ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരേ ശക്തമായ പ്രചാരണത്തിനൊരുങ്ങി കോണ്‍ഗ്രസ്. പാര്‍ട്ടി പ്രകടനപത്രിക കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ കൂട്ടത്തോടെ പ്രധാനമന്ത്രിക്ക് അയച്ചു.
രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് മോദി വിദ്വേഷ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് മുസ്ലിംകള്ക്ക് വീതിച്ച് നല്‍കുമെന്നായിരുന്നു പരാമര്‍ശം. രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നല്‍കുമെന്നും, അതിന് നിങ്ങള്‍ തയാറാണോ എന്നുമാണ് മോദി പ്രസംഗത്തിനിടെ ചോദിച്ചത്.
വിദ്വേഷ പ്രസംഗത്തിനെതിരേ കോൺഗ്രസ് ഒപ്പ് ശേഖരണം തുടങ്ങിയിട്ടുണ്ട്. ഒരു ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ച് തെരെഞ്ഞെടുപ്പ് കമ്മീഷന് നല്‍കാനാണ് പാര്‍ട്ടി തീരുമാനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മോദിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
അമ്മമാരുടെയും,സഹോദരിമാരുടെയും സ്വര്‍ണ്ണത്തിന്റെ കണക്കെടുപ്പ് നടത്തി അത് മുസ്ലിംകള്ക്ക് നല്‍കുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിലുണ്ടെന്നും മോദി ആരോപിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരേ പ്രതിപക്ഷ പാർട്ടികൾ രൂക്ഷ വിമർശനവുമായി രംഗത്തുവന്നിരുന്നു.