന്നും സ്ത്രീ ആരെയൊക്കെയോ ഭയപ്പെടുന്നുണ്ട്. ഈ ഭയം ഒരു സമൂഹത്തിന്റെ അരക്ഷിതാവസ്ഥയിലേയ്ക്കല്ലേ വിരല്‍ ചൂണ്ടുന്നത്. ജീവിതം വഴിമുട്ടുന്ന ഇത്തരം സാഹചര്യങ്ങളില്‍ അവള്‍ക്ക് വേണ്ടത്ര പിന്തുണ നല്കാന് മാത്രം നമ്മുടെ സമൂഹവും കുടുംബവും ഇപ്പോഴും വളര്‍ന്നിട്ടില്ല എന്നതാണ് സത്യം. കടുത്ത മാനസിക പിരിമുറുക്കത്തിലൂടെ കടന്നു പോകുന്ന പലരും ക്രൂരമായ കൊലപാതകങ്ങളും ആത്മഹത്യകളും ചെയ്യുന്നത് അതിജീവനത്തിനാവശ്യമായ പിന്തുണ ലഭിക്കാത്തതുകൊണ്ടാണ്. കടുത്ത നിരാശയാണ് ഇത്തരം അപക്വമായ പ്രവൃത്തികള്‍ ചെയ്യാന്‍ പലരെയും പ്രേരിപ്പിക്കുന്നത്.
ഇന്ന് സമൂഹത്തില്‍ സര്‍വമേഖലയെയും ഗ്രസിച്ചു കൊണ്ടിരിക്കുന്ന മൂല്യച്യുതിയുടെ നേര്കാഴ്ചകള് മാത്രമാണ് ഇത്തരം വാര്‍ത്തകള്‍. സ്ത്രീയും പുരുഷനും തുല്യഉത്തരവാദിത്വങ്ങള് ഏറ്റെടുക്കാന്‍ ബാധ്യസ്ഥരാണ്. വ്യക്തികളുടെ സ്വകാര്യതയും പരസ്പരം മാനിക്കപ്പെണ്ടതാണ്. പക്ഷേ അവള്‍ക്ക് ചുറ്റുമുള്ള കെണികളില്‍ നിന്നും അവളെ സംരക്ഷിക്കുവാന്‍ അവള് മാത്രം പോരാ. പക്വത പ്രാപിച്ച ഒരു സമൂഹം കൂടി അനിവാര്യമാണ്.
നമ്മുടെ ഭരണസംവിധാനങ്ങളും മതസ്ഥാപനങ്ങളും സാമൂഹ്യ കേന്ദ്രങ്ങളും മാധ്യമങ്ങളുമെല്ലാം സ്ത്രീയുടെ യഥാര്‍ത്ഥ സ്വത്വം നിലനിര്‍ത്താന്‍ കൂടെ നില്‍ക്കാത്തിടത്തോളം കാലം ചൂണ്ടുവിരല്‍ നീട്ടി എല്ലാവരും പറഞ്ഞുകൊണ്ടിരിക്കും സ്ത്രീയേ നീ തന്നെ ആണ് എല്ലാത്തിനും ഉത്തരവാദി, ഞാന്‍ ഒന്നുമറിഞ്ഞില്ല. നമോവാകം.
സ്ത്രീകളോട് ഒറ്റ വാക്ക്, ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയാന്‍ സ്വന്തം മനസ്സിനെ എപ്പോഴും പാകപ്പെടുത്തുക. ഒഴുക്കിനനുസരിച്ച് നീന്താതെ ഒഴുക്കിനെതിരെ നീന്താനും പരിശീലിക്കുക.