ഇറാന് ആണവായുധം ലഭിക്കാമെന്ന നിലപാടാണ് പാപ്പാ സ്വീകരിക്കുന്നതെന്ന് ട്രംപ് വീണ്ടും ആരോപിച്ചു. എന്നാല്‍ പാപ്പാ അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല; മറിച്ച് ആണവായുധങ്ങള്‍ക്ക് എതിരായ നിലപാടാണ് അദ്ദേഹം ആവര്‍ത്തിച്ച് സ്വീകരിച്ചിട്ടുള്ളത്.
ന്യൂയോര്‍ക്ക്: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ, ലെയോ പതിനാലാമന്‍ പാപ്പായുമായി കൂടിക്കാഴ്ച നടത്താനിരിക്കെ, പാപ്പായ്ക്ക് നല്‍കേണ്ട സന്ദേശമായി ”ഇറാന് ആണവായുധം കൈവശം വയ്ക്കാന്‍ പാടില്ല” എന്നതാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
മേയ് 7-ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ റൂബിയോ പാപ്പായോട് എന്താണ് പറയണമെന്ന് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് ട്രംപ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: ”പാപ്പായെ സന്തോഷിപ്പിക്കുമോ ഇല്ലയോ എന്നത് പ്രശ്നമല്ല. ഇറാന് ആണവായുധം ലഭിക്കരുത്,” ട്രംപ് പറഞ്ഞു. ”അവര്‍ക്ക് ആണവായുധം ലഭിക്കാമെന്ന തരത്തിലാണ് പാപ്പാ സംസാരിക്കുന്നതെന്ന് തോന്നുന്നു. എന്നാല്‍ അത് അനുവദിക്കാനാവില്ല. അങ്ങനെ സംഭവിച്ചാല്‍ ലോകമെമ്പാടുമുള്ളവര്‍ ഭീഷണിയിലാകും. അത് നടക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല,” ട്രംപ് കൂട്ടിച്ചേര്‍ത്തു.
ലെയോ പാപ്പാ ഇറാന് ആണവായുധം ലഭിക്കണമെന്ന നിലപാട് സ്വീകരിക്കുന്നുവെന്ന ആരോപണം ട്രംപ് പലതവണ ഉന്നയിച്ചിട്ടുണ്ടെങ്കിലും, പാപ്പാ അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല. മറിച്ച് മധ്യപൂര്‍വ്വേഷ്യയിലെ ആണവവ്യാപനത്തെയും പൊതുവെ ആണവായുധങ്ങളെയും അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്.
2025 ജൂണില്‍ ഇസ്രായേല്‍-ഇറാന് സംഘര്‍ഷത്തെക്കുറിച്ച് സംസാരിക്കവെ പാപ്പാ പറഞ്ഞത്: ”ആണവഭീഷണികളില്ലാത്ത സുരക്ഷിത ലോകം സൃഷ്ടിക്കാനുള്ള പ്രതിബദ്ധത പരസ്പര ബഹുമാനത്തോടെയും സത്യസന്ധമായ സംഭാഷണത്തിലൂടെയും മുന്നോട്ടുപോകണം. നീതി, സാഹോദര്യം, പൊതുനന്മ എന്നിവയുടെ അടിസ്ഥാനത്തിലുള്ള സ്ഥിരശാന്തിയാണ് ലക്ഷ്യമാകേണ്ടത്.” മാര്‍ച്ച് 5-ന് നടത്തിയ മറ്റൊരു പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു: ”മനുഷ്യരാശിയുടെ ഭാവിയെ ഇനി ഒരിക്കലും ആണവഭീഷണി നിയന്ത്രിക്കരുത്.”
മേയ് 5-ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ റൂബിയോ പറഞ്ഞു, ലെയോ പതിനാലാമനുമായുള്ള കൂടിക്കാഴ്ച ട്രംപിന്റെ വിമര്‍ശനങ്ങളുമായി ബന്ധപ്പെട്ടതല്ല. ”ഈ സന്ദര്‍ശനം മുന്‍കൂട്ടി നിശ്ചയിച്ചിരുന്നതാണ്,” അദ്ദേഹം വ്യക്തമാക്കി.
മതസ്വാതന്ത്ര്യം, ക്രൈസ്തവ പീഡനം, ക്യൂബയിലേക്കുള്ള മാനവിക സഹായം തുടങ്ങിയ വിഷയങ്ങളില്‍ വത്തിക്കാനും അമേരിക്കക്കും പൊതുതാല്പര്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

