വത്തിക്കാൻ സിറ്റി: വർധിച്ചുവരുന്ന സാമൂഹിക വിഭജനങ്ങൾക്കും ഒറ്റപ്പെടലുകൾക്കുമിടയിൽ സഹാനുഭൂതിയെ മാനവികതയെ ഒന്നിപ്പിക്കുന്ന സാംസ്കാരിക ശക്തിയായി ഉയർത്തുകയെന്ന ലക്ഷ്യത്തോടെ രാജ്യാന്തര കലാപദ്ധതിയുമായി വത്തിക്കാൻ. മൂന്ന് ഭൂഖണ്ഡങ്ങളിലായി പ്രവർത്തിക്കുന്ന ഏഴ് പ്രമുഖ കത്തോലിക്കാ സർവകലാശാലകളെയും വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരെയും കലാപരിരക്ഷകരെയും ഒരുമിപ്പിച്ചാണ് വത്തിക്കാൻ സാംസ്കാരിക വിദ്യാഭ്യാസ ഡിക്കസ്റ്ററി ‘സഹാനുഭൂതിയുടെ പരിശീലനങ്ങൾ’ (Exercises in Empathy) എന്ന ത്രിവർഷ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
ഓഗസ്റ്റ് 27ന് ബ്രസീലിലെ റിയോ ഡി ജനീറോയിലുള്ള പൊന്തിഫിക്കൽ കത്തോലിക്കാ സർവകലാശാലയിലാണ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുക. കലയും വിദ്യാഭ്യാസവും സാമൂഹിക ഇടപെടലുകളും സംയോജിപ്പിച്ച് മനുഷ്യർക്കിടയിലെ പരസ്പര മനസ്സിലാക്കലും സഹാനുഭൂതിയും വളർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
2026-27 കാലയളവിൽ ചിലി, കൊളംബിയ, അമേരിക്കൻ ഐക്യനാടുകൾ, പോർച്ചുഗൽ, അംഗോള, ഇറ്റലി എന്നിവിടങ്ങളിലായി വിവിധ പരിപാടികൾ സംഘടിപ്പിക്കും. കലാകാരന്മാർ, വിദ്യാർഥികൾ, അധ്യാപകർ, ഗവേഷകർ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതിയുടെ വിവിധ ഘട്ടങ്ങൾ മുന്നോട്ടുപോകുക. ഇറ്റലിയിലെ വെനീസിലായിരിക്കും ത്രിവർഷ പദ്ധതിയുടെ സമാപനം.
ഇന്നത്തെ ലോകത്ത് വർധിച്ചുവരുന്ന വിഭജനങ്ങളും സാമൂഹികമായ ഒറ്റപ്പെടലുകളും കണക്കിലെടുക്കുമ്പോൾ ‘സഹാനുഭൂതി’ ഒരു സാംസ്കാരിക രക്ഷാമാർഗമായി മാറേണ്ടതുണ്ടെന്ന് സാംസ്കാരിക വിദ്യാഭ്യാസ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ ജോസ് ടോളെന്തീനോ ദേ മെന്തോത്സ വ്യക്തമാക്കി.

