തിരുവനന്തപുരം: സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പേര് ഔദ്യോഗികമായി ‘സ്നേഹാലയം’ എന്നാക്കി മാറ്റി സർക്കാർ. മനുഷ്യാവകാശ കമ്മീഷന്റെ നിർദേശത്തെ തുടർന്നാണ് സാമൂഹ്യനീതി വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളുടെയും നെയിം ബോർഡുകൾ, ഔദ്യോഗിക വെബ്സൈറ്റുകൾ, പ്രസിദ്ധീകരണങ്ങൾ, രേഖകൾ എന്നിവയിൽ പുതിയ പേര് രേഖപ്പെടുത്തണമെന്നും ‘വൃദ്ധസദനം’ എന്ന പേര് പൊതുപ്രയോഗത്തിൽ നിന്ന് ഒഴിവാക്കുന്നതിനാവശ്യമായ ബോധവൽക്കരണം നടത്തണമെന്നും മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു.
പേരുമാറ്റം എല്ലാ തലങ്ങളിലും നടപ്പാക്കുന്നതിനായി അടിയന്തര ഭരണനടപടികൾ സ്വീകരിക്കാൻ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്കും കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.’വൃദ്ധർ’ എന്ന പ്രയോഗം മുതിർന്ന പൗരന്മാരിൽ അപകർഷതാബോധം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, വർധിച്ചുവരുന്ന വയോജന ജനസംഖ്യയെ പരിഗണിച്ച് ‘വൃദ്ധസദനം’ എന്ന പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച പരാതിയിലാണ് നടപടി.
247/2024/SJD സർക്കാർ ഉത്തരവ് പ്രകാരം 2024 ഡിസംബർ 2-ന് തന്നെ വൃദ്ധസദനങ്ങളുടെ പേര് ‘സ്നേഹാലയം’ എന്നാക്കി മാറ്റിയതായി സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചിരുന്നു. എന്നാൽ പല സ്ഥലങ്ങളിലും ഇപ്പോഴും ‘വൃദ്ധസദനം’ എന്ന പേരാണ് ഉപയോഗിക്കുന്നതെന്ന് പ്രൊഫ. വർഗീസ് മാത്യു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് പേരുമാറ്റം കർശനമായി നടപ്പാക്കാൻ വീണ്ടും നിർദേശം നൽകിയത്.

