തിരുവനന്തപുരം : കേരള ഫുട്ബോളിന് അഭിമാനമായി തിരുവനന്തപുരം ജില്ലയിലെ പുല്ലുവിള സ്വദേശി ബിജോയ് വർഗീസ് ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പുല്ലുവിള സെന്റ് ജേക്കബ് ദേവാലയ ഇടവകാംഗമായ ബിജോയ് ദേശീയ ടീമിൽ ഇടംനേടിയത് പ്രദേശത്തിനും കേരളത്തിലെ ഫുട്ബോൾ ആരാധകർക്കും സന്തോഷവാർത്തയായി.
2000 മാർച്ച് 14-ന് വർഗീസ്–ബിയാട്രസ് ദമ്പതികളുടെ മകനായി ജനിച്ച ബിജോയ് പ്രതിരോധനിരയിൽ കളിക്കുന്ന മികച്ച ഡിഫൻഡറാണ്. കടപ്പുറത്തെ കലാസാഹർ സ്പോർട്സ് & ആർട്സ് ക്ലബ്ബിലൂടെയാണ് ഫുട്ബോളിലെ ആദ്യ ചുവടുവെപ്പ്. കേരള പ്രീമിയർ ലീഗിലെ ശ്രദ്ധേയ പ്രകടനമാണ് അദ്ദേഹത്തിന്റെ കരിയറിൽ നിർണായക വഴിത്തിരിവായത്.2021-ൽ കേരള ബ്ലാസ്റ്റേഴ്സിൽ ചേർന്ന ബിജോയ് ഡുറൻഡ് കപ്പിലൂടെയും ഇന്ത്യൻ സൂപ്പർ ലീഗിലൂടെയും പ്രൊഫഷണൽ ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് പഞ്ചാബ് എഫ്.സിയിലേക്ക് മാറിയ അദ്ദേഹം ക്ലബ്ബിനായി പുറത്തെടുത്ത സ്ഥിരതയാർന്ന പ്രകടനമാണ് ഇന്ത്യൻ ദേശീയ ടീമിലേക്കുള്ള തിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്.
അർപ്പണബോധവും കഠിനാധ്വാനവും കൊണ്ട് ദേശീയ ടീമിലേക്കുയർന്ന ബിജോയ് വർഗീസ്, തിരുവനന്തപുരം ജില്ലയ്ക്കും പുല്ലുവിള സെന്റ് ജേക്കബ് ദേവാലയ ഇടവകയ്ക്കും കേരള ഫുട്ബോളിനും അഭിമാനമായി മാറിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ദേശീയ ടീം അരങ്ങേറ്റത്തിനായി കായികലോകം പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

