ന്യൂഡല്‍ഹി: ലെയോ പതിനാലാമന്‍ പാപ്പയുടെ പ്രഥമ ചാക്രിക ലേഖനമായ ‘മാഗനിഫിക്ക ഹ്യൂമാ നിറ്റാസി’ന്റെ പതിപ്പ് പ്രകാശനം ചെയ്തു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) ദ്രുതഗതിയിലുള്ള വളര്‍ച്ച ഉയര്‍ത്തുന്ന വെല്ലുവിളികളും സാധ്യതകളും ചര്‍ച്ച ചെയ്യുന്ന മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ് മെയ് 25-നാണ് വത്തിക്കാനില്‍ പ്രകാശനം ചെയ്തത്. ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്ക മെത്രാന് സമിതിയാണ് (സിസിബിഐ) ഇന്ത്യന്‍ പതിപ്പ് പുറത്തിറക്കിയത്.

ഡല്‍ഹിയിലെ വത്തിക്കാന്‍ സ്ഥാനപതി കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ അപ്പസ്തോലിക് നൂണ് ഷിയേച്ചര് ഇന്‍ ചാര്‍ജ് മോണ്‍. ആന്‍ഡ്രിയ ഫ്രാന് സിയ സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഡോ. സ്റ്റീഫന്‍ ആലത്തറയ്ക്ക് ആദ്യ പ്രതി നല്കി പ്രകാശനം നിര്‍വഹിച്ചു. കാരൊലിന്‍ ബുസൂട്ടി, സിസ്റ്റര്‍ റീമ മാര്ട്ടിന് ഒഎസ്എസ്എസ് എന്നിവരും സന്നിഹിതരായിരുന്നു.
കത്തോലിക്കാ സഭയുടെ സമ്പന്നമായ സാമൂഹിക പ്രബോധനങ്ങളില്‍ അധിഷ്ഠിതമായ ചാക്രികലേഖനം മുന്കാലങ്ങളിലിറങ്ങിയ റേരും നൊവാരും, ചെന്തേസിമൂസ് അന്നൂസ്, ലൗദാത്തോ സി തുടങ്ങിയ വയുടെ തുടര്‍ച്ചയാണ്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ചും അതിന്റെ ധാര്‍മ്മിക വശങ്ങളെക്കുറിച്ചുമുള്ള പാപ്പയുടെ പ്രബോധനങ്ങള്‍ വിശ്വാസികള്‍, അധ്യാപകര്‍, നയരൂപകര്‍ത്താക്കള്‍, സാങ്കേതിക വിദഗ്ധര്‍, സാമൂഹിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരിലേക്ക് എളുപ്പത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ പതിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

