മിലാൻ: കത്തോലിക്കാ സഭയുടെ സുവിശേഷവത്കരണ രംഗത്ത് കൃത്രിമബുദ്ധി (എ.ഐ.) സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ‘കോൺഫിഡോ’ ഹ്രസ്വചിത്രം യൂട്യൂബിൽ ശ്രദ്ധനേടുന്നു. വിശുദ്ധ വിൻസെന്റ് ഡി പോളിനെ മുഖ്യകഥാപാത്രമാക്കി പൂർണമായും എ.ഐ. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരുക്കുന്ന ആദ്യ ഹ്രസ്വചിത്രമാണിത്.
വിൻസെൻഷ്യൻ സമൂഹത്തിന്റെ ഡിജിറ്റൽ സുവിശേഷവത്കരണ സംരംഭമായ കൊറാസോൺ ഡി പോൾ ആണ് ചിത്രത്തിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. ഫാ. ഫെലിപ്പ് റോജാസ് സാവേദ്രയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.മനുഷ്യന്റെ സർഗാത്മകതയ്ക്ക് പകരക്കാരനാക്കുന്നതിനല്ല, മറിച്ച് വിശ്വാസവും സഭാചരിത്രവും ആധുനിക തലമുറയിലേക്ക് കൂടുതൽ ആകർഷകമായും എളുപ്പത്തിലും എത്തിക്കുന്നതിനുള്ള ഉപകരണമായാണ് എ.ഐ. സാങ്കേതികവിദ്യ ഉപയോഗിച്ചതെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി.
വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളും അദ്ദേഹം പ്രവർത്തിച്ചിരുന്ന സ്ഥലങ്ങളും എ.ഐ. സാങ്കേതികവിദ്യയുടെ സഹായത്തോടെ പുനഃസൃഷ്ടിച്ചിരിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി ജീവിതം സമർപ്പിച്ച വിശുദ്ധന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളും ആത്മീയ ദൗത്യവുമാണ് ചിത്രത്തിന്റെ പ്രമേയം.‘കോൺഫിഡോ’യുടെ ട്രെയിലറും ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. വിശ്വാസവും ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുള്ള ഈ സംരംഭം കത്തോലിക്കാ മാധ്യമ-സുവിശേഷവത്കരണ രംഗത്ത് പുതിയ സാധ്യതകൾ തുറക്കുമെന്നാണ് വിലയിരുത്തൽ.

