പാലക്കാട്: കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ ആശയക്കുഴപ്പമുണ്ടാക്കുന്നതാണു നാലാം ക്ലാസ്സിലെ പരിഷ്കരിച്ച പാഠപുസ്തകത്തിലെ വിവിധ ഭാഗങ്ങൾ. പരിസരപഠനത്തിലെ രണ്ടാമത്തെ യൂണിറ്റായ ചരിത്രപാഠ ഭാഗത്തിലാണ് കുഴപ്പിക്കുന്ന വിഷയങ്ങൾ. ക്വിറ്റ് ഇന്ത്യ ദിനം എന്ന തലക്കെട്ടിനു താഴെ കൊടുത്തിട്ടുള്ള ഡയറിയിൽ ക്വിറ്റ് ഇന്ത്യ വിഷയവുമായി ബന്ധപ്പെട്ടു നൽകിയ തീയതി ഓഗസ്റ്റ് 8 എന്നാണ്.
ക്വിറ്റ് ഇന്ത്യ സമരം ആഹ്വാനം ചെയ്തത് ഓഗസ്റ്റ് 8 നാണങ്കിലും ക്വിറ്റ് ഇന്ത്യ ദിനമായി ആചരിക്കുന്നത് 9നാണ്. ഇതു പ്രത്യേകമായി പറയുന്നുമില്ല. ഇത് അധ്യാപകരെയും വിദ്യാർഥികളെയും കുഴക്കുന്നു. മറ്റൊരു ഭാഗത്ത് ഇന്ത്യയുടെ ഭൂപടത്തിൽ നോക്കി സംസ്ഥാനങ്ങളുടെ പട്ടിക തയാറാക്കാൻ ആശ്യപ്പെടുന്നുണ്ട്. ഈ ഭൂപടത്തിലാവട്ടെ, എല്ലാ സംസ്ഥാനങ്ങളുടെയും പേരും തലസ്ഥാനത്തിന്റെ പേരും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ജാർഖണ്ഡിന്റെ മാത്രം പേരില്ല.
തലസ്ഥാനമായ റാഞ്ചിയുടെ പേരു മാത്രമാണുള്ളത്. ഇതു നോക്കി എഴുതുന്ന വിദ്യാർഥികൾ സംസ്ഥാനത്തിന്റെ പേരു റാഞ്ചിയെന്നു പഠിച്ചാൽ എങ്ങനെ കുറ്റം പറയും. മറ്റൊരു ഭാഗത്ത് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ ആളുകളുടെ വേഷം തിരിച്ചറിയാനുള്ള ചിത്രമാണുള്ളത്. വിവിധ പ്രദേശങ്ങളിലെ വസ്ത്ര മാതൃകകളുടെ ഡിജിറ്റൽ പ്രദർശനം ക്ലാസിൽ സംഘടിപ്പിക്കാനും പറയുന്നു. ഇതു വലിയ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. മിക്ക സംസ്ഥാനങ്ങൾക്കും ഔദ്യോഗികമോ പൊതുവായതോ ആയ വേഷമില്ലെന്നിരിക്കെ ഓരോ സംസ്ഥാനത്തിന്റെയും വേഷവിധാനം ഏതു എന്ന് എങ്ങനെ പറയാൻ പറ്റുമെന്ന് അവർ ചോദിക്കുന്നു

