കാമറൂണ്‍: ലിയോ 14-ാമന്‍ പാപ്പയുടെ ആഫ്രിക്കന്‍ പര്യടനത്തിന്റെ രണ്ടാം ഘട്ടമായ കാമറൂണ്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും. യൗണ്ടേ എന്‍സിമാലെന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന പാപ്പക്ക് ഔദ്യോഗിക സ്വീകരണം നല്‍കും. കാമറൂണിൽ, തലസ്ഥാനമായ യൗണ്ടേ, സാമ്പത്തിക കേന്ദ്രമായ ഡുവാല, കൂടാതെ ഏകദേശം 10 വർഷമായി ആയുധ സംഘർഷം തുടരുന്ന വടക്കുപടിഞ്ഞാറൻ മേഖലയിലെ ആംഗ്ലോഫോൺ നഗരമായ ബമേണ്ട എന്നിവിടങ്ങൾ അദ്ദേഹം സന്ദർശിക്കും.
നാളെ (ഏപ്രില്‍16) ബാമെണ്ട അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദിവ്യബലിര്‍പ്പിക്കുന്ന പാപ്പ ഏപ്രില്‍ 17 വെള്ളിയാഴ്ച ഡുവാലയിലെ ജപ്പോമ സ്റ്റേഡിയത്തില്‍ ദിവ്യബലിക്ക് കാര്‍മികത്വം വഹിക്കും. സുവിശേഷമറിയിക്കുകയാണ് പാപ്പയുടെ സന്ദര്‍ശനത്തിന്റെ പ്രഥമ ലക്ഷ്യമെന്ന് ഡുവാല ആര്‍ച്ചുബിഷപ് സാമുവേല്‍ ക്ലെഡ പറഞ്ഞു. കാമറൂണ്‍ നിലവില്‍ അഭിമുഖീകരിക്കുന്ന സാമൂഹിക പ്രശ്നങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഇടയില്‍, പാപ്പയുടെ സന്ദര്‍ശനം സമാധാനത്തിന്റെ വലിയൊരു സന്ദേശം നല്‍കുമെന്നും ആര്‍ച്ചുബിഷപ് പ്രത്യാശ പ്രകടിപ്പിച്ചു.
ജനസംഖ്യയുടെ 35 ശതമാനത്തോളമാളുകള്‍ കത്തോലിക്ക വിശ്വാസം പിന്തുടരുന്ന കാമറൂണ്‍ ഭൗതികമായ ഒരുക്കങ്ങള്‍ക്കൊപ്പം ആത്മീയമായും പാപ്പ നല്കുന്ന സുവിശേഷത്തിന്റെ സദ്വാര്ത്ത സ്വീകരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞതായി ആര്‍ച്ചുബിഷപ് ക്ലെഡ വ്യക്തമാക്കി.

