തിരുവനന്തപുരം: സംസ്ഥാനത്ത് 23 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം വിൽക്കുന്ന ബാറുകൾക്കും മറ്റു സ്ഥാപനങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എക്സൈസ് മന്ത്രി എം. ലിജു നിയമസഭയിൽ അറിയിച്ചു. പ്രായപരിധി സംബന്ധിച്ച നിയമവ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കേരള അബ്കാരി നിയമത്തിലെ 15ബി വകുപ്പ് പ്രകാരം 23 വയസ്സ് തികയാത്തവർക്ക് മദ്യം നൽകുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാൽ, നിയമം കർശനമായി നടപ്പാക്കാത്തത് അപകടകരമായ സാഹചര്യങ്ങൾക്കു വഴിയൊരുക്കുന്നതായി ചൂണ്ടിക്കാട്ടപ്പെടുന്നു. നിയമ ലംഘനങ്ങൾക്കെതിരെ 15എ, 15ബി, 56ബി തുടങ്ങിയ വകുപ്പുകൾ പ്രകാരം നടപടിയെടുക്കാൻ വ്യവസ്ഥയുണ്ട്.
നെടുമ്പാശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പത്തൊമ്പതുകാരൻ സുഹൈൽ സജീവിന് മദ്യം നൽകിയ മൂന്ന് ബാറുകൾക്കെതിരെ കേസെടുത്തിട്ടുണ്ട്. അബ്കാരി നിയമത്തിലെ 15ബി, 56ബി വകുപ്പുകൾ പ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്തതെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. മദ്യപിച്ച് വാഹനമോടിക്കുന്നത് സംസ്ഥാനത്തെ റോഡപകടങ്ങൾക്ക് പ്രധാന കാരണങ്ങളിലൊന്നാണെന്നും പ്രായപരിധി ലംഘിച്ച് മദ്യം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ പരിശോധനയും നടപടികളും കൂടുതൽ ശക്തമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

