വത്തിക്കാൻ സിറ്റി : ലെയോ പതിനാലാമൻ പാപ്പയുടെ ആദ്യ ചാക്രികലേഖനമായ ‘മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ്’ (Magnifica Humanitas) പ്രസിദ്ധീകരിച്ചു. ആധുനിക കാലത്തെ ഏറ്റവും വലിയ വെല്ലുവിളിയായ നിർമ്മിത ബുദ്ധി മനുഷ്യകുലത്തിന് ദോഷകരമാകാതെ, ധാർമ്മിക അതിരുകളോടെ മനുഷ്യസേവനത്തിനായി ഉപയോഗിക്കപ്പെടണം എന്ന് ഈ ലേഖനത്തിൽ പാപ്പ ആഹ്വാനം ചെയ്യുന്നു. ലെയോ പതിമൂന്നാമൻ പാപ്പ രചിച്ച ‘റേരും നൊവാരും’ എന്ന സാമൂഹിക ചാക്രിക ലേഖനത്തിന്റെ 135-ാം വാർഷികദിനമായിരുന്ന കഴിഞ്ഞ 15നാണ് ലെയോ പതിനാലാമൻ പാപ്പ തന്റെ ആദ്യ ചാക്രികലേഖനത്തിൽ ഒപ്പുവച്ചത്.
‘നിർമ്മിത ബുദ്ധിയുടെ യുഗത്തിൽ മനുഷ്യവ്യക്തിയുടെ സംരക്ഷണം’ എന്ന പ്രമേയത്തെ ആധാരമാക്കിയാണ് പുതിയ ചാക്രിക ലേഖനം. ലേഖനത്തിന്റെ ആദ്യ അധ്യായത്തിൽ, സഭയുടെ സാമൂഹിക സിദ്ധാന്തങ്ങളെക്കുറിച്ചുള്ള വിവരണമാണ് പാപ്പാ നൽകുന്നത്. തുടർന്ന് രണ്ടാം അധ്യായത്തിൽ, സഭയുടെ സാമൂഹിക സിദ്ധാന്തത്തിന്റെ അടിത്തറകളും തത്ത്വങ്ങളും എടുത്തു പറയുന്നു. ദൈവത്തിന്റെ പ്രതിച്ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട വ്യക്തിയുടെ അന്തസിനേയും, ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ ജീവിക്കാനുള്ള അവകാശം ഉൾപ്പെടെയുള്ള മനുഷ്യാവകാശങ്ങളുടെ ലംഘനമില്ലായ്മ; ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുടെ അംഗീകാരം, സ്ത്രീകളുടെ സാമൂഹിക സ്ഥാനം എന്നിങ്ങനെ വിവിധ സാമൂഹിക വിഷയങ്ങൾ പാപ്പാ ചക്രിക ലേഖനത്തിൽ പ്രതിപാദിക്കുന്നു. സഭയുടെ സാമൂഹിക സിദ്ധാന്തങ്ങളുടെ അഞ്ചു പ്രധാനപ്പെട്ട മാനങ്ങളെ പാപ്പാ അടിവരയിട്ടു പറയുന്നു. പൊതുനന്മയാണ് അതിൽ പ്രഥമ സ്ഥാനത്ത് നിൽക്കുന്നത്. പൊതുനന്മയുടെ പ്രോത്സാഹനത്തെ ഒരിക്കലും ജനങ്ങളുടെ നിലനിൽപ്പിനുള്ള അവകാശത്തിൽ നിന്നും വേർപെടുത്തുക സാധ്യമല്ലെന്നു പറഞ്ഞ പാപ്പാ, “ഒരു രാഷ്ട്രത്തെ ഉന്മൂലനം ചെയ്യാനോ കീഴടക്കാനോ ഉള്ള ഏതൊരു ശ്രമമോ പദ്ധതിയോ ഗുരുതരമായ അധാർമ്മികവും അതിനാൽ അസ്വീകാര്യവുമായ പ്രവൃത്തിയാണെന്നും” കൂട്ടിച്ചേർക്കുന്നു.
“വ്യക്തിയുമായി ബന്ധപ്പെട്ട ഒരു വൈരുദ്ധ്യ ശക്തി” അല്ല എന്നും ധീരമായ സഹ-ഉത്തരവാദിത്തത്തിന്റെയും കൂട്ടായ്മയുടെയും യുക്തി പിന്തുടർന്ന് “നന്മയിൽ കെട്ടിപ്പടുക്കുന്ന മാനവികത തുടരുവാനും പാപ്പാ ആഹ്വാനം ചെയ്യുന്നു.
സാങ്കേതികവിദ്യകൾ ചുരുക്കം ചിലരുടെ കൈകളിൽ കേന്ദ്രീകരിക്കപ്പെടേണ്ടതല്ല, ഡിജിറ്റൽ യുഗത്തിൽ, എല്ലാവർക്കും അവസരങ്ങളുടെ തുല്യ പ്രവേശനം ഉറപ്പുനൽകണം, ഏറ്റവും ദുർബലരായവരെ സംരക്ഷിക്കണം, വിദ്വേഷത്തെയും തെറ്റായ വിവരങ്ങളെയും പ്രതിരോധിക്കണം, സാങ്കേതികവിദ്യകളുടെ ഉപയോഗം പൊതു പരിശോധനയ്ക്ക് വിധേയമാക്കണം.
നിർമ്മിത ബുദ്ധിയുടെ സാങ്കേതിക വികസനത്തെ ജാഗ്രതയോടെ സമീപിക്കേണ്ടത് ആവശ്യമാണെന്ന് പാപ്പ പറയുന്നു. സാമൂഹിക പരിവർത്തനത്തിൽ മനുഷ്യനെ കാത്തുസൂക്ഷിക്കുവാനും. തൊഴിൽ , സ്വാതന്ത്ര്യം, സത്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു “ആശയവിനിമയത്തിന്റെ പരിസ്ഥിതി” കാത്തുസൂക്ഷിക്കുവാനും പാപ്പാ ആഹ്വാനം ചെയ്യുന്നു. സുതാര്യത, വ്യക്തിഗത ഡാറ്റയുടെ സംരക്ഷണം, ഗൗരവമായ പത്രപ്രവർത്തനം, എന്നിവയെല്ലാംതൊഴിലിന്റെ മാന്യത, സമാധാനപൂർവ്വകമായ പുരോഗതി, മാനവിക സ്വാതന്ത്ര്യം, എന്നിവയെല്ലാം പാപ്പാ നാലാം അധ്യായത്തിൽ വിവരിക്കുന്നു.
“സ്നേഹത്തിന്റെ നാഗരികത” കെട്ടിപ്പടുക്കുന്നതിലൂടെയും ബലത്തിന്റെ യുക്തിയെ പരിപോഷിപ്പിക്കണോ അതോ സമാധാനം നിലനിർത്തണോ എന്ന് തീരുമാനിച്ചുകൊണ്ട് അധികാര സംസ്കാരത്തോട് പ്രതികരിക്കാനാണ് ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നതെന്നും പാപ്പാ എടുത്തു പറയുന്നു.
നിർമ്മിത ബുദ്ധിയുടെ കാലഘട്ടത്തിലും,”ദൈവം വസിക്കുന്ന മഹത്തായ മനുഷ്യരാശിയുടെ സൗന്ദര്യത്തിന്” സാക്ഷ്യം വഹിക്കാൻ കഴിയുമെന്നും പാപ്പ ആദ്യ ചക്രിക ലേഖനത്തിലൂടെ മുൻപോട്ടു വെക്കുന്നു.

