കൊച്ചി : വില്ലാർവെട്ടം രാജവംശത്തെക്കുറിച്ചുള്ള ചരിത്ര പഠനം ഒരുപാട് കാര്യങ്ങളിലേക്കുള്ള സത്യാന്വേഷണമാണെന്ന് സംസ്ഥാന ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. മൂടപ്പെട്ടുപോയ ചരിത്രങ്ങളെ കണ്ടെത്തി സമൂഹത്തിന് മുന്നിലെത്തിക്കുന്നത് സ്വയം തിരിച്ചറിയലിലേക്കുള്ള യാത്ര കൂടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചാവറ കൾച്ചറൽ സെന്ററിൽ സംഘടിപ്പിച്ച വില്ലാർവെട്ടം വെട്ടത്ത് രാജവംശത്തെക്കുറിച്ചുള്ള പ്രബന്ധാവതരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കുന്നതിൽ വീഴ്ച സംഭവിക്കുന്നതിനാലാണ് ഇന്ന് വിദ്യാർഥികൾ വിദ്യാഭ്യാസത്തിനായി സംസ്ഥാനത്തിന് പുറത്തേക്ക് പോകേണ്ടിവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ചടങ്ങിൽ ഡോ. ഈപ്പൻ വെട്ടത്ത് ഈപ്പൻ രചിച്ച “Crown of Vettath Kings of Cochin” എന്ന പുസ്തകത്തിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു.
ആലുവ യു.സി. കോളേജ് ചരിത്രവിഭാഗം പ്രൊഫസർ ട്വിൻസി വർഗീസ് ആദ്യപ്രതി ഏറ്റുവാങ്ങി.തുടർന്ന് “വില്ലാർവെട്ടം വെട്ടത്ത് രാജവംശത്തിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള സത്യങ്ങളും വസ്തുതകളും” എന്ന വിഷയത്തിൽ ഡോ. ഈപ്പൻ വെട്ടത്ത് ഈപ്പൻ പ്രബന്ധം അവതരിപ്പിച്ചു.കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ അധ്യക്ഷത വഹിച്ചു. കൊച്ചി രൂപത ചാൻസലറും എപ്പിസ്കോപ്പൽ വികാരിയുമായ ഫാ. ഡോ. ജോണി സേവർ പുതുക്കാട് മുഖ്യപ്രഭാഷണം നടത്തി. ടി. ജെ. വിനോദ് എം.എൽ.എ, മുൻ എം.പി. ചാൾസ് ഡയസ്, പി.സി. സിറിയക്, ക്യാപ്റ്റൻ വെട്ടത്ത് എന്നിവർ പ്രസംഗിച്ചു.

