കൊച്ചി:മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താൻ പുതിയ ഫിഷറീസ് മന്ത്രി അടിയന്തിര നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ അഭിപ്രായപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും നൂതന സാങ്കേതികവിദ്യയും വിപണന ശൃംഖല സംബന്ധിച്ചും സുരക്ഷാ സംവിധാനങ്ങൾ സംബന്ധിച്ചും ക്രിയാത്മകമായ ഇടപെടലുകൾ ഉണ്ടാകണം.
കേരളത്തിൽ ഫിഷറീസ് മന്ത്രാലയം കൈകാര്യം ചെയ്യുന്ന മന്ത്രി അബ്ദുൽ ഗഫൂറിന് കെഎൽസിഎ എല്ലാ പിന്തുണയും നൽകുമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ഷെറി ജെ തോമസ് ജനറൽ സെക്രട്ടറി ബിജു ജോസി എന്നിവർ പറഞ്ഞു.
മത്സ്യ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കൃത്യമായ പങ്കുവഹിക്കാൻ ഉണ്ട്. ഫിഷറീസ് വകുപ്പും തദ്ദേശ ഭരണകൂടവും ഒരുമിച്ച് പ്രവർത്തിച്ച് ആ കാര്യം നിർവഹിക്കണം. അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതൽ ലാൻഡിങ് സെൻററുകൾ ഫിഷ് മാർക്കറ്റുകൾ ഐസ് പ്ലാന്റുകൾ എന്നിവയുടെ നിർമ്മാണവും പരിപാലനവും ഉണ്ടാകണം.
ഉൾനാടൻ മത്സ്യബന്ധന മേഖലയിൽ ഉൾപ്പെടെ കൃത്യമായ ഇടപെടലുകൾ ഉണ്ടാകേണ്ടതുണ്ട്. ജലാശയങ്ങളുടെ പരിപാലനവും നൂതന കൃഷി രീതികളും മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണവും ഈ മേഖലയിൽ കാര്യക്ഷമമായി നടപ്പിലാക്കിയാൽ നിരവധി ആളുകൾക്ക് ഗുണകരമാകും.
കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന നിയമഭേദഗതികളിലൂടെ വർദ്ധിച്ച പിഴ ഈടാക്കുന്ന ഭേദഗതികളും മത്സ്യത്തൊഴിലാളികൾക്ക് ദ്രോഹകരമായ ചില വകുപ്പുകളും എതിർക്കപ്പെടേണ്ടതാണ്. രാസമാലിന്യങ്ങൾ മൂലം ഉണ്ടാകുന്ന മത്സ്യക്കുരുതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മത്സ്യ മേഖലയ്ക്ക് അനുകൂലമായ നടപടികൾ പ്രതീക്ഷിക്കുന്നുമെന്നും കെ എൽ സി എ യോഗം വിലയിരുത്തി
യോഗത്തിൽ ട്രഷറർ രതീഷ് ആന്റണി , വൈസ് പ്രസിഡന്റ്മാരായ എബി കുന്നേപറമ്പിൽ , അലക്സ് താളൂപാടത്ത് , നൈജു അറയ്ക്കൽ , പൈലി ആലുങ്കൽ , പാട്രിക്ക് മൈക്കിൾ , സി ജെ പോൾ സെക്രട്ടറിമാരായ ഉഷ ലാസർ , ക്രിസ്റ്റോഫർ എസ് , കോൺക്ളിൻ ജിമ്മി , ജയൻ കുന്നേൽ , ജോൺ ബാബു , ഷീബ മാത്യു , ഫോറം കൺവീനർമാരായ ബേബി ജി ഭാഗ്യോദയം , ജോയ്സ് മെനയ്സിസ് , ഇ ഡി ഫ്രാൻസിസ് , അഡ്വ ജസ്റ്റിൻ കരിപാട്ട് , ഫൗസ്റ്റിൻ ജോസഫ് , മിനിമോൾ ടൈറ്റസ് , പൂവം ബേബി , പ്രകാശ് പീറ്റർ , സാബു കാനയ്ക്കാപള്ളി , സിബി ജോയി , അഡ്വ ഡി രാജു , രാജു തോമസ് , വിൻസെന്റ് വട്ടപറമ്പിൽ , വിൻസ് പെരിഞ്ചേരി എന്നിവർ പ്രസംഗിച്ചു.

