കണ്ണൂർ : കത്തോലിക്കാ സഭയുടെ മലബാർ തീരത്തെ പ്രേഷിത ദൗത്യത്തിന് പുതിയൊരു നാഴികക്കല്ല് കൂടി. കണ്ണൂരിന്റെ മണ്ണിൽ കത്തോലിക്കാ വിശ്വാസം എത്തിച്ചേർന്നതിന്റെ 525-ാം വാർഷിക സ്മരണയും കണ്ണൂർ രൂപതയുടെ ചരിത്രപ്രസിദ്ധമായ ജൂബിലി ആഘോഷങ്ങളും ഔദ്യോഗികമായി ആരംഭിച്ചു. കഴിഞ്ഞ അഞ്ചിലധികം നൂറ്റാണ്ടുകളായി വിശ്വാസ ദീപ്തി കാത്തുസൂക്ഷിച്ച മിഷണറിമാരുടെയും പൂർവ്വികരുടെയും ഓർമ്മകൾ പുതുക്കി, വലിയൊരു ആത്മീയ ഉണർവോടെയാണ് രൂപത ഈ ചരിത്ര മുഹൂർത്തത്തിലേക്ക് പ്രവേശിക്കുന്നത്.വിശ്വാസത്തിന്റെ ആദ്യ കപ്പേള മുതൽ കത്തീഡ്രൽ വരെ1501-ൽ പെഡ്രോ അൽവാരീസ് കബ്രാളിനൊപ്പം കണ്ണൂരിലെത്തിയ ഫ്രാൻസിസ്കൻ വൈദികനായ ഫാദർ ഗസ്റ്റാവോയാണ് ഈ മണ്ണിൽ ആദ്യമായി ദിവ്യബലിയർപ്പിച്ചത്. തുടർന്ന് 1502-ൽ വാസ്കോഡഗാമയുടെ രണ്ടാമത്തെ വരവോടെ, ഇന്ന് ബർണ്ണശ്ശേരിയിലെ കത്തീഡ്രൽ സ്ഥിതി ചെയ്യുന്ന ഇതേ സ്ഥാനത്ത് വിശ്വാസത്തിന്റെ ആദ്യ കപ്പേള ഉയർന്നു. ‘നോസ സെഞ്ഞോര ഡി വിറ്റോറിയ’ (വിജയത്തിന്റെ മാതാവ്) എന്നായിരുന്നു ആ കപ്പേളയുടെ പേര്.’പരിശുദ്ധ ത്രിത്വം’ എന്ന നാമധേയത്തിന് പിന്നിൽകണ്ണൂർ കത്തീഡ്രലിന് ‘പരിശുദ്ധ ത്രിത്വത്തിന്റെ’ (Holy Trinity) നാമം ലഭിച്ചതിനു പിന്നിൽ വികാരനിർഭരമായ ഒരു ചരിത്രമുണ്ട്. പോർച്ചുഗീസുകാർ സഞ്ചരിച്ചിരുന്ന ‘സാന്തക ത്രിനിതാതെ’ (പരിശുദ്ധ ത്രിത്വം) എന്ന ചരക്കുകപ്പൽ വലിയൊരു കൊടുങ്കാറ്റിൽപ്പെടുകയും, എന്നാൽ ദൈവകൃപയാൽ തകരാതെ കണ്ണൂർ തീരത്ത് സുരക്ഷിതമായി എത്തിച്ചേരുകയും ചെയ്തു. അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടതിന് നന്ദിസൂചകമായി കപ്പലിലെ ജീവനക്കാർ അന്നത്തെ വികാരിയായിരുന്ന കർമ്മലീത്താ സഭാംഗം ഫാദർ ബർത്തലോമിയോയ്ക്ക് വിലയേറിയ സമ്മാനങ്ങൾ നൽകി. ഈ ഉപകാരസ്മരണയ്ക്കായിട്ടാണ് ദേവാലയത്തിന് ‘പരിശുദ്ധ ത്രിത്വം’ എന്ന നാമം നൽകപ്പെട്ടത്.വളർച്ചയുടെ നാഴികക്കല്ലുകൾഈശോസഭക്കാരുടെ വരവ് (1878): ഈ മേഖലയുടെ ചുമതല വെനീസ് പ്രവിശ്യയിലെ ഈശോസഭാംഗങ്ങൾക്ക് (Jesuits) കൈമാറിയതോടെ മിഷൻ പ്രവർത്തനങ്ങൾക്ക് പുതിയ വഴിത്തിരിവുണ്ടായി.കോഴിക്കോട് രൂപതയുടെ രൂപീകരണം (1923): മംഗലാപുരം രൂപത വിഭജിച്ച് കോഴിക്കോട് രൂപത രൂപീകരിക്കപ്പെട്ടു. പൗലോസ് പെരിനി, ലിയോ പ്രൊസെർപിയോ, ആൽഡോ മരിയ പട്രോണി, മാക്സ്വെൽ നൊറോണ എന്നീ മെത്രാന്മാരുടെ ശക്തമായ നേതൃത്വത്തിലാണ് മലബാറിലെ കത്തോലിക്കാ സമൂഹം വളർന്നത്.ചിറക്കൽ മിഷൻ: അഭിവന്ദ്യ ലിയോ പ്രൊസെർപിയോ പിതാവിന്റെ സംരക്ഷണയിൽ ഫാ. പീറ്റർ കൈറോണി (Fr. Peter Caironi SJ) തുടക്കം കുറിച്ച ചിറക്കൽ മിഷൻ രൂപതയുടെ ആത്മീയ അടിത്തറയായി മാറി. സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവരുടെ ഇടയിൽ പ്രവർത്തിച്ച ഫാ. ജോൺ സെക്വേര, ഫാ. ജോസഫ് ടഫ്രൽ, ഫാ. ജെയിംസ് മൊന്തനാരി, ഫാ. അലോഷ്യസ് ഡെൽ സോട്ടോ, ഫാ. മൈക്കൽ വെൻഡ്രാമിൻ, ഫാ. ലിനസ് സുക്കോൾ തുടങ്ങിയ മിഷനറിമാരുടെ സ്വാർത്ഥരഹിതമായ സേവനമാണ് കത്തോലിക്കാ വിശ്വാസം ഇത്രത്തോളം വളർത്തിയത്.കണ്ണൂർ രൂപതയുടെ ജനനംകണ്ണൂർ, കാസർഗോഡ് എന്നീ റവന്യൂ ജില്ലകളിലായി വ്യാപിച്ചുകിടന്നിരുന്ന ഈ പ്രദേശം, അഭിവന്ദ്യ മാക്സ്വെൽ നൊറോണ പിതാവിന്റെ അപേക്ഷപ്രകാരം, 1998 നവംബർ 5-ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ തിരുനാമത്താൽ സ്വതന്ത്ര രൂപതയായി ഉയർത്തപ്പെട്ടു. 1999 ഫെബ്രുവരി 7-ന് അഭിവന്ദ്യ ഡോ. വർഗ്ഗീസ് ചക്കാലക്കൽ പിതാവ് കണ്ണൂർ രൂപതയുടെ പ്രഥമ മെത്രാനായി അഭിഷേകം ചെയ്യപ്പെടുകയും ചുമതലയേൽക്കുകയും ചെയ്തു.ചക്കാലക്കൽ പിതാവ് പാകിയ ശക്തമായ അടിത്തറയിൽ നിന്നുകൊണ്ട്, ഇന്ന് അഭിവന്ദ്യ അലക്സ് വടക്കുംതല പിതാവിൻ്റെയും, സഹായ മെത്രാൻ ഡെന്നിസ് കുറുപ്പശേരി പിതാവിൻ്റെയും സ്നേഹനിർഭരമായ നേതൃത്വത്തിലാണ് രൂപത ഇപ്പോൾ 525-ാം വർഷത്തിന്റെ വലിയ കൃപയിലേക്ക് പ്രവേശിക്കുന്നത്.
Trending
- കണ്ണൂരിൽ ക്രൈസ്തവ വിശ്വാസത്തിന്റെ 525 വർഷങ്ങൾ
- കണ്ണൂരിലെ ക്രൈസ്തവ സാന്നിധ്യത്തിന്റെ 525 വർഷങ്ങൾ ; വിശ്വാസ ദീപ്തിയിൽ കണ്ണൂർ രൂപത
- കെ എൽ സി ഡബ്ല്യൂ എ സ്ഥാപക ദിനം ; ഇഗ്നീഷ്യസ് തോമസിന്റെ പ്രഭാഷണം നടത്തി.
- ഫിഷറീസ് മന്ത്രിക്ക് എല്ലാവിധ സഹകരണവും നൽകുമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ
- ഇന്ധന വിലവർദ്ധന പിൻവലിക്കണം: KLCA വരാപ്പുഴ അതിരൂപത
- ബൈബിൾ പകർത്തിയെഴുതിയവരുടെ സംഗമം നടത്തി
- കാറ്റും കടലും ദൈവത്തെ സ്തുതിച്ചപ്പോൾ
- ക്രിസ്റ്റോഗ്രാഫ പുസ്തക പ്രദർശനം നാളെ സമാപിക്കും

