ഡോ. ഗാസ്പര്‍ സന്യാസി
കുറച്ചുനാളുകള്‍ക്കു മുന്‍പ് നമ്മുടെ നാട്ടിലെ ഒരു കോളജില്‍ വിദ്യാര്‍ത്ഥിനീ -വിദ്യാര്‍ത്ഥി സംഘടനകളിലൊന്ന് സമരം ചെയ്യാന്‍ തീരുമാനിച്ചു. സമരത്തിന് കാരണമായ വസ്തുത എന്തായിരുന്നു എന്നതിന്റെ ഗൗരവത്തിനപ്പുറം രസകരമായ സംഗതി മറ്റൊന്നായിരുന്നു. ക്ലാസ്സെടുത്തുകൊണ്ടിരുന്ന അധ്യാപകന്റെ അടുത്തേയ്ക്ക് കടന്നുവന്നിട്ട് ഇവര്‍ പറയുന്നു: സര്, ഇന്ന് ക്ലാസ്സില്ല. സമരമാണ്.പ്രിന്‍സിപ്പല്‍ ഒപ്പിട്ടുതന്ന കടലാസ് ഞങ്ങളുടെ കൈയിലുണ്ട്. അതാണ് അതിലെ രസകരമായ സംഗതി. പ്രിന്‍സിപ്പലിന്റെ കൈയില്‍ നിന്ന് ഒപ്പും സീലും വാങ്ങി സമരം ചെയ്യാനെത്തിയിരിക്കുകയാണ് അവര്‍. നിലവിലെ ക്യാമ്പസ് സിസ്റ്റത്തോട് വിധേയപ്പെട്ട്, അതിന്റെ മേലാളും വിധിയാളുമായ പ്രിന്‍സിപ്പലിനോട് സമരസപ്പെട്ടുള്ള സമരരീതി കണ്ട് ചിരിക്കാതിരിക്കുന്നതെങ്ങനെ? സിസ്റ്റത്തോടുള്ള കലഹമാണ് സമരമെന്ന് അവരോട് പറയാനുള്ള രാഷ്ട്രീയബോധം ഭാഗ്യവശാല്‍ ആ അധ്യാപകനുണ്ടായിരുന്നു. സിസ്റ്റത്തോട് ചെറുത്തുനില്ക്കുകയും, അതിന്റെ വിധ്വംസകഭാവങ്ങള്ക്കെതിരെ നീതിയെ പ്രതിരോധിക്കാന്‍ ധൈര്യപ്പെടേണ്ടതുമായ യൗവനം, സിസ്റ്റത്തിന്റെ അനുവാദത്തോടെ, സിസ്റ്റത്തോട് കലഹിക്കാന്‍ വരുന്ന വിരോധാഭാസത്തെപ്പറ്റി മറ്റെന്തു പറയാന്‍!ഇത്രയും വിശദമായി പറഞ്ഞതിന്റെ കാരണം മറ്റൊന്നിലേയ്ക്ക് വിരല്‍ ചൂണ്ടാനാണ്.
സ്റ്റേറ്റിന്റെ അവധി പ്രഖ്യാപനം ആസ്വദിച്ച്, സ്റ്റേറ്റ് സ്പോണ്സര് ചെയ്ത ഉറക്കമിളവ് മുതലാക്കി വേള്‍ഡ് കപ്പ് കണ്ട് ആനന്ദനിര്‍വൃതിയടഞ്ഞ മലയാളി യൗവനത്തെപ്പറ്റി വലിയ തമാശ തോന്നുന്നതായി ചിലരെങ്കിലും പറഞ്ഞു കണ്ടു. അതില്‍ കാര്യമുണ്ടുതാനും. ഒരാള്‍ അന്താരാഷ്ട്രതലത്തിലെ ഒരു മത്സരം കണ്ടാസ്വദിക്കുന്നത്, അയാളുടെ രാഷ്ട്രീയാവബോധത്തിന്റെ തലംകൂടി അതില്‍ ഉള്പ്പെടുത്തിയായിരിക്കുമെന്നത് അതിശയോക്തിയല്ല. ഹിറ്റ്ലറുടെ ജര്‍മ്മനിയില്‍ ജൂതര്പന്തുതട്ടിയത് രാഷ്ട്രീയ പ്രതിരോധമായിക്കൂടിയായിരുന്നല്ലോ.
മലയാളി പന്തുകളി കാണുന്നത് രാഷ്ട്രീയ ചായ്വോടുകൂടിത്തന്നെയാകാം. അയാളുടെ രാഷ്ട്രീയ അവബോധത്തില്‍ നിന്ന് മത്സരം കണ്ട്, അയാള്‍ പിറ്റേന്ന് തന്റെ തൊഴിലിടത്തിലേയ്ക്ക് മടങ്ങുന്നത്, അതിനുവേണ്ടി അയാള്‍ വ്യയം ചെയ്തഊര്ജ്ജത്തിന്റെ ‘കരുത്തോടു’ കൂടിത്തന്നെയാകും. അതിനെ ‘ക്ഷീണ’മാക്കിമാറ്റുന്ന രാഷ്ട്രത്തിന്റെ ഇടപെടലിന്റെ രാഷ്ട്രീയം ഭൂരിപക്ഷത്തിന് മനസ്സിലാകാതെ പോകുന്നുണ്ട്. മത്സരം നടക്കുന്ന സ്ഥലങ്ങളില്‍പ്പോലും അവധിയില്ലല്ലോ! പിന്നെ നമുക്കെന്തിനാ ഇത്ര ധൃതിപിടിച്ചൊരു അവധി എന്ന ഫേസ്ബുക്ക് ചോദ്യത്തേക്കാള്‍ ആഴമുള്ള ചോദ്യമാണ് സ്റ്റേറ്റ് സ്പോണ്സര് ചെയ്യുന്ന സമയം ഉപയോഗിച്ച് കളി കാണുക എന്നതിന്റെ വിമര്‍ശനം; അതിന്റെ രാഷ്ട്രീയം.പന്തുകളി തീര്‍ന്നാലുടനെ സ്ഥലം വിട്ടോളണം എന്നു പറയുന്ന ആതിഥേയ ഭരണകൂട നിര്‍ബന്ധത്തിനെതിരെ പന്തുതട്ടിക്കൊണ്ടിരുന്ന ഒരു രാഷ്ട്രത്തിന് തീര്‍ച്ചയായും ലോകത്തിനുമുന്നില്‍ ചില രാഷ്ട്രീയ ചോദ്യങ്ങള്‍ ഉന്നയിക്കാനുണ്ടാകും.
കളി മൈതാനത്തിന്റെ നാല് അതിര്‍ത്തികളില്‍ മിന്നിത്തിളങ്ങിക്കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര കോര്‍പ്പറേറ്റ് ഭീമന്മാരുടെ സ്പോണ്സര് പരസ്യബോര്ഡുകള്ക്കു പുറത്ത്, കളിക്കാരുടെയും അന്താരാഷ്ട്രതലത്തിലെ മത്സരത്തിന്റെയും സൂക്ഷ്മരാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍, ഇതൊരു ഗെയിം മാത്രമല്ലേ എന്ന ചോദ്യം കൊണ്ട് അതിനെ മൂടാനുള്ള ശ്രമങ്ങള്‍ നടക്കും. കളി മൈതാനത്തെ ചുവപ്പ് കാര്‍ഡ് തിരിച്ചുവിളിക്കാന്‍ പന്തുകളി സംഘാടകരോട് പറയുന്ന അധമരാഷ്ട്രീയ ഇടപെടല്‍ തുടങ്ങി അഭിലഷണീയമല്ലാത്ത പല പ്രവണതകളും പന്തുകളി കാണുന്ന ഒരാള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. വംശീയ-വര്‍ഗ്ഗീയ വിദ്വേഷങ്ങള്ക്കപ്പുറമുള്ള കാല്‍പ്പന്തുകളിയുടെ രാഷ്ട്രീയം പിടികിട്ടാതെ വരുമ്പോള്‍,ഇതൊരു തമാശക്കളി മാത്രമല്ലേ എന്ന അരാഷ്ട്രീയ ചോദ്യമുണ്ടാകും.
ബാഴ്സലോണ ഫുട്ബോള്‍ ക്ലബ്ബിന്റെയും റയല്‍മാഡ്രിഡിന്റെയും ടീമുകളില്‍ കളിക്കുന്നവര്‍ ഒരേ ദേശത്തിന്റെ രണ്ട് വ്യത്യസ്ത വൈകാരിക പ്രതലങ്ങളില്‍ പന്തുരുട്ടാന്‍ കൂടിയാണ് അവര്‍ക്കുവേണ്ടി മൈതാനങ്ങളിലിറങ്ങിയിരുന്നത്. സ്പാനിഷ്-കാറ്റലന്‍ സാംസ്കാരികവേരുകളിലെ വ്യതിരിക്തതകള്‍ കൂടിയാണ് അവര്‍ പ്രതിനിധാനം ചെയ്തിരുന്നത്. കമ്പനികളുടെ ലാഭവിഹിതങ്ങള്ക്കപ്പുറമുള്ള ദേശസ്നേഹ ഭാവനകളുടെ ഈടുവയ്പുകള്ക്ക് മീതെയാണ് അവര്‍ പന്തുരുട്ടിയത്.ആതിഥേയ രാജ്യത്തിന്റെ രാഷ്ട്രീയത്തിനു വഴങ്ങാത്ത രാജ്യത്തെ മാറ്റി പകരം, മത്സരത്തിലേക്ക് യോഗ്യത നേടാത്ത മറ്റൊരു രാജ്യത്തെ വൈല്‍ഡ് എന്‍ട്രിയായി തിരുകിക്കയറ്റാന്‍ നടത്തിയ ശ്രമത്തെ, ആ രാജ്യം തന്നെ ശരിയായ നിലപാടോടെനിരസിച്ചതും സംഘാടക സമിതി ആ നിലപാടിനെ പിന്താങ്ങിയതും കളിയുടെ രാഷ്ട്രീയ – ധാര്‍മ്മിക ശരിതന്നെയായിരുന്നു. അതിന്റെ ചര്‍ച്ച വികസിക്കുകയും ചെയ്തു.കാല്‍പ്പന്തുകളിയിലെ മത്സരകാലങ്ങളിലെല്ലാം എന്നുമുണ്ടായിരുന്ന വിമതത്വത്തിന്റെയും ബദലിന്റെയും സ്വരങ്ങള്‍, കൊടിയിറങ്ങിയ ലോകകപ്പിലും ഉണ്ടായിരുന്നു.
ആഫ്രിക്കന്‍ – കരീബിയന്‍ കരുത്തും ഏഷ്യന്‍ ഫുട്ബോളും ലാറ്റിന്‍അമേരിക്കന്‍ കുതിപ്പും ആസ്ട്രേലിയന്‍ വരവും യൂറോപ്യന്‍ മുന്നേറ്റവും വടക്കനമേരിക്കന്‍ പങ്കാളിത്തവുമായി അത് നിറഞ്ഞാടുമ്പോള്‍ ആവേശത്തിന്റെ മനുഷ്യാനുഭവത്തെ കച്ചവടം ചെയ്യുന്ന കോര്‍പ്പറേറ്റ് തന്ത്രങ്ങള്‍ക്കുമപ്പുറത്തേക്ക് അത് പുതിയ രാഷ്ട്രീയദര്ശനങ്ങള്കൂടി നല്‍കുന്നുണ്ട്. യുദ്ധങ്ങളുടെയും കലാപങ്ങളുടെയും കാലത്ത്, അത് പുതിയ സംവാദമേഖലകളും കാണികളുടെ പുതിയ കാഴ്ചപ്പാടുകളും കൂടി ഒരുക്കുന്നുണ്ട്. കാണി എന്ന ആസ്വാദകന് ഒരു രാഷ്ട്രീയ ജീവി കൂടിയാണല്ലോ.
പിന്കുറിപ്പ്:-ജന്തര്‍മന്ദിറിനു മുന്നിലും വാങ്ചുങ് സോനത്തിന്റെ ആശുപത്രിക്കിടക്കയിലും ഇന്ത്യയുടെ പുതിയ രാഷ്ട്രീയ ബദലുകള്‍ രൂപപ്പെടുന്നുണ്ട്. അറിയേണ്ടവര്‍ അത് അറിയുന്നുണ്ട്.

