ബിഎസ്
‘അങ്ങയില്‍ വിശ്രമിക്കുന്നതുവരെ ഞങ്ങളുടെ ഹൃദയം അശാന്തമാണ്.” ക്രൈസ്തവ ആത്മീയചരിത്രത്തിലെ ഏറ്റവും ആഴമുള്ള ആത്മസാക്ഷ്യങ്ങളിലൊന്നാണിത്. ദൈവത്തെ തേടിയുള്ള മനുഷ്യന്റെ നീണ്ട അലച്ചിലിന്റെ കഥയും ഒടുവില്‍ ദൈവത്തില്‍ കണ്ടെത്തുന്ന വിശ്രമത്തിന്റെ അനുഭവവും ഈ ഒറ്റ വാക്യത്തില്‍ ഒതുങ്ങുന്നു. ഹിപ്പോയിലെ വിശുദ്ധ അഗസ്റ്റിന് ജീവിതത്തെ മനസ്സിലാക്കാനും ഈ വാക്കുകളേക്കാള്‍ നല്ലൊരു താക്കോല്‍ വേറെയില്ല.ആഗസ്റ്റ് 28-ന് തിരുസഭ വിശുദ്ധ അഗസ്റ്റിന്റെ തിരുനാള്‍ ആചരിക്കുന്നു. ക്രൈസ്തവ സഭയുടെ ചരിത്രത്തിലെ മഹാനായ ദൈവശാസ്ത്രജ്ഞന്, ചിന്തകന്‍, എഴുത്തുകാരന്, മെത്രാന് എന്നിങ്ങനെ പല വിശേഷണങ്ങളും അദ്ദേഹത്തിന്റെ പേരിനൊപ്പം ചേര്‍ക്കപ്പെടുന്നു. എന്നാല്‍ ഇവയ്ക്കപ്പുറം അഗസ്റ്റിന് ഒരു സത്യാന്വേഷിയായിരുന്നു. സത്യത്തെ കണ്ടെത്താനുള്ള തീക്ഷ്ണമായ ആഗ്രഹം അദ്ദേഹത്തെ പല വഴികളിലൂടെ നടത്തി. ദാര്ശനികതയിലേക്കും വിവിധ മതചിന്തകളിലേക്കും അദ്ദേഹം തിരിഞ്ഞു. ജീവിതത്തിന്റെ ആനന്ദങ്ങളിലേക്കും അധികാരത്തിലേക്കും പ്രശസ്തിയിലേക്കും അദ്ദേഹം ആകര്‍ഷിക്കപ്പെട്ടു. എന്നാല്‍ ഒന്നും അദ്ദേഹത്തിന്റെ ഉള്ളിലെ അശാന്തിക്ക് ശാശ്വതമായ പരിഹാരമായില്ല. ഒടുവില്‍ ആ അന്വേഷണം ക്രിസ്തുവില്‍ എത്തിനിന്നു.അഗസ്റ്റിന്റെ ജീവിതം അതുകൊണ്ടുതന്നെ ഒരു വിശുദ്ധന്റെ ജീവചരിത്രം മാത്രമല്ല. തെറ്റിപ്പോയ മനുഷ്യന്റെ തിരിച്ചുവരവിന്റെ കഥയും, ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിയുടെ യാത്രയും, കൃപയുടെ ശക്തിയും, ഒരു അമ്മയുടെ കണ്ണീരോടെയുള്ള പ്രാര്‍ഥനയുടെ അദ്ഭുതവും കൂടിയാണ്.
തഗാസ്തെയിലെ ബാലന്‍സി.ഇ 354 നവംബര്‍ 13-ന് ഉത്തരാഫ്രിക്കയിലെ തഗാസ്തെയിലാണ് അഗസ്റ്റിന് ജനിച്ചത്. ഇന്നത്തെ അള്‍ജീരിയയിലെ സൂക്ക് അഹ്റാസ് പ്രദേശത്തായിരുന്നു പുരാതന തഗാസ്തെ. റോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന വടക്കേ ആഫ്രിക്ക അക്കാലത്ത് വിദ്യാഭ്യാസത്തിന്റെയും സംസ്കാരത്തിന്റെയും ക്രൈസ്തവ ചിന്തയുടെയും പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു. അഗസ്റ്റിന്റെ പിതാവ് പാട്രീഷ്യസ് ഒരു സാധാരണ പ്രാദേശിക ഉദ്യോഗസ്ഥനായിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക നില അത്ര നല്ലതായിരുന്നില്ല. മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ ക്രൈസ്തവ വിശ്വാസത്തില്‍ ഉറച്ചുനിന്നിരുന്ന വ്യക്തിയായിരുന്നില്ല പാട്രീഷ്യസ്.അമ്മയായ മോനിക്കയാകട്ടെ തീക്ഷ്ണമായ ക്രൈസ്തവ വിശ്വാസത്തിന്റെ ഉടമയായിരുന്നു. മകന്റെ ജീവിതത്തെക്കുറിച്ച് അവള്‍ക്കുണ്ടായിരുന്ന സ്വപ്നം ഒരു നല്ല വിദ്യാഭ്യാസം നേടുക എന്നതില്‍ ഒതുങ്ങിയിരുന്നില്ല. അവന് ദൈവത്തെ അറിയണമെന്നും വിശ്വാസത്തില്‍ വളരണമെന്നും അവള് ആഗ്രഹിച്ചു. അഗസ്റ്റിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആത്മീയ സ്വാധീനം ഒരുപക്ഷേ അമ്മയായ മോനിക്ക തന്നെയായിരുന്നു
കണ്ണീരില്‍ എഴുതപ്പെട്ട പ്രാര്‍ഥന
മോനിക്കയുടെ ജീവിതകഥ അഗസ്റ്റിന്റെ കഥയില്‍നിന്ന് വേര്‍തിരിക്കാനാവില്ല. മകന് ബുദ്ധിമാനായിരുന്നു. പഠനത്തില്‍ മികവ് പുലര്‍ത്തി. വാഗ്മിതയില്‍ കഴിവ് തെളിയിച്ചു. വലിയ ഭാവി അദ്ദേഹത്തെ കാത്തിരിക്കുന്നതായി എല്ലാവരും കരുതി. എന്നാല്‍ വിശ്വാസത്തിന്റെ കാര്യത്തില്‍ അദ്ദേഹം അകന്നുപോയി. യുവാവായ അഗസ്റ്റിന് ജീവിതത്തിന്റെ വിവിധ ആകര്‍ഷണങ്ങളില്‍ അകപ്പെട്ടു. സത്യത്തെ അന്വേഷിച്ചെങ്കിലും ക്രിസ്തുവിന്റെ സത്യത്തിലേക്ക് എത്താന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. അമ്മയ്ക്ക് അത് വലിയ വേദനയായിരുന്നു. എന്നാല്‍ മോനിക്ക മകനെ ഉപേക്ഷിച്ചില്ല. അവള് ഉപദേശിച്ചു. ചിലപ്പോള്‍ കരഞ്ഞു. പലപ്പോഴും പ്രാര്‍ഥിച്ചു. മകന്റെ പിന്നാലെ യാത്ര ചെയ്തു. അവന്റെ ആത്മാവിനുവേണ്ടി ദൈവത്തോട് അപേക്ഷിച്ചു. പാട്രീഷ്യസും ആദ്യകാലത്ത് ക്രൈസ്തവ വിശ്വാസത്തില്‍നിന്ന് അകന്നുനിന്നിരുന്നുവെങ്കിലും ജീവിതത്തിന്റെ അവസാനഘട്ടത്തില്‍ മാമോദീസ സ്വീകരിച്ചു. ഭര്‍ത്താവിന്റെ മാനസാന്തരം മോനിക്കയ്ക്ക് വലിയ ആശ്വാസമായി. എന്നാല്‍ മകന് അഗസ്റ്റിന് ഇപ്പോഴും ദൈവത്തില്‍നിന്ന് അകന്നുനില്‍ക്കുകയായിരുന്നു. അവന്റെ മാനസാന്തരത്തിനായുള്ള പ്രാര്‍ഥന പിന്നീട് വര്‍ഷങ്ങളോളം തുടര്‍ന്നു. അഗസ്റ്റിന്റെ ജീവിതത്തില്‍ മോനിക്കയുടെ പ്രാര്‍ത്ഥനയുടെ ഫലം എത്ര ആഴത്തില്‍ പതിഞ്ഞിരുന്നുവെന്ന് അദ്ദേഹത്തിന്റെ പ്രശസ്ത ഗ്രന്ഥമായ ‘കണ്‍ഫഷന്‍സ്’ വായിക്കുമ്പോള്‍ മനസ്സിലാക്കാം.
അറിവിന്റെ വഴികളിലൂടെ
അഗസ്റ്റിന് ചെറുപ്പം മുതല്‍ തന്നെ അസാധാരണമായ ബുദ്ധിശക്തിയുണ്ടായിരുന്നു. തഗാസ്തെയിലും മഡൗറയിലും പഠിച്ചശേഷം അദ്ദേഹം കാര്‍ത്തേജിലെത്തി. അവിടെ വാഗ്മിതയും അലങ്കാരശാസ്ത്രവും പഠിച്ചു. വാക്കുകള്‍ അദ്ദേഹത്തെ ആകര്‍ഷിച്ചു. മനോഹരമായി സംസാരിക്കാനുള്ള കഴിവ് അദ്ദേഹം നേടിയെടുത്തു. എന്നാല്‍ ക്രമേണ ഒരു പ്രശ്നം അദ്ദേഹത്തെ അലട്ടിത്തുടങ്ങി. വാക്കുകളുടെ സൗന്ദര്യം മാത്രം പോരാ; അതിനുള്ളില്‍ സത്യം വേണം. ഈ ബോധമാണ് അദ്ദേഹത്തെ പുതിയ ചിന്തകളിലേക്ക് നയിച്ചത്. പ്ലേറ്റോയുടെ തത്ത്വചിന്തയും നിയോപ്ലാറ്റോണിക് ചിന്തകളും അദ്ദേഹം പഠിച്ചു. കുറച്ചുകാലം മാനിക്കേയന്‍ മതചിന്തയിലും ആകൃഷ്ടനായി. ലോകത്തിലെ നന്മയും തിന്മയും സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് അവിടെ ഉത്തരം കണ്ടെത്താമെന്ന് അദ്ദേഹം കരുതി. എന്നാല്‍ ഓരോ വഴിയും ഒടുവില്‍ പുതിയ ചോദ്യങ്ങളിലേക്കാണ് അദ്ദേഹത്തെ നയിച്ചത്.അദ്ദേഹം തേടിയത് വെറും അറിവായിരുന്നില്ല. സത്യമായിരുന്നു.
അശാന്തമായ ഹൃദയം
അഗസ്റ്റിന്റെ യുവത്വത്തില്‍ വ്യക്തിജീവിതത്തിലും നിരവധി സങ്കീര്‍ണതകളുണ്ടായിരുന്നു. വിവാഹബന്ധത്തിന് പുറത്തുള്ള ഒരു ബന്ധത്തില്‍ അദ്ദേഹം വര്‍ഷങ്ങളോളം ജീവിച്ചു. ഈ ബന്ധത്തില്‍ നിന്ന് ഒരു മകന് ജനിച്ചു. അവന്റെ പേര് അദെയോദാത്തസ് എന്നായിരുന്നു. അഗസ്റ്റിന് തന്റെ ജീവിതത്തിലെ ഈ ഘട്ടങ്ങളെ പിന്നീട് മറച്ചുവയ്ക്കാമായിരുന്നു. എന്നാല്‍ അദ്ദേഹം അങ്ങനെ ചെയ്തില്ല. അദ്ദേഹത്തിന്റെ കണ്‍ഫഷന്‍സ് എന്ന കൃതിയുടെ പ്രത്യേകത അതാണ്.അവിടെ ഒരു വിശുദ്ധന് തന്റെ മഹത്വത്തെക്കുറിച്ചല്ല പറയുന്നത്. സ്വന്തം ദൗര്‍ബല്യങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. സ്വന്തം തെറ്റുകളെക്കുറിച്ചാണ് തുറന്നു പറയുന്നത്. താന്‍ എങ്ങനെ വഴിതെറ്റിയെന്ന് അദ്ദേഹം മറച്ചുവയ്ക്കുന്നില്ല. അതിനാലാണ് കണ്‍ഫഷന്‍സ് നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മനുഷ്യഹൃദയത്തെ സ്പര്‍ശിക്കുന്നത്.
മിലാനിലേക്കുള്ള യാത്ര
ജീവിതത്തിലെ അടുത്ത നിര്‍ണായക ഘട്ടം മിലാനിലായിരുന്നു. അവിടെ അദ്ദേഹം മിലാന് മെത്രാനായിരുന്ന വിശുദ്ധ അംബ്രോസിനെ കണ്ടുമുട്ടി. അംബ്രോസ് മഹാനായ പ്രാസംഗികനായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ അഗസ്റ്റിനെ ആദ്യം ആകര്‍ഷിച്ചത് വാഗ്മിതയുടെ പേരിലായിരുന്നു. പക്ഷേ അംബ്രോസിന്റെ പ്രസംഗങ്ങളിലൂടെ അഗസ്റ്റിന് ക്രൈസ്തവ വിശ്വാസത്തെ പുതിയ കണ്ണുകളിലൂടെ കാണാന്‍ തുടങ്ങി. തിരുവെഴുത്തുകള്‍ താന്‍ കരുതിയതുപോലെ ലളിതമോ അര്‍ത്ഥശൂന്യമോ അല്ലെന്ന് അദ്ദേഹം മനസ്സിലാക്കി. അതിന് ആഴമുണ്ട്. അതിന്റെ ഉള്ളില്‍ മനുഷ്യജീവിതത്തെയും ദൈവത്തെയും സംബന്ധിച്ച വലിയ സത്യങ്ങളുണ്ട്. മോനിക്കയും ഈ കാലത്ത് മിലാനിലുണ്ടായിരുന്നു. മകന്റെ മാനസാന്തരത്തിനായി അവള് പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.അഗസ്റ്റിന്റെ മനസ്സില്‍ ഇപ്പോള്‍ വലിയൊരു സംഘര്‍ഷം ആരംഭിച്ചു. ക്രിസ്തുവിന്റെ സത്യത്തിലേക്ക് അദ്ദേഹം ആകര്‍ഷിക്കപ്പെട്ടു. എന്നാല്‍ പഴയ ജീവിതം ഉപേക്ഷിക്കാന്‍ അദ്ദേഹത്തിന് മടിയായിരുന്നു. അറിവുകൊണ്ട് സത്യം തിരിച്ചറിയുന്നത് ഒന്നാണ്. അതനുസരിച്ച് ജീവിതം മാറ്റുന്നത് മറ്റൊന്നാണ്. ഈ പോരാട്ടത്തെ അഗസ്റ്റിന് പിന്നീട് അതീവ സത്യസന്ധമായി വിവരിച്ചു.”എന്നെ വിശുദ്ധനാക്കണമേ, പക്ഷേ ഇപ്പോഴല്ല” എന്ന നിലപാടിലാണ് തന്റെ ഹൃദയം ഉണ്ടായിരുന്നതെന്ന് അദ്ദേഹം ആത്മപരിശോധനയില്‍ സമ്മതിക്കുന്നു. അദ്ദേഹത്തിന് സത്യം വേണം. എന്നാല്‍ സത്യത്തിന്റെ വില നല്കാന് അദ്ദേഹം തയ്യാറായിരുന്നില്ല. ഇതാണ് മനുഷ്യഹൃദയത്തിന്റെ ഏറ്റവും വലിയ വിരോധാഭാസങ്ങളിലൊന്ന്.സി.ഇ. 386-ല്‍ അഗസ്റ്റിന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ച ഒരു സംഭവം ഉണ്ടായി. ആത്മസംഘര്‍ഷത്തിന്റെ മൂര്‍ധന്യത്തില്‍ അദ്ദേഹം ഒരു തോട്ടത്തില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ സമീപത്തുനിന്ന് ഒരു കുട്ടിയുടെ ശബ്ദം കേട്ടതായി അദ്ദേഹം രേഖപ്പെടുത്തുന്നു: ”എടുത്ത് വായിക്കുക; എടുത്ത് വായിക്കുക.” അത് ദൈവത്തിന്റെ വിളിയായി അദ്ദേഹം സ്വീകരിച്ചു.അദ്ദേഹം തിരുവെഴുത്ത് തുറന്നു വായിച്ചു. വിശുദ്ധ പൗലോസിന്റെ റോമാക്കാര്‍ക്കുള്ള ലേഖനത്തിലെ വചനങ്ങളാണ് കണ്ണില്‍പ്പെട്ടത്. ആ വചനങ്ങള്‍ അദ്ദേഹത്തിന്റെ ഹൃദയത്തെ തുളച്ചു. ഇനി വൈകേണ്ടതില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.വര്‍ഷങ്ങളായി അന്വേഷിച്ച സത്യം മുന്നില്‍ നില്‍ക്കുകയായിരുന്നു. ക്രിസ്തുവിനെ സ്വീകരിക്കുക. അത് അഗസ്റ്റിന്റെ ജീവിതത്തിലെ നിര്‍ണായക നിമിഷമായി.
മാമോദീസ
സി.ഇ. 387-ലെ ഈസ്റ്റര്‍ രാത്രിയില്‍ മിലാനില്‍ വിശുദ്ധ അംബ്രോസില്നിന്ന് അഗസ്റ്റിന് മാമോദീസ സ്വീകരിച്ചു. മകന് അദെയോദാത്തസും സുഹൃത്തായ അലിപിയസും അദ്ദേഹത്തോടൊപ്പം മാമോദീസ സ്വീകരിച്ചു. മകന്റെ മാനസാന്തരത്തിനായി വര്‍ഷങ്ങളോളം പ്രാര്‍ഥിച്ചിരുന്ന മോനിക്കയ്ക്ക് ഇത് എത്ര വലിയ സന്തോഷമായിരുന്നിരിക്കണം! അവളുടെ കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ഥനയ്ക്ക് ഉത്തരം ലഭിച്ചു. അധികം വൈകാതെ മോനിക്ക മരിച്ചു. റോമിലേക്കുള്ള മടക്കയാത്രയ്ക്കിടെ ഓസ്റ്റിയയില്‍ വച്ചായിരുന്നു മരണം. അമ്മയുടെ മരണം അഗസ്റ്റിന്റെ ജീവിതത്തില്‍ വലിയ ശൂന്യത സൃഷ്ടിച്ചു. എന്നാല്‍ അവളുടെ വിശ്വാസവും പ്രാര്‍ഥനയും അദ്ദേഹത്തിന്റെ ഉള്ളില്‍ എന്നും ജീവിച്ചു.മാമോദീസയ്ക്കുശേഷം അഗസ്റ്റിന് ഉത്തരാഫ്രിക്കയിലേക്ക് മടങ്ങി. അവിടെ അദ്ദേഹം സന്ന്യാസസമാനമായ ജീവിതവും പ്രാര്‍ഥനയും പഠനവും ആരംഭിച്ചു. സിഇ. 391-ല്‍ ഹിപ്പോയില്‍ പുരോഹിതനായി അഭിഷിക്തനായി. അദ്ദേഹം സ്വയം ആഗ്രഹിച്ച പദവിയല്ലായിരുന്നു അത്. എങ്കിലും സഭയുടെ ആവശ്യത്തിനായി അദ്ദേഹം തന്റെ കഴിവുകള്‍ സമര്‍പ്പിച്ചു. പിന്നീട് ഹിപ്പോയുടെ മെത്രാനായി. അവിടെ അഗസ്റ്റിന്റെ ജീവിതം പുതിയൊരു രൂപം നേടി. ഇനി അദ്ദേഹം ഒരു ചിന്തകനോ എഴുത്തുകാരനോ മാത്രമല്ല. അദ്ദേഹം ജനങ്ങളുടെ ഇടയനായിരുന്നു. ദരിദ്രരും രോഗികളും വിധവകളും അനാഥരും തര്ക്കങ്ങളിലായിരുന്നവരും വിശ്വാസത്തില്‍ ബലഹീനരുമായ ആളുകള്‍ അദ്ദേഹത്തിന്റെ അടുത്തെത്തി. പ്രസംഗിച്ചു. എഴുതി. ഉപദേശിച്ചു. തര്‍ക്കിച്ചു. പ്രാര്‍ഥിച്ചു. സഭയുടെ പ്രശ്നങ്ങളെ നേരിടുന്നതിനിടയിലും അദ്ദേഹം എഴുത്ത് തുടര്‍ന്നു.
ഡൊണാറ്റിസ്റ്റ് വിവാദം
അഗസ്റ്റിന്റെ കാലത്ത് സഭ നേരിട്ട പ്രധാന പ്രശ്നങ്ങളിലൊന്നായിരുന്നു ഡൊണാറ്റിസ്റ്റ് വിവാദം. റോമന്‍ സാമ്രാജ്യത്തിലെ ക്രൈസ്തവ പീഡനകാലത്ത് ചില ക്രൈസ്തവര്‍ വിശ്വാസത്തില്‍നിന്ന് പിന്മാറുകയും അധികാരികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുകയും ചെയ്തിരുന്നു. പിന്നീട് പീഡനം അവസാനിച്ചപ്പോള്‍ അവര്‍ സഭയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിച്ചു. അവരെ എങ്ങനെ സ്വീകരിക്കണം എന്നതിനെച്ചൊല്ലി വലിയ തര്‍ക്കമുണ്ടായി. ഡൊണാറ്റിസ്റ്റുകള്‍ കൂദാശയുടെ സാധുത പുരോഹിതന്റെ വ്യക്തിപരമായ വിശുദ്ധിയുമായി ബന്ധപ്പെടുത്തി. അഗസ്റ്റിന് ഇതിനെ എതിര്‍ത്തു. കൂദാശയുടെ ശക്തി പുരോഹിതന്റെ വ്യക്തിപരമായ വിശുദ്ധിയില്നിന്നല്ല, ദൈവത്തിന്റെ കൃപയില്‍നിന്നാണ് വരുന്നതെന്ന് അദ്ദേഹം പഠിപ്പിച്ചു. സഭയിലെ മനുഷ്യരുടെ ദൗര്‍ബല്യങ്ങള്‍ ദൈവത്തിന്റെ കൃപയുടെ ശക്തിയെ ഇല്ലാതാക്കുന്നില്ല.
പെലാജിയന്‍ വിവാദം
അഗസ്റ്റിന്റെ ദൈവശാസ്ത്രചിന്തയെ ആഴത്തില്‍ രൂപപ്പെടുത്തിയ മറ്റൊരു വിവാദമായിരുന്നു പെലാജിയനിസം. ബ്രിട്ടീഷ് സന്ന്യാസിയായ പെലാജിയസ് മനുഷ്യന്റെ സ്വാതന്ത്ര്യശക്തിക്ക് വലിയ പ്രാധാന്യം നല്കി. മനുഷ്യന് ദൈവത്തിന്റെ നിയമം പാലിക്കാന്‍ കഴിയുമെന്നും പാപരഹിതമായ ജീവിതം മനുഷ്യന്റെ കഴിവിനുള്ളിലാണെന്നും അദ്ദേഹം വാദിച്ചു. അഗസ്റ്റിന് മനുഷ്യന്റെ അവസ്ഥയെ വ്യത്യസ്തമായി കണ്ടു. മനുഷ്യന് സ്വാതന്ത്ര്യമുള്ളവനാണ്. എന്നാല്‍ പാപം മനുഷ്യസ്വഭാവത്തെ മുറിവേല്‍പ്പിച്ചിരിക്കുന്നു. ദൈവകൃപയില്ലാതെ മനുഷ്യന് സ്വയം രക്ഷയിലേക്കുയരാനാവില്ല. അഗസ്റ്റിന്റെ ചിന്തയുടെ ഹൃദയത്തില്‍ അതുകൊണ്ട് ഒരു വാക്കുണ്ട്: കൃപ. മനുഷ്യന്റെ രക്ഷ മനുഷ്യന്റെ നേട്ടമല്ല; ദൈവത്തിന്റെ ദാനമാണ്.കണ്‍ഫഷന്‍സ് – ദൈവത്തോടുള്ള സംഭാഷണംനിരവധി ഗ്രന്ഥങ്ങള്‍ രചിച്ച അഗസ്റ്റിന്റെ ഏറ്റവും പ്രശസ്തമായ കൃതി കണ്‍ഫഷന്‍സ് ആണ്. ആത്മകഥയെന്നു വിളിക്കാമെങ്കിലും അതിനേക്കാള്‍ ആഴമുള്ള ആത്മീയഗ്രന്ഥമാണത്. തന്റെ ബാല്യത്തില്‍നിന്ന് മാനസാന്തരത്തിലേക്കുള്ള യാത്ര അഗസ്റ്റിന് അതില്‍ വിവരിക്കുന്നു. എന്നാല്‍ അദ്ദേഹം വായനക്കാരോട് മാത്രം സംസാരിക്കുന്നില്ല. ദൈവത്തോടാണ് സംസാരിക്കുന്നത്. സ്വന്തം പാപങ്ങള്‍ ഏറ്റുപറയുന്നു. സ്വന്തം ബലഹീനതകള്‍ തുറന്നുപറയുന്നു. തന്റെ ജീവിതത്തില്‍ ദൈവം എങ്ങനെ പ്രവര്‍ത്തിച്ചുവെന്ന് അന്വേഷിക്കുന്നു. അതുകൊണ്ടുതന്നെ കണ്‍ഫഷന്‍സ് ക്രൈസ്തവ സാഹിത്യത്തിലെ അമൂല്യകൃതിയായി മാറി. ഇന്നും ഒരാള്‍ തന്റെ ജീവിതത്തെക്കുറിച്ച് സത്യസന്ധമായി ചിന്തിക്കുമ്പോള്‍ അഗസ്റ്റിന്റെ വാക്കുകളില്‍ സ്വന്തം ഹൃദയത്തിന്റെ പ്രതിബിംബം കാണുന്നു.
ദൈവത്തിന്റെ നഗരം
സി.ഇ 410-ല്‍ വിസിഗോത്തുകള്‍ റോം ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. നൂറ്റാണ്ടുകളായി ശക്തിയുടെ പ്രതീകമായി നിലകൊണ്ടിരുന്ന റോമിന്റെ മഹത്വത്തിന് വലിയ ആഘാതമായിരുന്നു അത്. ”റോം വീണത് ക്രിസ്ത്യാനികള്‍ കാരണമാണോ?” എന്ന ചോദ്യം ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് അഗസ്റ്റിന് ദി സിറ്റി ഓഫ് ഗോഡ് എന്ന മഹത്തായ കൃതി രചിച്ചത്.ഭൗമിക സാമ്രാജ്യങ്ങള്‍ ശാശ്വതമല്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അധികാരവും സമ്പത്തും പ്രശസ്തിയും മനുഷ്യസാമ്രാജ്യങ്ങളും എല്ലാം കടന്നുപോകും. എന്നാല്‍ ദൈവത്തിന്റെ രാജ്യം ശാശ്വതമാണ്. അഗസ്റ്റിന്റെ ചരിത്രദര്‍ശനം ഇവിടെ രൂപപ്പെടുന്നു. മനുഷ്യചരിത്രം വെറും രാജാക്കന്മാരുടെയും യുദ്ധങ്ങളുടെയും സാമ്രാജ്യങ്ങളുടെയും ചരിത്രമല്ല. ദൈവത്തിലേക്കുള്ള മനുഷ്യന്റെ യാത്ര കൂടിയാണ്.യുവാവായിരിക്കുമ്പോള്‍ അഗസ്റ്റിന് അന്വേഷിച്ചത് സന്തോഷമായിരുന്നു. അറിവും പ്രശസ്തിയും സ്നേഹവും ഇന്ദ്രിയാനുഭവങ്ങളും അദ്ദേഹത്തെ ആകര്‍ഷിച്ചു. പക്ഷേ എല്ലാം താല്ക്കാലികമായിരുന്നു. ഒടുവില്‍ അദ്ദേഹം തിരിച്ചറിഞ്ഞു:മനുഷ്യഹൃദയത്തിന് ലോകം മുഴുവന്‍ ലഭിച്ചാലും ദൈവത്തെ നഷ്ടപ്പെട്ടാല്‍ അതിന്റെ ദാഹം തീരില്ല.
അവസാനകാലം

