കൊച്ചി :ചെല്ലാനം മറുവക്കാട് പാടശേഖരത്തിലെ നൂറോളം കുടുംബങ്ങൾ കഴിഞ്ഞ രണ്ടു മാസത്തിലേറെയായി കൃത്രിമ വെള്ളക്കെട്ട് മൂലം നിരന്തരമായി അനുഭവിക്കുന്ന ദുരിതങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കുവാൻ ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ മനോജിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം അന്വേഷണം ആരംഭിച്ചു .
ഓര് വെള്ളത്തിൽ മുങ്ങിയ പുരിയിടങ്ങളിൽ ദ്രവിച്ച് നശിച്ച വീടുകളും ചീഞ്ഞ് ഉണങ്ങിയ പച്ചക്കറി വിളകളും കുടുംബങ്ങൾ സംഘത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തി . ചെളി നിറഞ്ഞ വഴികളും പുരയിടങ്ങളും താണ്ടിയാണ് ഉദ്യോഗസ്ഥ സംഘം അന്വേഷണം തുടങ്ങിയത് . തുടർന്ന് രണ്ട് കിലോമീറ്റർ വള്ളത്തിൽ സഞ്ചരിച്ചു പാടശേഖരത്തിന്റെ കിഴക്കേ അതിരിൽ മൈനർ ഇറിഗേഷൻ വകുപ്പ് നിർമ്മിച്ചിട്ടുള്ള സംരക്ഷണ ചിറ സന്ദർശിച്ചു.
ഈ ചിറയാണ് കൊച്ചി അഴിമുഖത്ത് നിന്ന് കുമ്പളങ്ങി കായൽവഴി എത്തുന്ന ഉപ്പ് വെള്ളത്തിൽ നിന്ന് പൊക്കാളി കൃഷി വിളയുന്ന നെൽ വയലുകൾക്ക് സംരക്ഷണം നൽകുന്നത്. ഈ സംരക്ഷണ ചിറയിൽ സർക്കാർ ഫണ്ട് വിനിയോഗിച്ച് ഇറിഗേഷൻ വകുപ്പ് നെൽകൃഷിയുടെ ആവശ്യത്തിനുവേണ്ടി നിർമ്മിച്ചിട്ടുള്ള പത്താഴങ്ങൾ പാടശേഖര ഭാരവാഹികൾ തുറന്നിട്ട് ഇരിക്കുന്നത് കൊണ്ടാണ് കായലിലെ ഉപ്പുവെള്ളം കയറി നെൽവയലുകളും, വരമ്പുകളും,പച്ചക്കറി വിളകളും, പുരയിടങ്ങളും നശിക്കുന്നത് . മത്സ്യ വാറ്റിലൂടെ വൻ ലാഭം കൊയ്യുവാൻ വേണ്ടിയാണ് പാടശേഖരം ഈ ജനദ്രോഹ നടപടി സ്വീകരിച്ചിരിക്കുന്നത്.
വേലിയേറ്റം ഉണ്ടാകുമ്പോൾ പത്താഴങ്ങളുടെ തുറന്നിട്ട ഷട്ടറുകളിലൂടെ പുറം കായലിൽ നിന്ന് ഉപ്പുവെള്ളം 468 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിലേക്ക് മത്സ്യവാറ്റ് കോൺട്രാക്ടർ കടത്തിവിടുന്നു. 2010-ലെ ഉൾനാടൻ ഫിഷറീസ് ആക്ട് പ്രകാരം പോക്കാളി വയലുകളിൽ പുറമേ നിന്ന് വെള്ളം കയറ്റി ഇറക്കി മത്സ്യ കൃഷിക്ക് അനുവാദമില്ലാത്തതാണ്. തുറന്നിട്ട പത്താഴങ്ങൾ ഉദ്യോഗസ്ഥ സംഘം പരിശോധിച്ചു ഫോട്ടോകൾ എടുത്തു .
കൊച്ചി തഹസിൽദാർ സുനിത, പള്ളുരുത്തി ബ്ലോക്ക് കൃഷി അസിസ്റ്റൻറ് ഡയറക്ടർ സിന്ധു , ചെല്ലാനം കൃഷി ഓഫീസർ ഗായത്രി , മൈനർ ഇറിഗേഷൻ വകുപ്പ് ഏ.ഇ. ഗീതാ ലക്ഷ്മി എന്നിവരാണ് ഡെപ്യൂട്ടി കളക്ടറോട് ഒപ്പം സംഘത്തിൽ ഉണ്ടായിരുന്നത് .കുടുംബങ്ങളുടെ ദുരിതങ്ങളെ സംബന്ധിച്ച് ജില്ലാ കളക്ടർക്ക് പരാതി സമർപ്പിച്ച ജനകീയ പ്രതിരോധ സമിതിയുടെ ഭാരവാഹികളും
പ്രദേശവാസികളുമായ ഫ്രാൻസിസ് കളത്തിങ്കൽ, വർഗീസുകുട്ടി മുണ്ടുപറമ്പിൽ, സേവ്യർ തറയിൽ , ബെന്നി പുളിക്കൽ, ത്രേസ്യ തറയിൽ പറമ്പിൽ, മാഗി സേവിയർ, പുഷ്പൻ കണ്ണിപ്പുറത്ത് തുടങ്ങിയവർ ഉദ്യോഗസ്ഥ സംഘത്തിന് സഞ്ചരിക്കുന്നതിന് ആവശ്യമായ വള്ളവും മറ്റ് ക്രമീകരണങ്ങളും ഒരുക്കിക്കൊടുത്തു .
ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾ സമർപ്പിച്ച പരാതികൾ സ്വീകരിച്ച് ഡെപ്യൂട്ടി കളക്ടർ , പൊക്കാളി നില വികസന ഏജൻസിയുടെ (PLDA) ചെയർമാൻ കൂടിയായ ജില്ലാ കളക്ടർക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കും എന്ന പ്രതികരിച്ചു . തുടർന്ന് കുടുംബങ്ങളുടെ പ്രതിനിധികളും പാടശേഖരത്തിന്റെ ഭാരവാഹികളും ബന്ധപ്പെട്ട കൃഷി ഫിഷറീസ് റവന്യൂ വകുപ്പുകളുടെ ഒരു സംയുക്ത യോഗം എത്രയും പെട്ടെന്ന് വിളിക്കാമെന്ന് ഉറപ്പു നൽകി .