പാരിസ്: മനുഷ്യാന്തസ്സിനും സമാധാനത്തിനും മനുഷ്യാവകാശങ്ങൾക്കും മുൻഗണന നൽകിക്കൊണ്ടുള്ള അന്താരാഷ്ട്ര സഹകരണമാണ് ഇന്നത്തെ ലോകത്തിന് ആവശ്യമെന്ന് ലെയോ പതിനാലാമൻ പാപ്പ. ഫ്രാൻസ് സന്ദർശനത്തിന്റെ ഭാഗമായി യുനെസ്കോ ആസ്ഥാനം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.മനുഷ്യരാശി സ്വന്തം ചരിത്രത്തെയും ഭാവിയെയും കുറിച്ച് ചിന്തിക്കുകയും സംവദിക്കുകയും ചെയ്യുന്ന വേദിയായി യുനെസ്കോ പ്രവർത്തിക്കണമെന്ന് പാപ്പ പറഞ്ഞു.
രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിലൂടെ നീതിയും മനുഷ്യാവകാശങ്ങളും അടിസ്ഥാന സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കുന്നതിൽ അന്താരാഷ്ട്ര സംഘടനകൾക്ക് നിർണായക പങ്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസരംഗത്ത് കത്തോലിക്കാ സഭ നൂറ്റാണ്ടുകളായി നൽകിവരുന്ന സേവനവും പാപ്പ അനുസ്മരിച്ചു. ദരിദ്രരും വിദൂരപ്രദേശങ്ങളിൽ കഴിയുന്നവരുമായ ജനങ്ങളിലേക്കും വിദ്യാഭ്യാസം എത്തിക്കുന്നതിനായി സഭ സ്കൂളുകളും സർവകലാശാലകളും സ്ഥാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നന്മയോടും സത്യത്തോടും ചേർന്നുനിൽക്കുമ്പോഴാണ് മനുഷ്യ സ്വാതന്ത്ര്യത്തിന്റെ യഥാർഥ മൂല്യം പ്രകടമാകുന്നതെന്ന് പാപ്പ വ്യക്തമാക്കി. അതേസമയം, അധികാരലോലുപതയും അക്രമവും സ്വാതന്ത്ര്യത്തെ വികൃതമാക്കുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
1952 മുതൽ യുനെസ്കോയിൽ പരിശുദ്ധ സിംഹാസനത്തിന് സാന്നിധ്യമുണ്ടെന്നും 2027-ൽ ഈ സാന്നിധ്യത്തിന് 75 വർഷം പൂർത്തിയാകുമെന്നും പാപ്പാ തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു.

