കൊച്ചി: മട്ടാഞ്ചേരി ബസാർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ബസാർ റോഡ് തടഞ്ഞു പ്രതിഷേധ സമരം നടത്തി.
വർഷങ്ങളായി തകർന്നു തരിപ്പണമായികിടക്കുന്ന ഈ റോഡ് നാളിതു വരെ നന്നാക്കാൻ സാധിക്കാത്തതു കോർപറേഷന്റെ അനാസ്ഥമൂലമാണെന്നു സമരക്കാർ ആരോപിച്ചു. ബസാർ റോഡ് ഒഴികെ ചുറ്റുമുള്ള എല്ലാ റോഡുകളും ടാർ ചെയ്തു വെള്ള ലൈൻ ഇട്ടു മനോഹരമാക്കുകയും ഇരു വശങ്ങളിലുമുള്ള മാലിന്യങ്ങൾ നീക്കം ചെയ്തു വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്ന അധികാരികൾ ബസാർ റോഡിന്റെ ശോചനീയാവസ്ഥ കണ്ടില്ലയെന്നു നടിക്കുന്നത് പ്രതിഷേധാർഹമാണ്.
കൂടാതെ റോഡിന്റെ ഇരുവശവുമുള്ള കാനകളുടെ നിർമാണത്തിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നു. പകുതിയോളം പൂർത്തിയാക്കിയ ഈ കാനകളുടെ പണി ഇപ്പോൾ നിർത്തി വെച്ചിരിക്കുകയാണ്.
ജീവമാതാ പള്ളിയിലേക്കും, തീർത്ഥാടന കേന്ദ്രമായ കൂനൻ കുരിശു ദേവാലയത്തിലേക്കും പ്രവേശിക്കുന്ന ഈ റോഡ് തകർന്നു കിടക്കുന്നതു മൂലം വിശ്വാസികൾക്കും, തീർത്ഥാടകർക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ബസാർ വ്യാപാര കേന്ദ്രമായതിനാൽ വ്യാപാരികൾക്കും ചരക്കു വാഹനങ്ങൾക്കും വലിയ ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്.
എത്രയും വേഗം ബസാർ റോഡ് ടാർ ചെയ്യണമെന്നും, നിർത്തിവച്ചിരുന്ന കാനകളുടെ നിർമാണങ്ങൾ പൂർത്തിയാക്കി റോഡിലെ മാലിന്യങ്ങൾ നീക്കം ചെയ്തു മനോഹരമാക്കണമെന്നും സംയുക്ത സമര സമിതി ആവശ്യപ്പെട്ടു.
കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ് സമരം ഉത്ഘാടനം ചെയ്തു. മട്ടാഞ്ചേരി ഇടവക വികാരി മോൺ. ആന്റണി തച്ചാറ അധ്യക്ഷത വഹിച്ചു. ഫാ. സജു ആന്റണി പുന്നക്കാട്ടുശ്ശേരി, ലിനു തോമസ്, ഫാ. ഷാർവിൻ സേവ്യർ പുത്തൻചക്കാലക്കൽ, ഷൈജു ആന്റണി, ജോസഫ് പ്രവീൺ, ബെറ്റ്സി ബ്ലെയിസ്, പി.ജെ ഷാജി, സി.എൽസി ജെയിൻ, ജോസഫൈൻ തുടങ്ങിയവർ സംസാരിച്ചു.

