കൊച്ചി: നിർമ്മാണ തൊഴിൽ മേഖലയിൽ ഉൾപ്പെടെയുള്ള അസംഘടിത തൊഴിലാളികളെ സർക്കാർ പരിഗണിക്കണമെന്ന് എച്ച് എം എസ് ദേശീയ സെക്രട്ടറി അഡ്വ. തമ്പാൻ തോമസ് ആവശ്യപ്പെട്ടു.
ക്ഷേമനിധി പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വർഷങ്ങളായി കൊടുക്കാത്തത് അനീതിയാണ്. കക്ഷിരാഷ്ട്രീയത്തിന് അധീതമായി തൊഴിലാളി യൂണിയനുകൾ ഒന്നിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നീറിക്കോട് സെൻ്റ് ജോസഫ് ഹാളിൽ നടന്ന കേരള ലേബർമൂവ്മെൻ്റ് കൂനമ്മാവ് മേഖല സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നീറിക്കോട് സെൻ്റ് ജോസഫ് പള്ളി വികാരി ഫാ. ജോർജ്ജ് കളത്തിപറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ എൽ എം മേഖല പ്രസിഡൻ്റ് ജോൺസൺ പാലക്കപറമ്പിൽ അദ്ധ്യക്ഷനായിരുന്നു. കെ എൽ എം വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ. ഡോ ആൻ്റണി സിജൻ മണുവേലിപ്പറമ്പിൽ, സംസ്ഥാന പ്രസിഡൻ്റ് ബാബു തണ്ണിക്കോട്ട്, എച്ച് എം എസ് സംസ്ഥന സെക്രട്ടറി ടോമി മാത്യു, കെ എൽ എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് ബിജു പുത്തൻപുരക്കൽ, ട്രഷറർ ജോർജ്ജ് പോളയിൽ, ടി. ജി ജോസഫ്, ജോസ് കാരക്കൽ, ജോബി മാതിരപ്പിള്ളി, സിജി വർഗീസ് എന്നിവർ പ്രസംഗിച്ചു.
മേഖല ഭാരവാഹികളായി ജോസഫ് ടി.ജി (പ്രസിഡൻ്റ്), നോബി തീയ്യാടി (ജന. സെക്രട്ടറി), സെബാസ്റ്റ്യൻ ഒ എ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.