തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍, റെയില്‍വേ വികസന രംഗത്ത് സംസ്ഥാനം സമര്‍പ്പിച്ച പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കേരളം. നിര്‍ദിഷ്ട സില്‍വര്‍ലൈന്‍ പദ്ധതി, വിഴിഞ്ഞം തുറമുഖത്തേയ്ക്കുള്ള റെയില്‍പാത അടക്കമുള്ള പദ്ധതികള്‍ സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്.
കേന്ദ്ര ബജറ്റ് തയ്യാറാക്കലിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് മന്ത്രി കെ എന്‍ ബാലഗോപാല്‍ കേരളത്തിന്റെ റെയില്‍വെ ആവശ്യങ്ങള്‍ അടക്കമുള്ളവ അവതരിപ്പിച്ചത്.
നിര്‍ദിഷ്ട സില്‍വര്‍ലൈന്‍ പദ്ധതി, റാപ്പിഡ് ട്രാന്‍സിറ്റ് പദ്ധതികള്‍, അങ്കമാലി-ശബരി, നിലമ്പുര്‍-നഞ്ചന്‍കോട്, തലശേരി-മൈസുരു റെയില്‍പാതകള്‍ എന്നിവക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ ഉണ്ടാകണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖത്തേയ്ക്കുള്ള റെയില്‍പാത അടക്കമുള്ള പദ്ധതികളിലൂടെ മാത്രമേ വിഴിഞ്ഞം തുറമുഖത്തിന്റെ പുര്‍ണ പ്രയോജനം രാജ്യത്തിന് ലഭിക്കൂ. ഇതിന് സര്‍ക്കാര്‍ മേഖലയില്‍ വലിയ നിക്ഷേപം ആവശ്യമാണെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.