ഫാ. സേവ്യര്‍ കുടിയാംശ്ശേരി
കേരളത്തിന്റെ സാമ്പത്തിക-സാമൂഹിക ഘടനയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന വിഭാഗമാണ് തീരദേശ ജനതയും മത്സ്യത്തൊഴിലാളികളും. കാലാവസ്ഥാ വ്യതിയാനം, കടലാക്രമണം, മത്സ്യലഭ്യതയിലെ കുറവ്, ഇന്ധനവില വര്‍ദ്ധനവ് എന്നിവ കാരണം കടുത്ത പ്രതിസന്ധിയിലൂടെയാണ് ഈ മേഖല കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 2026-27 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ തീര്‍ച്ചയായും തീരദേശമേഖല അതീവ താല്പര്യത്തോടെയാണ് അതിനെ നോക്കിക്കണ്ടത്. ബജറ്റില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പെട്ടെന്നുള്ള ആശ്വാസം നല്കുന്ന മണ്ണെണ്ണ സബ്സിഡിയും ഷീ സ്കൂട്ടറുകളും പോലുള്ള ജനപ്രിയ ക്ഷേമപദ്ധതികള്‍ മുന്നോട്ട് വെക്കുന്നുണ്ട്. എന്നാല്‍ മറുഭാഗത്ത്, ‘മിഷന് സമുദ്ര’ പോലുള്ള വന്‍കിട പദ്ധതികള്‍ തീരദേശത്തിന്റെ പ്രകൃതിദത്തമായ സന്തുലിതാവസ്ഥയെയും മത്സ്യത്തൊഴിലാളികളുടെ സ്വതന്ത്രമായ കടലവകാശങ്ങളെയും ബാധിക്കുമോ എന്ന കാര്യത്തില്‍ കടുത്ത ജാഗ്രത ആവശ്യമാണ്. വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ തീരദേശ ജനതയെ കേവലം ഗുണഭോക്താക്കളായല്ല, മറിച്ച് കടലിന്റെ യഥാര്‍ത്ഥ അവകാശികളായി കണ്ട് അവരുടെ ഉപജീവനത്തെ സംരക്ഷിച്ചുകൊണ്ടുള്ള സുസ്ഥിര വികസന മാതൃകയാണ് കേരളത്തിന് ആവശ്യം.
മിഷന് സമുദ്ര ആര്‍ക്കു വേണ്ടി?
യു.ഡി.എഫ് സര്‍ക്കാരിന്റെ 2026 ജൂണ്‍ 19 ന് അവരിപ്പിച്ച കന്നി ബജറ്റ് സംബന്ധിച്ച് വ്യാപകമായ ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്നു. വി.ഡി.സതീശനാണ് മുഖ്യമന്ത്രി എന്ന നിലയിലും ധനകാര്യവകുപ്പു മന്ത്രി എന്ന നിലയിലും ബജറ്റ് അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രകടമായ സുതാര്യതയും തെളിമയാര്‍ന്ന കാഴ്ചപ്പാടുകളും ബജറ്റില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ
ബജറ്റ് ഒട്ടേറെ സവിശേഷതകളുള്ളതും പ്രതീക്ഷ പകരുന്നതുമാണ്. മുന്‍കാലങ്ങളില്‍ ബജറ്റ് എന്നു പറഞ്ഞാല്‍ ഒരു തരം എക്സ്റ്റന്‍ഡഡ് ഓഡിറ്റഡ് സ്റ്റേറ്റുമെന്റു പോലായിരുന്നു. അടുത്തകാലത്തായി വിഷന്‍ സ്റ്റേറ്റുമെന്റായി പരിണമിക്കുന്നുണ്ട്.
എന്നാല്‍ ഇക്കുറി ദാര്‍ശനികമായ തെളിമയോടെയുള്ള ഒരു വിഷന്‍ സ്റ്റേറ്റുമെന്റ് തന്നെയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഭാവി അടയാളപ്പെടുത്തുന്ന ഒരു ദിശാസൂചിക. കേരളത്തിന്റെ വികസന ഭാവിയെക്കുറിച്ചുള്ള ഒരു റോഡു മാപ്പുതന്നെ. മുന്‍
കൊല്ലങ്ങളിലെ ബജറ്റുകള്‍ പൊടി തട്ടിയെടുത്ത് കുറച്ചു മാറ്റങ്ങള്‍ വരുത്തി, ചില കട്ട് ആന്‍ഡ് പെയ്സ്റ്റ് പരിപാടികളൊക്കെ ചെയ്തു നടത്തുന്ന മാന്ത്രികവിദ്യയുടെ സ്ഥാനത്ത് വലിയ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ കാലത്തെ തിരിച്ചറിഞ്ഞ്
അവതരിപ്പിച്ചിരിക്കുന്ന വളരെ സൃഷ്ടിപരമായ ബജറ്റാണിത്.
ബജറ്റ് അവതരിപ്പിക്കുമ്പോള്‍ നമുക്കെന്തുണ്ട് എന്നറിയണം. നമ്മുടെ സാധ്യതകളറിഞ്ഞുവേണം സ്വപ്നം കാണാന്‍. കടത്തില്‍ മുങ്ങിക്കിടക്കുന്ന ഒരു സംസ്ഥാനം എന്തു ബജറ്റവതരിപ്പിക്കാന്‍ എന്നു ചോദിച്ചവരുണ്ട്. പണപ്പെട്ടിയും കണക്കു പുസ്തകവും എടുത്തുവച്ചുകൊണ്ടല്ല ബജറ്റു സ്വപ്നങ്ങള്‍ കാണുന്നത് എന്നാദ്യമേ പറയട്ടെ. കൈയില്‍ കാശില്ലെങ്കിലും സ്വപ്നം കാണുന്നതിന് ആരുടേയും അനുവാദം വേണ്ട. ഉള്ളതുമാത്രം കണ്ടുകൊണ്ടല്ല ഉണ്ടാകാവുന്നതുമെല്ലാം കണ്ടുകൊണ്ടാണു ബജറ്റവതരിപ്പിക്കുക.
ഇന്നു വൈകിട്ട് എന്റെ കുറച്ചു സുഹൃത്തുക്കള്‍ക്ക് ഒരു ടീപാര്‍ട്ടി കൊടുക്കാന്‍ എന്റെ കൈയില്‍ കാശുവേണമെന്നില്ല. എത്തിപ്പെടാവുന്ന ദൂരത്തിനുള്ളില്‍ ഉള്ളവരുമായിട്ടുള്ള സാമാന്യം മാന്യമായ ബന്ധം മതി. ബജറ്റെന്നാല്‍ ബന്ധമാണ്. കേന്ദ്ര
സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ജനങ്ങളുമായുള്ള ബന്ധത്തെ അടയാളപ്പെടുത്തുന്നതാണ് ബജറ്റ്. മാത്രമല്ല ഒന്നുമില്ലാത്തവരല്ല നമ്മള്. എന്തൊക്കയോ നമ്മുടെ കൈയിലും ഉണ്ട്. ഉള്ളതു സൂക്ഷിച്ചാല്‍ കലത്തിലെ മാവു
തീര്‍ന്നു പോവില്ല, കുടത്തിലെ എണ്ണ വറ്റിപോവുകയുമില്ല. ദൈവത്തിലും മനുഷ്യരിലും ആശ്രയിക്കാം. നമ്മുടെ മുഖ്യമന്ത്രി ഇന്നേവരെ ആശ്രയിക്കാത്ത ചില മേഖലകളെ ആധാരമാക്കിയാണ് ബജറ്റു തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിന്റെ
ഭാവി അദ്ദേഹം സമുദ്രത്തിലാണു കാണുന്നത്. അതുകൊണ്ട് മിഷന് സമുദ്ര എന്ന പുതിയ ഒരു സങ്കല്പം അടിസ്ഥാനമാക്കിയും കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ആവിഷ്കരിച്ചിട്ടുള്ള ബ്ലൂ ഇക്കോണമിയുടെ മാര്‍ഗം പിന്തുടര്ന്നും ഒരു കേരളാ
വേര്‍ഷന്‍ അവതരിപ്പിച്ചിരിക്കുന്നു. 400 കോടി രൂപയാണ് മിഷന് സമുദ്രയ്ക്കായി നീക്കി വച്ചിരിക്കുന്നത്. കടലും തുറമുഖ സാധ്യതകളും പ്രയോജനപ്പെടുത്തുന്നതാണ് നമ്മുടെ ബജറ്റ്. ബജറ്റെന്നാല്‍ ഉള്ളതെല്ലാം വീതംവച്ചു കൊടുക്കലല്ല
ഉള്ളതു പൊലിപ്പിക്കാനും ഉണ്ടാകാനിരിക്കുന്നതു സമാഹരിക്കാന്‍ സംവിധാനമൊരുക്കലുമാണ്.
നമുക്കു സ്വന്തമായുള്ള വിഭവങ്ങള്‍
600 കിലോമീറ്റര്‍ നിളമുള്ള അതി വിശാലമായ തീരദേശം നമുക്കുണ്ട്. പണ്ട് കടല്‍ത്തീരത്തെ ചൊരിമണലിടമായിട്ടാണു കണ്ടിരുന്നത്. ഇന്ന് കടല്‍ത്തീരവും കടലും മനുഷ്യവംശത്തിന്റെ രക്ഷാ മാര്‍ഗമാണ്. കൊച്ചി, വിഴിഞ്ഞം എന്നീ രണ്ടു
വലിയ അന്താരാഷ്ട്ര തുറമുഖങ്ങള്‍, ഒരു കണ്ടെയ്നര്‍ ടെര്‍മിനല്‍, 17 ചെറുകിട തുറമുഖങ്ങള്‍, ഉള്‍നാടന്‍ ജലപാതകള്‍ ഇവയെല്ലാം നമ്മുടെ സമ്പത്തും സാധ്യതകളുമാണ്. ഇവയുടെയെല്ലാം ശരിയായ വിനിയോഗം കൊണ്ട് സാമ്പത്തിക ഭദ്ര കൈവരിക്കാന്‍ സാധിക്കുമോ എന്ന അന്വേഷണമാണിവിടെ. ഒരു പക്ഷേ ഇതിനുമുമ്പാരും നടത്താത്ത ഒരന്വേഷണം.
മിഷന് സമുദ്ര വിഭാവനം ചെയ്യുന്നത് കേരളത്തിന്റെ വികസന ഭാവിയെ അടയാളപ്പെടുത്തുന്ന പദ്ധതിയാണ്.
മൂന്നു ഘട്ടങ്ങളാണിതിനുള്ളത്. 1.റോഡിലൂടെ കൊണ്ടു പോകുന്ന ചരക്കുകളുടെ 50 ശതമാനമെങ്കിലും
കടലിലൂടെയാക്കുക ചെറു കപ്പലുകള്‍ വഴി കടലിലൂടെയാക്കുക. 2. ചരക്കു ഗതാഗതത്തിനു പുറമേ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് ക്രൂയിസ് കപ്പലുകളുടെ ശ്രംഖല സൃഷ്ടിക്കുകയും മറ്റു വിനോദ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുക.
3.ഈ കടല്‍ ഗതാഗതത്തെ ഉള്‍നാടന്‍ ഗതാഗതവുമായി ബന്ധിക്കുക.
ഗ്രീന്‍ പോര്‍ട്ട്, മറൈന്‍ ബയോടെക്നോളജി എന്നിവ പ്രയോജനപ്പെടുത്തി സാധിക്കാവുന്നത്ര സാമ്പത്തിക നേട്ടം നാടിനുണ്ടാക്കുക. കടലിലെ ആല്‍ഗകള്‍, കടല്‍ച്ചെടികള്‍ എന്നിവയെല്ലാം സമാഹരിച്ച് മരുന്നുകളും കോസ്മെറ്റിക്സും നിര്‍മ്മിക്കാനാവും., ധാതുക്കള്‍ പ്രത്യേകിച്ചും കൊല്ലം പ്രദേശത്ത് ലഭ്യമാകുന്നവ ഖനനംചെയ്ത് സാമ്പത്തിക നേട്ടം ഉണ്ടാക്കുക.സ്മാര്‍ട്ട് ഷിപ്പിങ്ങ് വഴി മറൈന്‍ ലോജിസ്റ്റിക് സാധ്യതകള്‍ തെളിച്ചെടുക്കുക. എ.ഐ. ഉപയോഗിച്ച് കപ്പലുകളുടെ ഗതി നിശ്ചയിക്കുന്നത്.
മറൈന്‍ ബയോടെക്നോളജി. നമ്മുടെ ഐ. എസ്.ആര്.ഒ.യുടെ സാധ്യതകള്‍ മത്സ്യ ബന്ധന കാര്യങ്ങളില്‍ പ്രയോജനപ്പെടുത്തുക. എ.ഐ.യും സ്പേസ് ടെക്നോളജിയും പ്രയോജനപ്പെടുത്തി മത്സ്യത്തിന്റെ സഞ്ചാര ഗതി
മത്സ്യത്തൊഴിലാളികളുടെ മൊബൈല്‍ ഫോണില്‍ നേരിട്ടെത്തിക്കുക. അതുവഴി മീന്‍പിടുത്തക്കാര്‍ക്ക് കടല്‍മുഴുവന്‍ അലയാതെ കൃത്യം സ്ഥലത്തേക്കു പോയി മീന്‍ കോരിയെടുത്തു കരയ്ക്കെത്താനാകും. അതുണ്ടാക്കുന്ന മാറ്റം വളരെ
വലുതായിരിക്കും. ഇതെല്ലാമുള്ക്കോള്ളുന്ന മിഷന് സമുദ്രയ്ക്ക് 400 കോടി നീക്കി വച്ചിരിക്കുന്നു.
സാമ്പത്തിക ഇടനാഴി
പോര്‍ട്ടുകള്‍ തമ്മില്‍ ബന്ധിച്ച് സാമ്പത്തിക ഇടനാഴി സൃഷ്ടിക്കുന്നത് സ്വാഗതാര്‍ഹം തന്നെ. സെപയ്സ് ടെക്നോളജിയും മീന്‍പിടുത്തവും തമ്മില്‍ ബന്ധപ്പെടുത്തുക, തുറമുഖത്തേയും വിമാനത്താവളത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന,ഗ്രീന്‍
ബങ്കറിംഗ് ഹബ്. ഹരിത ഹൈഡ്രജന്‍ അന്താരാഷ്ട്ര മാറിട്ടയിന് ലോജിസ്റ്റിക്സ് എന്നിവയ്ക്കെല്ലാം കടലിനടിയലൂടെ തുരങ്കം പണിതു ബന്ധിക്കുക. ഇവയെല്ലാം ശോഭനമായ ഭാവി ലക്ഷ്യം വച്ചുള്ള അടിസ്ഥാന സൗകര്യ വികസനം തന്നെയാണ്.
സ്വാഗതം ചെയ്യുന്നു
ഇതു ഭാവിയിലേക്കുള്ള വാതില്‍ തുറന്നിടലാണ്. കേരളം അതിന്റെ സമ്പദ്വ്യവസ്ഥയെ നോക്കികാണുന്ന രീതികള്‍ മാറുകയാണ്. കേരളത്തിന്റെ തീരം മിഷന് സമുദ്ര വഴി അടിസ്ഥാനവികസനത്തിനു സഹായകമാകുമെന്ന് പ്രതീക്ഷിക്കാം. മത്സ്യത്തൊഴിലാലികളുടെ ഇടയില്‍ പ്രതിഷേധം പുകയുന്നുണ്ട്. കോര്‍പറേറ്റുകള്‍ക്ക് പ്രാധാന്യം നല്കുന്ന പദ്ധതികള്‍ മീന്‍പിടുത്തക്കാരെ തീരത്തുനിന്നു പിഴുതെറിയാനാണ് എന്ന് ആക്ഷേപമുണ്ട്. പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോയാല്‍ തീരം പ്രതിഷേധിക്കും. കാരണം ഇപ്പോള്‍ വികസനം കോര്‍പറേറ്റുകള്‍ക്കും ദുരിതം സാധാരണക്കാര്‍ക്കുമാണ്.
സര്‍ക്കാര്‍ നല്കുന്ന സബ്സിഡികള്‍
പക്ഷേ അങ്ങനെയുണ്ടാകുന്ന വികസനം തീരവാസികളെ കുടിയൊഴിപ്പിക്കുമോ എന്ന ആശങ്ക കടപ്പുറത്തുണ്ട്. മൂലധന നിക്ഷേപം നിശ്ചയമായും നാളെ പ്രാദേശിജനങ്ങള്ക്ക് ഗുണം ചെയ്യും. തീരദേശ വാസികള്‍ക്ക് വീടു നിര്‍മ്മിക്കാന്‍ സഹായം. അത് തീരവാസികളെ കുടിയൊഴിപ്പിക്കാനാവരുത്. അങ്ങനെ വന്നാല്‍ തീരപ്രദേശം മുഴുവന്‍ കുത്തകകളുടെ കൈയിലെത്തും മത്സ്യത്തൊഴിലാളികള്‍ കുടിയൊഴിപ്പിക്കപ്പെടും. പാരിസ്ഥിതിക ആഘാതമുണ്ടാക്കും.
ബാലരാമപുരത്ത് 50 കോടി രൂപ മുടക്കി മ്യൂസിയം വരുന്നു. നല്ലതുതന്നെ. വന്‍കിട തുറമുഖങ്ങളും കൂറ്റന്‍ കപ്പലുകളും അറബിക്കടലിനെ സമ്പന്നമാക്കുമെന്നാണു പറയുക. ഇത് തീരത്തിന്റെ ആവാസ വ്യവസ്ഥ തകര്‍ക്കും. കടലിനെ ആശ്രയിച്ചു ജീവിക്കുന്ന ഒരു ജനതയെ മിഷന് സമുദ്രയിലൂടെ പുറം തള്ളും എന്നതാണ് തീര ജനതയുടെ ഗൗരവമായ ആക്ഷേപം. അപ്പോള്‍ പറയും മീന്‍ പിടുത്തക്കാര്‍ക്കുള്ള മണ്ണെണ്ണയ്ക്ക് സബ്സിഡി ലിറ്ററിന് 75 രൂപയാക്കിയതും മോശം കാലാവസ്ഥയിലെ സാമ്പത്തിക പിന്തുണയും വാഗാദാനം ചെയ്തിരിക്കുന്നതും ഈ മേഖലയില്‍ സുസ്ഥിര വികസനം ഉണ്ടാകുമെന്നും അതു വഴി പിന്നീട് മീന്‍പിടുത്തക്കാര്‍ക്ക് ഷിപ്പു റിപ്പയര്‍ ചെയ്യുന്നതുപോലുള്ള ധാരാളം മറ്റു തൊഴില്‍ വികസിക്കുമെന്നോക്കെ പറയുന്നു. ഈ പറച്ചിലുകളൊന്നും ശാശ്വതമല്ല. മീന്‍പിടുത്തക്കാര്‍ക്ക് സുസ്ഥിരമായ തൊഴിലുകള്‍ നല്കി സുരക്ഷിതരാക്കാതെ ഇത്തരം പരിപാടികളുമായി പോകാന്‍ അനുവദിക്കില്ല.
വല്ലാപര്പാടം പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരെ ഇപ്പോഴും പുനരധിവസിപ്പിക്കാത്ത സാഹചര്യമുണ്ട്. സര്‍ക്കാരിന്റെ വാഗ്ദാനങ്ങളില്‍ മാത്രം വിശ്വസിച്ച് മുന്നോട്ടു പോകാനാവില്ല. അതിനാല്‍ ഇത്തരം കാര്യങ്ങള്‍ തീരവാസികള്‍ കൂടി ഉള്‍പ്പെടുന്ന
ഒരു സംഘം ഗൗരവമായി പഠിക്കാന്‍ തയ്യാറാകണം. കടലും തീരവും മീന്‍പിടുത്തക്കാരുടേതാണ്. കടല്‍ ഞങ്ങളുടേതാണ്. കടലമ്മ എന്നാണു ഞങ്ങള്‍ വിളിക്കുക. മിഷന് സമുദ്ര ഞങ്ങളെ തീരത്തുനിന്നു കുടിയൊഴിപ്പിച്ചിട്ടു കുത്തകകള്‍ക്കു
തീറെഴുതാനാണു പ്ലാനെങ്കില്‍ തീരവാസികള്‍ ഉറപ്പായും എതിര്‍ക്കും. വികസനത്തിനു ഞങ്ങള്‍ എതിരല്ല, ഞങ്ങളോടാലോചിച്ചും ഞങ്ങളെ ഉള്‍ക്കൊള്ളിച്ചും വരുന്ന പദ്ധതികളോടു ഞങ്ങള്‍ സഹകരിക്കും.

