കണ്ണൂര്‍ പരിയാരത്തെ ‘ടേബിള്‍ ഓഫ് ലവ്’ വിശക്കുന്നവന് അന്നവും വേദനിക്കുന്നവന് കരുതലും പകരുന്ന കാരുണ്യത്തിന്റെ കൂട്ടായ്മ
ബിജോ സില്‍വേരി
വിശപ്പ് മനുഷ്യന്റെ ഏറ്റവും അടിസ്ഥാനപരമായ വേദനകളിലൊന്നാണ്. വിശക്കുന്നവന് ഭക്ഷണം നല്‍കുക എന്നത് കേവലം ഒരു സത്പ്രവൃത്തിമാത്രമല്ല; അത് മനുഷ്യനോടുള്ള ആദരവിന്റെയും സഹജീവിയോടുള്ള ഉത്തരവാദിത്വത്തിന്റെയും ഏറ്റവും ഹൃദയസ്പര്‍ശിയായ ആവിഷ്കാരമാണ്. വിശക്കുന്നവന്റെ മുന്നില്‍ വിളമ്പിവയ്ക്കുന്ന ഒരു നേരത്തെ ഭക്ഷണത്തിന്, ചിലപ്പോള്‍ വലിയ പ്രഭാഷണങ്ങളെക്കാളും മനോഹരമായ പ്രാര്‍ഥനകളെക്കാളും ശക്തിയുണ്ടാകും. കാരണം, അവിടെ വാക്കുകള്‍ക്കു പകരം സ്നേഹം പ്രവൃത്തിയായി മാറുന്നു; വിശ്വാസം കരുണയുടെ രൂപം സ്വീകരിക്കുന്നു; മനുഷ്യന് മനുഷ്യന് തണലാകുന്നു.കണ്ണൂര്‍ പരിയാരത്ത്, മെഡിക്കല്‍ കോളജിന് എതിര്‍വശത്തുള്ള ക്രിസ്തുരാജ സന്നിധാനത്തോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ‘ടേബിള്‍ ഓഫ് ലവ്’ അഥവാ ‘സ്നേഹത്തിന്റെ മേശ’ ഇത്തരമൊരു കരുതലിന്റെ സാക്ഷ്യമാണ്. 2026 ഓഗസ്റ്റ് 29-ന് ആരംഭിച്ച ഈ സംരംഭം, വിശക്കുന്നവന് ഭക്ഷണം നല്‍കുന്നതിലൂടെ ക്രൈസ്തവ വിശ്വാസത്തിന്റെ സാമൂഹികമായ അര്‍ഥം ജീവിതത്തില്‍ പകര്‍ത്തുകയാണ്. ദിവസവും ഏകദേശം അഞ്ഞൂറുപേര്‍ക്ക് ഇവിടെനിന്ന് ഭക്ഷണം ലഭിക്കുന്നു. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വഴിപോക്കര്‍ക്കും തൊഴിലാളികള്‍ക്കും ഭക്ഷണമെത്തിക്കുന്ന ഈ കൂട്ടായ്മയുടെ അടുക്കളയില്‍ പാകം ചെയ്യപ്പെടുന്നത് അരിയും കറികളും മാത്രമല്ല; അപരിചിതരായ മനുഷ്യരോടുപോലും സ്നേഹവും കരുതലും പങ്കുവയ്ക്കാനുള്ള മനസ്സുകൂടിയാണ്.രോഗത്തിന്റെ വേദനയും ആശുപത്രിജീവിതത്തിന്റെ അനിശ്ചിതത്വവും സാമ്പത്തിക പ്രതിസന്ധിയും ഒരുമിച്ചെത്തുമ്പോള്‍ ഒരു നേരത്തെ ഭക്ഷണംപോലും ചില കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമായി മാറുന്നു.

ആശുപത്രിയിലെത്തുന്ന എല്ലാവരുടെയും ജീവിതസാഹചര്യങ്ങള്‍ ഒരുപോലെയല്ല. ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ നെട്ടോട്ടമോടുന്ന കുടുംബങ്ങളുണ്ട്; ദിവസങ്ങളോളം രോഗിക്കരികില്നിന്ന് മാറിനില്‍ക്കാനാകാത്ത കൂട്ടിരിപ്പുകാരുണ്ട്; സ്വന്തം വിശപ്പിനെക്കാള് രോഗിയുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്കുന്ന മനുഷ്യരുണ്ട്. അവരുടെ ജീവിതത്തിലേക്ക് ഒരു പൊതിച്ചോറോ സൗജന്യമായി വിളമ്പുന്ന ഒരു നേരത്തെ ഭക്ഷണമോ എത്തുമ്പോള്‍, അത് വിശപ്പടക്കുന്നതിനപ്പുറം മറ്റൊരു സന്ദേശംകൂടി നല്കുന്നു: നിങ്ങള്‍ ഒറ്റയ്ക്കല്ല; നിങ്ങളുടെ വേദന കാണുന്നവരും നിങ്ങളെ കരുതുന്നവരുമുണ്ട്. ‘സ്നേഹത്തിന്റെ മേശ’യുടെ യഥാര്‍ഥ മഹത്വം ഈ സന്ദേശത്തിലാണ്.ഒരു ദേവാലയത്തില്‍നിന്ന് സമൂഹത്തിലേക്ക് പടരുന്ന കാരുണ്യംദൈവദാസന് സുക്കോളച്ചന് വളര്‍ത്തിയ ക്രിസ്തുരാജ സന്നിധാനം എന്നറിയപ്പെടുന്ന ദേവാലയമാണ് ഈ കാരുണ്യപ്രവര്‍ത്തനത്തിന്റെ കേന്ദ്രം. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിന് എതിര്‍വശത്താണ് ഈ ദേവാലയം സ്ഥിതിചെയ്യുന്നത്. ഒരു ഇടവകദേവാലയമല്ല ഇത്. കണ്ണൂര്‍ രൂപതയുടെ മതബോധന വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഈ സന്നിധാനത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത് ഫാ. ലിനോ പുത്തന്‍വീട്ടിലാണ്. രൂപതയുടെ മതബോധന ഡയറക്ടര്‍ എന്ന ചുമതലയ്ക്കു പുറമേ, കേരള ലാറ്റിന്‍ കത്തോലിക്കാ സഭയുടെ ബ്രദര്മാര്ക്കായുള്ള സെമിനാരിയുടെ ഹൗസ് മാനേജര്‍ എന്ന ഉത്തരവാദിത്വവും അദ്ദേഹത്തിനുണ്ട്.ദേവാലയത്തോടു ചേര്‍ന്നുള്ള പഴയ പള്ളി ഹാളാണ് ഇപ്പോള്‍ സ്നേഹത്തിന്റെ മേശയായി മാറിയിരിക്കുന്നത്. പ്രാര്‍ഥനകള്‍ ഉയര്‍ന്നിരുന്ന ഈ ഇടം വിശക്കുന്നവരുടെ വിശപ്പകറ്റാനുള്ള വേദിയായി മാറുമ്പോള്‍, ആരാധനയും സേവനവും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് ഇവിടെ വെളിപ്പെടുന്നത്. ദൈവത്തോടുള്ള സ്നേഹം മനുഷ്യനോടുള്ള സ്നേഹത്തില്‍നിന്ന് വേറിട്ടുനില്ക്കുന്നതല്ലെന്നും ആരാധനയുടെ യഥാര്‍ഥ ഫലം സഹജീവികളോടുള്ള കരുതലില്‍ പ്രകടമാകണമെന്നുമുള്ള ക്രൈസ്തവ ദര്‍ശനത്തിന്റെ പ്രായോഗികമായ ആവിഷ്കാരമാണിത്.2026 ഓഗസ്റ്റ് 29-ന് ആരംഭിച്ച ടേബിള്‍ ഓഫ് ലവിന്റെ ഉദ്ഘാടനച്ചടങ്ങില്‍ കണ്ണൂര്‍ രൂപതാധ്യക്ഷന്‍ ബിഷപ് അലക്സ് വടക്കുംതല സന്നിഹിതനായിരുന്നു.

ഭക്ഷണം വിളമ്പുന്നതിനായി ഒരുക്കിയ ഹാളിന്റെ വെഞ്ചരിപ്പും അദ്ദേഹം നിര്‍വഹിച്ചു. കല്ല്യാശ്ശേരി എംഎല്‍എ വിജിന്, പയ്യന്നൂര്‍ എംഎല്‍എ വി. കുഞ്ഞികൃഷ്ണന്, പരിയാരത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.വിവിധ സാമൂഹിക മേഖലകളില്‍നിന്നുള്ളവരുടെ സാന്നിധ്യം ഈ സംരംഭത്തിന്റെ പ്രസക്തി വ്യക്തമാക്കുന്നു. അടുത്തിടെ തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോയും കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലും ഇവിടം ലന്ദര്ശിച്ചിരുന്നു. ‘വിശക്കുന്നവര്‍ക്ക് ആഹാരം കൊടുക്കുക വലിയ ക്രിസ്തീയ സ്നേഹത്തിന്റെ സാക്ഷ്യമാണെന്ന’് ആര്‍ച്ച്ബിഷപ് വ്യക്തമാക്കി. ‘സ്നേഹത്തിന്റെ മേശ’യുമായി സഹകരിക്കുന്ന ഏവര്‍ക്കും ധാരാളം ദൈവാനുഗ്രഹമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ‘ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ സാധിക്കുക എന്നതു തന്നെ വലിയൊരു അനുഗ്രഹമാണെന്ന്’ ബിഷപ് ഡോ. അംബ്രോസ് പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ലിനോ അച്ചനടക്കം ഏവരേയും സ്നേഹപൂര്‍വം ഓര്‍ക്കുന്നു. കഴിയാവുന്ന എല്ലാവരും തങ്ങളാല്‍ കഴിയുന്ന വിധത്തില്‍ ഈ സംരംഭവുമായി സഹകരിക്കണമെന്നും ബിഷപ് പറഞ്ഞു. വിശപ്പിന് മതമോ രാഷ്ട്രീയമോ സാമൂഹിക പദവിയോ ഇല്ല. അതുകൊണ്ടുതന്നെ വിശക്കുന്നവന് ഭക്ഷണം നല്കുന്ന പ്രവര്‍ത്തനത്തിന് സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ പിന്തുണയും പങ്കാളിത്തവും അനിവാര്യമാണെന്ന കാര്യം ലിനോ അച്ചനും ഓര്‍മിപ്പിക്കുന്നു.കാരുണ്യത്തിന്റെ പഴയ വഴിയില്‍നിന്ന് പുതിയൊരു തുടക്കംടേബിള് ഓഫ് ലവ് പെട്ടെന്നൊരു ദിവസം രൂപംകൊണ്ട ആശയമല്ല. പരിയാരത്ത് മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നല്കുന്ന ഒരു സംവിധാനം ഇതിനുമുമ്പും പ്രവര്‍ത്തിച്ചിരുന്നു. ഏകദേശം ഇരുപത് വര്‍ഷത്തോളം നീണ്ട ആ സേവനത്തിലൂടെ ദിവസേന 150-ഓളം പേര്‍ക്ക് ഭക്ഷണം ലഭിച്ചിരുന്നു. രോഗികള്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ നേരിട്ടെത്തി ഭക്ഷണം വാങ്ങിക്കൊണ്ടുപോകാനുള്ള സൗകര്യവും അതിന്റെ ഭാഗമായി ഉണ്ടായിരുന്നു. ആ ദീര്‍ഘകാല സേവനാനുഭവമാണ് കൂടുതല്‍ വിപുലമായൊരു ഭക്ഷണപങ്കിടല് സംരംഭത്തിന് പ്രചോദനമായത്. പഴയ സംവിധാനത്തിന്റെ സേവനപാരമ്പര്യം പുതിയൊരു കൂട്ടായ്മയിലൂടെ മുന്നോട്ടുകൊണ്ടുപോകുകയാണ് ടേബിള്‍ ഓഫ് ലവ്.ഇന്ന് ഇവിടെ പ്രതിദിനം ഏകദേശം അഞ്ഞൂറുപേര്‍ ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ലിജോ അച്ചന് വ്യക്തമാക്കി. അതിനുപുറമേ, നൂറോളം പേര്‍ക്ക് രോഗികള്‍ക്കായി ഭക്ഷണം പൊതിഞ്ഞുനല്കുന്നുമുണ്ട്. ഉച്ചയ്ക്ക് 12.30 മുതല്‍ രണ്ടു മണിവരെയാണ് ഭക്ഷണം കഴിക്കാനുള്ള സൗകര്യം. ദിവസേന പച്ചക്കറികള്‍ ഉള്‍പ്പെടുത്തിയുള്ള ഭക്ഷണമാണ് നല്‍കുന്നത്. ഇടയ്ക്കൊക്കെ സസ്യേതരവിഭവങ്ങളും ഉണ്ടാകും.സംഖ്യകളുടെ കണക്കില്‍ ഈ ഭക്ഷണം കഴിക്കുന്നവരുടെ വളര്‍ച്ച ശ്രദ്ധേയമാണ്. എന്നാല്‍ അഞ്ഞൂറ് എന്നത് ഒരു സംഖ്യ മാത്രമല്ല. ഓരോ ദിവസവും വിശപ്പുമായി എത്തുന്ന അഞ്ഞൂറോളം മനുഷ്യരുടെ ആവശ്യങ്ങളിലേക്കു തുറന്നുവയ്ക്കുന്ന ഒരു വാതിലാണത്. ആശുപത്രിയുടെ തിരക്കുകള്‍ക്കിടയില്‍ ഭക്ഷണത്തിനായി അലയേണ്ടിവരുന്ന ഒരാള്‍ക്ക് ഈ വാതില്‍ തുറക്കുമ്പോള്‍, അയാള്‍ക്കു ലഭിക്കുന്നത് ഒരു നേരത്തെ അന്നം മാത്രമല്ല; അപരിചിതമായൊരു സമൂഹത്തില്‍നിന്നുള്ള സ്നേഹത്തിന്റെ ഉറപ്പുകൂടിയാണ്. രോഗം ഒരാളെ ആശുപത്രിയിലെത്തിക്കുമ്പോള്‍ അയാളുടെ സാമ്പത്തികാവസ്ഥയും കുടുംബത്തിന്റെ ശേഷിയും പലപ്പോഴും പരീക്ഷിക്കപ്പെടുന്നു. ചികിത്സാച്ചെലവുകള്‍ക്കൊപ്പം യാത്ര, താമസം, ഭക്ഷണം തുടങ്ങിയ ആവശ്യങ്ങളും കുടുംബത്തെ സമ്മര്‍ദത്തിലാക്കുന്നു. രോഗിക്കരികില്നിന്ന് മാറാനാകാത്ത കൂട്ടിരിപ്പുകാര്‍ക്ക് ഭക്ഷണം കണ്ടെത്തുകപോലും ചിലപ്പോള്‍ പ്രയാസകരമാകും. അത്തരമൊരു സാഹചര്യത്തില്‍ സൗജന്യമായി ലഭിക്കുന്ന ഒരു നേരത്തെ ഭക്ഷണം കുടുംബത്തിന്റെ ചെലവില്‍ ചെറിയൊരു ആശ്വാസമെങ്കിലും സൃഷ്ടിക്കുന്നു. അതുപോലെ ഓട്ടോറിക്ഷ ടാക്സി ഡ്രൈവര്‍മാര്‍, വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ക്കെല്ലാം ടേബിള്‍ ഓഫ് ലവ് ഒരു ആശ്വാസമാണ്.അതിനാല്‍ തന്നെ, ടേബിള്‍ ഓഫ് ലവിന്റെ പ്രവര്‍ത്തനത്തെ ഭക്ഷണവിതരണം എന്ന പരിമിതമായ നിര്‍വചനത്തില്‍ ഒതുക്കാനാവില്ല. ”വിശന്നപ്പോള്‍ നിങ്ങള്‍ എനിക്ക് ഭക്ഷണം തന്നു” വിശക്കുന്നവന് ഭക്ഷണം നല്‍കുക എന്ന ആശയത്തിന് ക്രൈസ്തവ വിശ്വാസത്തില്‍ സവിശേഷമായ സ്ഥാനമുണ്ട്. യേശുക്രിസ്തുവിന്റെ ജീവിതത്തിലും പ്രബോധനങ്ങളിലും കരുണ കേവലം ഒരു വികാരമല്ല; അത് പ്രവര്‍ത്തിയില്‍ പ്രകടമാകേണ്ട സ്നേഹമാണ്.വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ യേശു പറയുന്നു:”എനിക്കു വിശന്നു, നിങ്ങള്‍ ഭക്ഷിക്കാന്‍ തന്നു.” (മത്തായി 25:35). ഈ സുവിശേഷഭാഗത്ത്, വിശക്കുന്നവന് ഭക്ഷണം നല്‍കുന്നതും ദാഹിക്കുന്നവന് കുടിക്കാന്‍ നല്‍കുന്നതും രോഗിയെ സന്ദര്‍ശിക്കുന്നതും തടവുകാരനെ കാണുന്നതുമെല്ലാം ക്രിസ്തുവിനുതന്നെ ചെയ്യുന്ന ശുശ്രൂഷയായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്. ഏറ്റവും എളിയവരില്‍ ഒരുവന് ചെയ്യുന്ന നന്മ തനിക്കുതന്നെയാണ് ചെയ്യുന്നതെന്ന യേശുവിന്റെ വാക്കുകള്‍ (മത്തായി 25:40), ക്രൈസ്തവ കാരുണ്യത്തിന്റെ അടിസ്ഥാനപ്രമാണമാണ്.ഈ ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ നോക്കുമ്പോള്‍, ടേബിള്‍ ഓഫ് ലവിലെ ഓരോ ഭക്ഷണപ്പാത്രത്തിനും സുവിശേഷപരമായൊരു അര്‍ത്ഥമുണ്ട്. അവിടെ ഭക്ഷണം കഴിക്കുന്നയാളുടെ പേരോ മതമോ സാമ്പത്തികശേഷിയോ അന്വേഷിച്ചല്ല വിശപ്പകറ്റുന്നത്. വിശപ്പാണ് പരിഗണനയുടെ മാനദണ്ഡം; മനുഷ്യനാണ് സേവനത്തിന്റെ കേന്ദ്രം.യേശു തന്റെ ശിഷ്യന്മാരോട് ”നിങ്ങള്‍തന്നെ അവര്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുവിന്‍” എന്നു പറഞ്ഞത് (മത്തായി 14:16) ഈ ഉത്തരവാദിത്വത്തിന്റെ മറ്റൊരു മുഖം വ്യക്തമാക്കുന്നു. വിശക്കുന്നവരെ കണ്ടപ്പോള്‍ അവരെ മറ്റെവിടേക്കെങ്കിലും പറഞ്ഞുവിടുക എന്നതല്ല യേശു മുന്നോട്ടുവച്ച വഴി. തങ്ങളുടെ കൈവശമുള്ളത് പങ്കുവയ്ക്കാന്‍ ശിഷ്യന്മാരെ ക്ഷണിക്കുകയായിരുന്നു അവിടുന്ന്. അപ്പവും മീനും പങ്കിട്ട അദ്ഭുതത്തില്‍, കുറവെന്നു തോന്നുന്ന വിഭവങ്ങള്‍ പോലും പങ്കുവയ്ക്കാനുള്ള മനസ്സുണ്ടെങ്കില്‍ അനേകരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്ന വലിയ സന്ദേശമുണ്ട്.സ്നേഹത്തിന്റെ മേശയും ഈ സന്ദേശത്തെയാണ് ജീവിതത്തിലേക്കു പകര്‍ത്തുന്നത്. ഒരാള്‍ പച്ചക്കറി നല്കുന്നു; മറ്റൊരാള്‍ വിറക് എത്തിക്കുന്നു; മറ്റൊരാള്‍ തേങ്ങ നല്കുന്നു; മറ്റുചിലര്‍ പാചകത്തിനും ഭക്ഷണം വിളമ്പുന്നതിനും സമയം മാറ്റിവയ്ക്കുന്നു. ഒരാളുടെ കൈവശമുള്ളത് മറ്റൊരാളുടെ ആവശ്യവുമായി ചേരുമ്പോള്‍, സമൂഹത്തിന് സ്വന്തമായി സൃഷ്ടിക്കാനാകുന്ന കാരുണ്യത്തിന്റെ ശക്തി ഇവിടെ വെളിപ്പെടുന്നു.പാപ്പമാര്‍ ഓര്‍മിപ്പിക്കുന്ന ദരിദ്രരോടുള്ള സ്നേഹംവിശക്കുന്നവരോടും ദരിദ്രരോടും രോഗികളോടും കരുണ കാണിക്കണമെന്നത് സഭയുടെ സാമൂഹികപ്രബോധനത്തിലെ സുപ്രധാനമായ ആശയമാണ്. പാപ്പമാര്‍ പല കാലങ്ങളിലായി ഈ ഉത്തരവാദിത്വത്തെക്കുറിച്ച് വിശ്വാസികളെ ഓര്‍മിപ്പിച്ചിട്ടുണ്ട്.ഫ്രാന്‍സിസ് പാപ്പ 2016 ഒക്ടോബര്‍ 19-ലെ പൊതുദര്ശനപ്രഭാഷണത്തില് വിശക്കുന്നവര്‍ക്കു ഭക്ഷണം നല്‍കുക, ദാഹിക്കുന്നവര്‍ക്കു കുടിക്കാന്‍ നല്‍കുക എന്നീ പ്രവൃത്തികളെ സഭയുടെ കരുണാപ്രവര്ത്തനങ്ങളില് പ്രധാനപ്പെട്ടവയായി വിശദീകരിച്ചു. ”ഞങ്ങളുടെ അനുദിന ആഹാരം ഇന്നു ഞങ്ങള്‍ക്കു തരണമേ” എന്ന കര്തൃപ്രാര്ഥനയിലെ വാക്കുകള്‍ ചൊല്ലുമ്പോള്‍, ഭക്ഷണം ലഭിക്കാതെ കഴിയുന്ന മനുഷ്യരെ മറന്നുപോകരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വിശ്വാസം പ്രവൃത്തികളിലൂടെ പ്രകടമാകണമെന്നും, ആവശ്യത്തിലിരിക്കുന്നവര്‍ക്കു സഹായം നല്‍കാതെ ആശ്വാസവാക്കുകള്‍ മാത്രം പറയുന്നതുകൊണ്ട് കാര്യമില്ലെന്നും യാക്കോബ് 2:14-17-ലെ വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. ഈ സന്ദേശം ടേബിള്‍ ഓഫ് ലവിന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തമായി വായിച്ചെടുക്കാം. വിശപ്പിനെക്കുറിച്ച് സംസാരിക്കുന്നതിനു പകരം വിശക്കുന്നവന് ഭക്ഷണം നല്‍കുക; ദാരിദ്ര്യത്തെക്കുറിച്ച് ആശങ്കപ്പെടുന്നതിനു പകരം കഴിയുന്ന സഹായം ചെയ്യുക; മറ്റൊരാളുടെ ദുരിതം കണ്ട് സങ്കടപ്പെടുന്നതില്‍ ഒതുങ്ങാതെ ആ ദുരിതം ലഘൂകരിക്കാന്‍ മുന്നോട്ടുവരിക. ഇതാണ് വിശ്വാസം പ്രവൃത്തിയായി മാറുന്ന വഴി.ലെയോ പതിനാലാമന്‍ പാപ്പയുടെ ദിലെക്സി തേ എന്ന അപ്പസ്തോലിക പ്രബോധനവും ദരിദ്രരോടുള്ള സ്നേഹത്തെ ക്രൈസ്തവജീവിതത്തിന്റെ കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കുന്നു. ദരിദ്രരിലും കഷ്ടപ്പെടുന്നവരിലും ക്രിസ്തുവിനെ തിരിച്ചറിയാനുള്ള ആഹ്വാനവും ക്രിസ്തുവിന്റെ സ്നേഹവും ദരിദ്രരോടുള്ള കരുതലും തമ്മിലുള്ള അഭേദ്യബന്ധവുമാണ് അതിന്റെ പ്രധാന പ്രമേയം തന്നെ. ദരിദ്രരോടുള്ള സ്നേഹം വിശ്വാസജീവിതത്തിന്റെ അരികിലുള്ള ഒരു സന്നദ്ധപ്രവര്‍ത്തനം മാത്രമല്ല; ക്രിസ്തുവിനെ അനുഗമിക്കുന്നതിന്റെ അവിഭാജ്യഘടകമാണ് എന്ന സന്ദേശം ഈ പ്രബോധനത്തില്‍ ശക്തമായി ഉയര്‍ന്നുവരുന്നു. ദരിദ്രരെയും വേദനിക്കുന്നവരെയും സമൂഹത്തിന്റെ പുറമ്പോക്കിലേക്കു മാറ്റിനിര്‍ത്താതെ അവരുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന സഭയായിരിക്കണം ക്രിസ്തുവിന്റെ സഭയെന്ന ആഹ്വാനവും അതിലുണ്ട്.ഈ കാഴ്ചപ്പാടില്‍, ‘സ്നേഹത്തിന്റെ മേശ’യിലെ സേവനത്തിന് ഒരു ആത്മീയമായ ആഴം കൂടിയുണ്ട്. അവിടെ വിളമ്പുന്ന ഭക്ഷണം ദാനധര്‍മത്തിന്റെ അടയാളം മാത്രമല്ല; മറ്റൊരാളുടെ അന്തസ്സിനെ അംഗീകരിക്കുന്ന പ്രവൃത്തിയാണ്. ഭക്ഷണം സ്വീകരിക്കുന്നയാള്‍ ആരുടെയെങ്കിലും ഔദാര്യത്തിനു മുന്നില്‍ തലകുനിക്കേണ്ടവനല്ല. പങ്കിടുന്ന സമൂഹത്തിന്റെ ഭാഗമാണ് അയാള്‍. ഭക്ഷണം നല്കുന്നവനും സ്വീകരിക്കുന്നവനും തമ്മില്‍ രൂപപ്പെടുന്നത് ദാതാവിന്റെയും സ്വീകര്‍ത്താവിന്റെയും അകലം മാത്രമല്ല, മനുഷ്യര്‍ തമ്മിലുള്ള സാഹോദര്യവുമാണ്.പ്രതിഫലത്തിനപ്പുറമുള്ള സേവനംഒരു ഭക്ഷണശാലയുടെ പ്രവര്‍ത്തനം പുറത്തുനിന്നു നോക്കുമ്പോള്‍ എളുപ്പമെന്നു തോന്നാം. എന്നാല്‍ ദിവസവും നൂറുകണക്കിന് ആളുകള്‍ക്കായി ഭക്ഷണം തയ്യാറാക്കുന്നതിനു പിന്നില്‍ അധ്വാനത്തിന്റെ വലിയൊരു ലോകമുണ്ട്. അരിയും പച്ചക്കറികളും ഒരുക്കണം; പാചകം ചെയ്യണം; സമയത്തിന് ഭക്ഷണം വിളമ്പണം; അടുക്കള വൃത്തിയാക്കണം; ഉപയോഗിച്ച പാത്രങ്ങളും മറ്റുപകരണങ്ങളും കഴുകണം. ശുചിത്വം കര്‍ശനമായി പാലിക്കണം. ഇതെല്ലാം കൃത്യമായി നടക്കുമ്പോഴാണ് നിശ്ചിത സമയത്ത് നൂറുകണക്കിന് ആളുകള്‍ക്ക് ഭക്ഷണം ലഭിക്കുന്നത്.ടേബിള്‍ ഓഫ് ലവിന്റെ അടുക്കളയില്‍ പത്തോളം വനിതകള്‍ മാറിമാറി സേവനം ചെയ്യുന്നു. ഇവര്‍ പ്രതിഫലമില്ലാത്ത സന്നദ്ധസേവനമായിട്ടാണ് ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നത്. യാത്രയ്ക്കുള്ള ചെലവാണ് ഇവര്‍ക്കു നല്‍കുന്നത്. അടുക്കളയുടെ ചുമതല ബ്രദര്‍ യേശുദാസിനാണ്. പ്രധാന പാചകക്കാരിയായി സജിനി പ്രവര്‍ത്തിക്കുന്നു.ഈ സേവനത്തിന്റെ മഹത്വം തിരിച്ചറിയാന്‍ അടുക്കളയിലേക്കു ശ്രദ്ധ തിരിക്കണം. വലിയ പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ ചൂടും അധ്വാനവും സമയപരിമിതിയും ഒരുപോലെ നേരിടേണ്ടിവരും. ഒരുപാടുപേര്‍ക്ക് ഒരേസമയം ഭക്ഷണം ഒരുക്കുമ്പോള്‍ ചെറിയൊരു അശ്രദ്ധപോലും പ്രവര്‍ത്തനത്തെ ബാധിക്കാം. എന്നിട്ടും വിലപ്പെട്ട തങ്ങളുടെ സ്വന്തം സമയവും വീട്ടിലെ കാര്യങ്ങളും മാറ്റിവച്ച് മറ്റുള്ളവരുടെ വിശപ്പകറ്റാന്‍ എത്തുന്ന ഈ വനിതകളുടെ സേവനം ‘സ്നേഹത്തിന്റെ മേശ’യുടെ ജീവനാഡിയാണ്.സേവനം എല്ലായ്പ്പോഴും വലിയ സംഭാവനകളിലൂടെ മാത്രമല്ല പ്രകടമാകുന്നത്. ചിലപ്പോള്‍ അതൊരു ദിവസത്തെ അധ്വാനമാണ്; ചിലപ്പോള്‍ ഏതാനും മണിക്കൂറുകളുടെ സമയം; ചിലപ്പോള്‍ അടുക്കളയില്‍ നിന്നുയരുന്ന വിയര്‍പ്പുതുള്ളികള്‍. പണമായി കണക്കാക്കാനാവാത്ത ഈ സംഭാവനകളാണ് കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മനുഷ്യസ്പര്‍ശം നല്‍കുന്നത്.മണ്ണില്‍ വിളയുന്ന കരുണടേബിള് ഓഫ് ലവിന്റെ മറ്റൊരു പ്രത്യേകത ഭക്ഷണത്തിനാവശ്യമായ വിഭവങ്ങളില്‍ ഒരു പങ്ക് സ്വന്തം പരിസരത്തുനിന്നുതന്നെ കണ്ടെത്താനുള്ള ശ്രമമാണ്. ഇവിടെ വഴുതനങ്ങ, വെണ്ടയ്ക്ക, കോവയ്ക്ക, വാഴ തുടങ്ങിയവ കൃഷി ചെയ്യുന്നുണ്ട്. കൃഷിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതിയും പ്രവര്‍ത്തിക്കുന്നു. ഫാ. ജസ്റ്റിന് ഇടത്തില്‍, ഈനാസ് (കപ്യാര്), റിജോ അരിപാമ്പ്ര എന്നിവരാണ് കൃഷിക്കമ്മിറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. പരിസരവാസികളുടെ സഹകരണവും ഈ സംരംഭത്തിന് വലിയ പിന്തുണയാണ്. പച്ചക്കറികളും തേങ്ങയും വിറകും മറ്റാവശ്യസാധനങ്ങളും അവര്‍ സംഭാവനയായി നല്കുന്നു.ഒരു പൊതിച്ചോറിന്റെ പിന്നില്‍ എത്ര കൈകളുടെ അധ്വാനമുണ്ടെന്ന് ചിന്തിച്ചുനോക്കുക. മണ്ണില്‍ വിത്തിടുന്ന കൈകള്‍ മുതല്‍ വിളവെടുക്കുന്ന കൈകള്വരെ; പച്ചക്കറികള്‍ അടുക്കളയിലെത്തിക്കുന്നവര് മുതല്‍ അവ അരിഞ്ഞൊരുക്കുന്നവര്വരെ; അടുപ്പു കത്തിക്കുന്നവര്‍ മുതല്‍ ഭക്ഷണം വിളമ്പുന്നവര്വരെ ഒരുപാടുപേരുടെ പങ്കാളിത്തമാണ് ഒരു നേരത്തെ ഭക്ഷണത്തെ യാഥാര്‍ഥ്യമാക്കുന്നത്.ഇവിടെ കൃഷി ചെയ്യുന്നത് പച്ചക്കറികള്‍ മാത്രമല്ല; സഹകരണത്തിന്റെ സംസ്കാരം കൂടിയാണ്. ഒരു വീട്ടില്‍ അധികമുള്ള തേങ്ങ മറ്റൊരിടത്ത് ഭക്ഷണത്തിനാവശ്യമായ വിഭവമായി മാറുന്നു. ഒരു പറമ്പിലെ പച്ചക്കറി ആശുപത്രിയില്‍ നിന്നെത്തുന്ന അപരിചിതന്റെ വിശപ്പകറ്റുന്നു. ഒരു കുടുംബത്തിന്റെ ചെറിയ സംഭാവന മറ്റൊരു കുടുംബത്തിന്റെ പ്രയാസം ലഘൂകരിക്കുന്നു.ദൈനംദിന ഭക്ഷണത്തിനായി ഏകദേശം 30 കിലോഗ്രാം അരി ഉപയോഗിക്കുന്നു. സാമ്പാര്‍, തോരന്‍, അച്ചാര്‍, പപ്പടം എന്നിവയാണ് പതിവ് വിഭവങ്ങള്‍. ചില ദിവസങ്ങളില്‍ മത്സ്യ-മാംസ ഭക്ഷണവും നല്‍കുന്നുണ്ട്. ഭക്ഷണം തയ്യാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ കണ്ടെത്തുന്നതിലും കൃഷിയിലൂടെ ചില ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും പൊതുജനപങ്കാളിത്തം നിര്‍ണായകമാണ്.പ്രകൃതിയില്‍നിന്നു ലഭിക്കുന്ന വിഭവങ്ങളെ പങ്കുവയ്ക്കലിന്റെ സംസ്കാരവുമായി ബന്ധിപ്പിക്കുന്ന ഈ രീതി, സമൂഹത്തിലെ മറ്റിടങ്ങള്ക്കും മാതൃകയാക്കാവുന്നതാണ്. എല്ലാ വിഭവങ്ങളും പണം കൊടുത്തു വാങ്ങേണ്ടിവരുന്ന സാഹചര്യത്തില്‍, കഴിയുന്നിടത്ത് സ്വന്തം കൃഷിയിലൂടെ ആവശ്യങ്ങളുടെ ഒരു പങ്ക് നിറവേറ്റുന്നത് ചെലവു കുറയ്ക്കുന്നതിനും സന്നദ്ധപ്രവര്‍ത്തനത്തിന്റെ തുടര്‍ച്ച ഉറപ്പാക്കുന്നതിനും സഹായകമാകും.സംഭാവനയ്ക്ക് നിര്‍ബന്ധമില്ല; പങ്കിടലിന് മനസ്സുണ്ടാകണം’സ്നേഹത്തിന്റെ മേശ’യുടെ മറ്റൊരു ഹൃദയസ്പര്‍ശിയായ പ്രത്യേകത ഭക്ഷണം കഴിക്കുന്നവരില്‍നിന്ന് നിര്‍ബന്ധിതമായി പണം ഈടാക്കുന്നില്ല എന്നതാണ്. ഭക്ഷണം കഴിച്ചശേഷം മനസ്സുണ്ടെങ്കില്‍ എന്തെങ്കിലും സംഭാവന നല്‍കുന്നതിനായി ഒരു പെട്ടി ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഭക്ഷണം കഴിക്കുന്ന ഓരോരുത്തരുടെയും സാമ്പത്തികസ്ഥിതി ഒരുപോലെയല്ല. അതുകൊണ്ടുതന്നെ സംഭാവന നല്കാന് കഴിയുന്നവര്‍ക്കും കഴിയാത്തവര്‍ക്കും ഒരുപോലെ വാതില്‍ തുറന്നിടുന്ന രീതിയാണിത്. ഭക്ഷണം കഴിക്കാന്‍ വരുന്നയാളുടെ കൈയില്‍ പണമുണ്ടോ എന്നതല്ല, അയാള്‍ക്ക് വിശക്കുന്നുണ്ടോ എന്നതാണ് ഇവിടെ പ്രസക്തം.സംഭാവനപ്പെട്ടിയില്‍ വീഴുന്ന ഓരോ ചില്ലിക്കാശും ഈ കൂട്ടായ്മയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകും. എന്നാല്‍ അതിന്റെ മൂല്യം പണത്തിന്റെ അളവില്‍ മാത്രം അളക്കാനാവില്ല. വിശക്കുന്നവനെ സഹായിക്കാനുള്ള മനസ്സിന്റെ അടയാളമാണ് ഓരോ സംഭാവനയും.വിവാഹവാര്‍ഷികം, ജന്മദിനം, ചരമവാര്‍ഷികം തുടങ്ങിയ അവസരങ്ങളില്‍ ഭക്ഷണത്തിന്റെ ചെലവ് ഏറ്റെടുക്കുന്നവരുമുണ്ട്. വ്യക്തിപരമായ സന്തോഷത്തെയും പ്രിയപ്പെട്ടവരുടെ ഓര്‍മകളെയും പൊതുനന്മയുമായി ബന്ധിപ്പിക്കുന്ന മനോഹരമായ രീതിയാണിത്. ജന്മദിനാഘോഷം സ്വന്തം സന്തോഷത്തില്‍ ഒതുങ്ങാതെ മറ്റൊരാളുടെ വിശപ്പകറ്റാനുള്ള അവസരമായി മാറുന്നു. വിവാഹജീവിതത്തിന്റെ വാര്‍ഷികം ഒരുമിച്ചുള്ള ജീവിതത്തിന്റെ നന്ദി പങ്കിടുന്ന വേളയാകുന്നു. പ്രിയപ്പെട്ട ഒരാളുടെ ചരമവാര്‍ഷികം അവരുടെ ഓര്‍മയെ മറ്റുള്ളവര്‍ക്കു നന്മ ചെയ്യുന്ന പ്രവൃത്തിയിലൂടെ ആദരിക്കാനുള്ള അവസരവുമാകുന്നു.ഇത്തരം സംഭാവനകള്‍ക്ക് സാമ്പത്തികമായ അര്ത്ഥമുണ്ടെന്നതുപോലെ സാമൂഹികമായ അര്‍ത്ഥവുമുണ്ട്. കാരുണ്യപ്രവര്‍ത്തനം ഏതെങ്കിലും ഒരു സ്ഥാപനത്തിന്റെയോ ഏതാനും വ്യക്തികളുടെയോ മാത്രം ഉത്തരവാദിത്വമല്ലെന്നും ജീവിതത്തിലെ വിവിധ സന്ദര്‍ഭങ്ങളെ പൊതുനന്മയ്ക്കായി ഉപയോഗിക്കാമെന്നും അവ സമൂഹത്തെ ഓര്‍മിപ്പിക്കുന്നു.ക്രമീകരണത്തിനുപിന്നില് കൂട്ടായ്മയുടെ കരങ്ങള്ഒരു കാരുണ്യസംരംഭം തുടര്‍ച്ചയായി പ്രവര്‍ത്തിക്കണമെങ്കില്‍ നല്ല മനസ്സിനൊപ്പം ചിട്ടയായ നടത്തിപ്പും ആവശ്യമാണ്. ഭക്ഷണം തയ്യാറാക്കുന്നതിനുള്ള സാധനങ്ങള്‍ കണ്ടെത്തുക, ചെലവുകള്‍ നിയന്ത്രിക്കുക, അടുക്കളയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുക, കൃഷിയും സംഭാവനകളും ക്രമീകരിക്കുക തുടങ്ങിയ ഉത്തരവാദിത്വങ്ങള്‍ കൃത്യമായി നിര്‍വഹിക്കപ്പെടണം. ലിനോ അച്ചന്റെ നേതൃത്വത്തില്‍, ടേബിള്‍ ഓഫ് ലവില്‍ ധനകാര്യകാര്യങ്ങള്ക്കായി വിക്ടോറിയ ടീച്ചറും സുജനയും ഉള്‍പ്പെട്ട സംഘമുണ്ട്. കൃഷിക്കമ്മിറ്റി, അടുക്കളയുടെ മേല്‍നോട്ടം, പാചകസംവിധാനം തുടങ്ങിയ മേഖലകളില്‍ വ്യത്യസ്ത വ്യക്തികള്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു.അതുകൊണ്ടുതന്നെ ഈ കൂട്ടായ്മയുടെ വിജയത്തെ ഏതെങ്കിലും ഒരാളുടെ മാത്രം നേട്ടമായി കാണാനാവില്ല. നേതൃത്വം നല്‍കുന്നവരും വിഭവങ്ങള്‍ സംഭാവന ചെയ്യുന്നവരും പാചകം ചെയ്യുന്നവരും ഭക്ഷണം വിളമ്പുന്നവരും സാമ്പത്തികമായി സഹായിക്കുന്നവരും ഒരേ ലക്ഷ്യത്തിലേക്കു നീങ്ങുമ്പോഴാണ് സേവനം ഫലപ്രദമാകുന്നത്. കാരുണ്യത്തിന് ഹൃദയത്തിന്റെ ആര്‍ദ്രത വേണം; എന്നാല്‍ അതു നിലനില്ക്കാന് സംഘടനാപാടവവും ഉത്തരവാദിത്വബോധവും ആവശ്യമാണ്. നല്ല ഉദ്ദേശ്യത്തോടെ ആരംഭിക്കുന്ന പല സംരംഭങ്ങളും തുടര്‍ച്ചയില്ലാത്തതുകൊണ്ട് വഴിയില്‍ നിലച്ചുപോകാറുണ്ട്. സ്നേഹത്തിന്റെ മേശയുടെ മുന്നോട്ടുള്ള യാത്രയില്‍ സന്നദ്ധപ്രവര്‍ത്തകരുടെ പങ്കാളിത്തം, നാട്ടുകാരുടെ സഹകരണം, വിഭവങ്ങളുടെ ക്രമമായ വിനിയോഗം എന്നിവയ്ക്ക് വലിയ പ്രാധാന്യമുണ്ട്.അപ്പം പങ്കിടുമ്പോള്‍ പടുത്തുയരുന്നത് മനുഷ്യബന്ധങ്ങള്ഇന്നത്തെ സമൂഹത്തില്‍ ഭക്ഷണം ഒരേസമയം സമൃദ്ധിയുടെയും അസമത്വത്തിന്റെയും പ്രതീകമാണ്. ഒരു വശത്ത് ഭക്ഷണം പാഴാക്കപ്പെടുമ്പോള്‍ മറുവശത്ത് ഒരുനേരത്തെ ഭക്ഷണംപോലും ഉറപ്പില്ലാത്ത മനുഷ്യരുണ്ട്. വലിയ ആഘോഷങ്ങള്‍ക്കുശേഷം മിച്ചംവരുന്ന ഭക്ഷണവും ദാരിദ്ര്യംകൊണ്ട് ഭക്ഷണം കുറയ്ക്കേണ്ടിവരുന്ന കുടുംബങ്ങളും ഒരേ സമൂഹത്തില്‍ നിലനില്ക്കുന്നു. കേരളത്തില്‍ പോലും പട്ടിണി മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.ഈ വൈരുധ്യം ഭക്ഷണത്തിന്റെ ലഭ്യതയെക്കുറിച്ചുള്ള ചോദ്യത്തിനപ്പുറം വിഭവങ്ങളുടെ നീതിപൂര്‍വമായ പങ്കിടലിനെക്കുറിച്ചുള്ള ചോദ്യവും ഉയര്‍ത്തുന്നു. വിശപ്പിന്റെ പ്രശ്നം പരിഹരിക്കാന്‍ ദീര്‍ഘകാല സാമൂഹികവും സാമ്പത്തികവുമായ ഇടപെടലുകള്‍ ആവശ്യമാണ്. എന്നാല്‍ അതിനായി കാത്തുനില്ക്കുമ്പോള് ഇന്നത്തെ വിശക്കുന്ന മനുഷ്യനെ മറന്നുപോകരുത്.’സ്നേഹത്തിന്റെ മേശ’ പോലുള്ള സംരംഭങ്ങള്‍ ഈ അടിയന്തരമായ മനുഷ്യാവശ്യത്തിന് പ്രായോഗികമായ മറുപടി നല്കുന്നു. അവ ദാരിദ്ര്യത്തിന്റെ എല്ലാ കാരണങ്ങളും പരിഹരിക്കുന്നില്ലായിരിക്കാം. എന്നാല്‍ വിശക്കുന്ന ഒരാള്‍ക്ക് ഇന്ന് ഭക്ഷണം ലഭിക്കുന്നു എന്നത് ചെറുതായൊരു നേട്ടമല്ല. വലിയ മാറ്റങ്ങള്‍ക്കായി കാത്തിരിക്കുമ്പോഴും ഒരാളുടെ വേദന ലഘൂകരിക്കാനുള്ള അവസരം കൈവിടാതിരിക്കുക എന്നതാണ് കാരുണ്യത്തിന്റെ ധാര്‍മികത.ഇവിടെ ഭക്ഷണം കഴിക്കുന്നവര്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍നിന്ന് എത്തുന്നവരാണ്. അവരുടെ ജീവിതകഥകള്‍ അറിയണമെന്നില്ല; പലരുടെയും പേരുകള്‍പോലും അറിയണമെന്നില്ല. എങ്കിലും അവര്‍ക്കായി ഭക്ഷണം ഒരുക്കുന്നവര്‍ അവരുടെ വിശപ്പിനെ തിരിച്ചറിയുന്നു. അപരിചിതരുടെ ആവശ്യങ്ങളെ സ്വന്തം ഉത്തരവാദിത്വമായി കാണുന്ന ഈ മനോഭാവമാണ് സമൂഹത്തെ കൂടുതല്‍ മാനുഷികമാക്കുന്നത്.’സ്നേഹത്തിന്റെ മേശ’യുടെ ഏറ്റവും വലിയ നേട്ടം, വിശപ്പിനെ ഒരു വ്യക്തിയുടെ മാത്രം പ്രശ്നമായി കാണാതെ സമൂഹം ഒരുമിച്ചു നേരിടേണ്ട ഉത്തരവാദിത്വമായി കാണാന്‍ പ്രേരിപ്പിക്കുന്നു എന്നതാണ്.ദൈവസ്നേഹം മനുഷ്യസ്നേഹമായി മാറുമ്പോള്ക്രൈസ്തവ വിശ്വാസത്തില്‍ അപ്പം ഒരു സാധാരണ ഭക്ഷണവസ്തു മാത്രമല്ല. പങ്കിടലിന്റെയും കൂട്ടായ്മയുടെയും ഓര്‍മയുടെയും പ്രതീകമാണത്. അന്ത്യഅത്താഴത്തില് യേശു അപ്പം എടുത്ത് മുറിച്ച് ശിഷ്യന്മാര്ക്കു നല്കിയതും, ജനക്കൂട്ടത്തിന്റെ വിശപ്പ് കണ്ടപ്പോള്‍ ഭക്ഷണം വര്‍ധിപ്പിച്ച് എല്ലാവര്ക്കും നല്കിയതും സുവിശേഷങ്ങളില്‍ സുപ്രധാന സ്ഥാനമുള്ള സംഭവങ്ങളാണ്.വിശുദ്ധ കുര്‍ബാനയില്‍ അപ്പത്തിന്റെ അടയാളത്തിലൂടെ ക്രിസ്തുവിന്റെ സാന്നിധ്യം ആഘോഷിക്കുന്ന സഭ, ജീവിതത്തിന്റെ പുറമ്പോക്കില്‍ വിശപ്പോടെ കഴിയുന്ന മനുഷ്യരെ മറന്നുപോകരുതെന്ന ശക്തമായ സന്ദേശവും നല്കുന്നു. ദേവാലയത്തിലെ ആരാധനയും പുറത്തുള്ള മനുഷ്യരുടെ വേദനയോടുള്ള പ്രതികരണവും തമ്മില്‍ ബന്ധമുണ്ടാകണം. വിശുദ്ധ യോഹന്നാന്റെ ഒന്നാം ലേഖനത്തില്‍ ചോദിക്കുന്നതുപോലെ, ലോകത്തിന്റെ സമ്പത്ത് കൈവശമുള്ള ഒരാള്‍ ആവശ്യത്തിലിരിക്കുന്ന സഹോദരനെ കണ്ടിട്ടും അവനോടുള്ള അനുകമ്പ അടച്ചുകളയുന്നുവെങ്കില് ദൈവസ്നേഹം അവനില്‍ എങ്ങനെ വസിക്കും? (1 യോഹന്നാന് 3:17). ലിജോ അച്ചന് കൂട്ടിച്ചേര്‍ക്കുന്നു, ‘ദേവാലയം എന്നാല്‍ പ്രാര്‍ഥനയ്ക്കുള്ള സ്ഥലം മാത്രമല്ല, പൊതുസമൂഹത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റാനുള്ള ഇടം കൂടിയാണ്’. കണ്ണൂര്‍ പരിയാരത്തെ സ്നേഹത്തിന്റെ മേശ, ഈ വലിയ സത്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ദൈവസ്നേഹം മനുഷ്യസ്നേഹമായി മാറുമ്പോള്‍ ദേവാലയത്തിന്റെ മതിലുകള്‍ക്കപ്പുറത്തേക്ക് കാരുണ്യം ഒഴുകുന്നു. പ്രാര്‍ഥന ജീവിതത്തിന്റെ ഭാഗമാകുന്നു. ഭക്ഷണം പാകം ചെയ്യുന്ന അടുക്കള ഒരു ശുശ്രൂഷാകേന്ദ്രമാകുന്നു. നാട്ടുകാരുടെ ചെറിയ സംഭാവനകള്‍ വലിയൊരു സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമാകുന്നു.സ്നേഹത്തിന്റെ മേശകള്‍ ഇനിയും ഉയരട്ടെടേബിള് ഓഫ് ലവ് എന്ന സംരംഭത്തിന്റെ ഭാവി കൂടുതല്‍ ശക്തമാകണമെങ്കില്‍, അതിന്റെ അടിസ്ഥാനമായ കൂട്ടായ്മയും തുടര്‍ച്ചയായ പൊതുജനപങ്കാളിത്തവും നിലനിര്‍ത്തേണ്ടതുണ്ട്. ആവശ്യമായ വിഭവങ്ങള്‍ കണ്ടെത്തുക, സന്നദ്ധപ്രവര്‍ത്തകരുടെ സേവനം ഏകോപിപ്പിക്കുക, ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുക, അര്‍ഹരായ കൂടുതല്‍ ആളുകളിലേക്ക് സഹായം എത്തിക്കാനുള്ള സാധ്യതകള്‍ പരിഗണിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഈ സംരംഭത്തിന്റെ ദീര്‍ഘകാല വളര്‍ച്ചയ്ക്ക് സഹായകമാകും.യേശു പറഞ്ഞ ”ഏറ്റവും എളിയവരില്‍ ഒരുവന്” ചെയ്യുന്ന നന്മയുടെ സുവിശേഷം ഇവിടെ ഒരു ഭക്ഷണപ്പാത്രത്തിലൂടെ ജീവിതത്തിലേക്കിറങ്ങുന്നു. ഓരോ ദിവസവും ഇവിടെ വിളമ്പുന്ന ഭക്ഷണം, വിശപ്പിനോടുള്ള ഒരു സമൂഹത്തിന്റെ മറുപടിയാണ്. ആ മറുപടിയില്‍ വിശ്വാസമുണ്ട്, അധ്വാനമുണ്ട്, പങ്കിടലുണ്ട്, പ്രത്യാശയുണ്ട്. ലോകത്തിന്റെ എല്ലാ വിശപ്പുകളും ഒരൊറ്റ മേശകൊണ്ട് തീര്‍ക്കാനാവില്ല. എന്നാല്‍ ഒരാള്‍ക്കെങ്കിലും വിശപ്പില്ലാതെ മടങ്ങാന്‍ കഴിയുന്ന ഒരു മേശ ഒരുക്കാനാകും. ആ ചെറിയ നന്മയില്‍നിന്നാണ് വലിയൊരു മാനുഷിക സമൂഹത്തിന്റെ സ്വപ്നം ആരംഭിക്കുന്നത്.സ്നേഹത്തിന്റെ മേശകള്‍ ഇനിയും ഉയരട്ടെ. വിശക്കുന്നവന് അന്നവും വേദനിക്കുന്നവന് ആശ്വാസവും ഏകാന്തത അനുഭവിക്കുന്നവന് മനുഷ്യസാന്നിധ്യവും ലഭിക്കുന്ന ഇടങ്ങളായി അവ മാറട്ടെ. കാരണം, പങ്കുവയ്ക്കപ്പെടുന്ന അപ്പം വയറു നിറയ്ക്കുക മാത്രമല്ല ചെയ്യുന്നത്; മനുഷ്യര്‍ക്കിടയില്‍ സ്നേഹത്തിന്റെ ബന്ധംകൂടി പടുത്തുയര്‍ത്തുന്നു.

