വരികളും ഈണവും ആലാപനവും ഒരേപോലെ മഹനീയമായി ചേര്‍ന്നപ്പോള്‍ നൈര്‍മല്യവും ലാവണ്യവും കൈവന്നിട്ടുള്ള അപൂര്‍വം ചില ഗാനങ്ങളുണ്ട്. എത്രയും ദയയുള്ള മാതാവേ എന്ന് തുടങ്ങുന്ന കീര്‍ത്തനം അങ്ങനെ പവിത്രമായ ഒന്നാണ്.
പരിശുദ്ധ മറിയത്തിന്റെ നിഷ്കളങ്കതയും കരുണയും ലാളിത്യവും സംഗീതമായി വരികളിലേക്കു സന്നിവേശിപ്പിക്കാന്‍ ജെറി അമല്‍ദേവിനു സാധിച്ചതിനാലാണു ഈ ഗാനം ഇത്രമേല്‍ ആര്‍ദ്രമായത്.
പാട്ടുകളുടെ ഓര്‍ക്കസ്ട്രേഷനും ആമുഖ സംഗീതവും ലളിതവും ചെറുതുമായിരിക്കണം എന്ന് ജെറി മാസ്റ്റര്‍ ഇപ്പോഴും പറയാറുണ്ട്. ഈ പാട്ടിനു മുന്‍പ് 10 സെക്കന്റ് മാത്രമാണ് ആമുഖമായി ഉപകരണങ്ങള്‍ വായിച്ചിട്ടുള്ളത്.
ഈ മരിയകീര്ത്തനം നമ്മുടെ ദേവാലയങ്ങളിലും പ്രാര്ഥനാമുറികളിലും കേള്‍ക്കാന്‍ തുടങ്ങിയിട്ടു 43 വര്‍ഷങ്ങളായി. കേരളത്തില്‍ കരിസ്മാറ്റിക് പ്രസ്ഥാനങ്ങളുടെ തുടക്കക്കാരായ മഞ്ഞുമ്മല്‍ കര്‍മ്മലീത്താ വൈദികര്‍ക്ക് വേണ്ടി ഫാ. ജോസഫ് മനക്കില് എഴുതി ജെറി അമല്‍ദേവ് സംഗീതം നല്കിയ നാലു കസെറ്റുകളുടെ സമാഹാരത്തിലെ ഗാനമാണിത്. ജെന്‍സിയാണ് ഈ ഗാനം പാടിയത്.
എത്രയും ദയയുള്ള മാതാവേ എന്ന പ്രാര്‍ഥനയുടെ ഗാനരൂപം ഫാ. ചെറിയാന് കുനിയന്തോടത്തു എഴുതിയതിനും ജെറി അമല്‍ദേവ് തന്നെയാണ് സംഗീതം നല്‍കിയിട്ടുള്ളത്. വല്ലാര്‍പാടം പള്ളിയില്‍ നിന്നു പുറത്തിറക്കിയ ‘ വല്ലാര്‍പാടത്തമ്മ ‘ എന്ന സമാഹാരത്തില്‍ ചേര്‍ത്തിട്ടുള്ള ദയയാല്‍ നിറയും മാതാവേ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിട്ടുള്ളത് സുനന്ദ പാലിയത്ത് ആണ്.
മഞ്ഞുമ്മല്‍ കര്‍മലീത്താ വൈദികര്‍ നടത്തിയിരുന്ന പോപ്പുലര്‍ മിഷന് ധ്യാനങ്ങളിലൂടെ ഈ പാട്ടുകള്‍ കൂടുതല്‍ പ്രചാരം നേടി.
എത്രയും ദയയുള്ള മാതാവേ എന്ന് തുടങ്ങുന്ന കീര്‍ത്തനത്തിന്റെ പിറവിയെക്കുറിച്ചു സംഗീതസംവിധായകന് ജെറി അമല്‍ദേവ് ഓര്‍ക്കുന്നു:
‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന എന്ന സിനിമയുടെ പാട്ടുകളുടെ റെക്കോര്‍ഡിങ് കഴിഞ്ഞു മദ്രാസില്‍ നിന്നും തിരിച്ചു വന്ന ദിവസമാണ് ഫാ. ജോസഫ് മനക്കില് എന്നെ വിളിച്ചിട്ടു ഈ വരികള്‍ ഏല്‍പ്പിക്കുന്നത്. കൊച്ചിയിലെ എഫ്.സി.സി. സഹോദരിമാരുടെ കോണ്‍വെന്റിലെ അതിഥികള്‍ക്കായുള്ള മുറിയില്‍ വച്ചാണു ഞാന്‍ ഈ പാട്ടിന്റെ സംഗീതം ഒരുക്കിയത്. നമ്മള് നിത്യപ്രാര്‍ഥനയില്‍ ചൊല്ലുന്ന എത്രയും ദയയുള്ള മാതാവേ എന്ന ജപത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താതെ അതിനോട് നൂറു ശതമാനവും നീതി പുലര്‍ത്തി അതിലളിതമായാണ് ഫാ. മനക്കില് ഇതെഴുതിയിട്ടുള്ളത്. അനാവശ്യമായി ഒരു വാക്കുപോലും അച്ചന് ചേര്‍ത്തിട്ടില്ല. എന്റെ അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒരുവിധം പാടുന്ന ആര്‍ക്കും പാടാന്‍ കഴിയുന്ന രീതിയിലാണ് ഞാന്‍ സംഗീതം നല്‍കിയത്. ഖരഹരപ്രിയ രാഗത്തിലാണ് ഈ പാട്ടിനു സംഗീതം നല്‍കിയത്. ഈ രാഗത്തിന്റെ പ്രതേകത ഇന്ത്യയിലും ഗ്രിഗോറിയന്‍ സംഗീതശാഖയിലും അറേബ്യയിലും യൂറോപ്പിലുമുണ്ട്.
നല്ല പാട്ടുകള്‍ ആളുകള്‍ കേള്‍ക്കുകയും പാടുകയും വേണമെന്ന ആഗ്രഹത്താലാണ് ഫാ . മനക്കില് ഇങ്ങനെ പാട്ടുകള്‍ തയ്യാറാക്കിയിരുന്നത്. യാതൊരു ലാഭേച്ഛയും ഇല്ലാത്തൊരു പുണ്യമനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹം. അന്ന് കുട്ടിയായിരുന്ന ജെന്‍സിയാണ് ഈ പാട്ടു അതിമനോഹരമായി പാടിയത്. ഇന്നും ഈ പാട്ടു എല്ലായിടത്തും പാടിക്കേള്ക്കുന്നതില്
സന്തോഷം.’
തെന്നിന്ത്യന്‍ സിനിമ സംഗീതരംഗത്തെ തിളക്കമാര്‍ന്ന ഗായിക ജെന്‍സി ഈ പാട്ടിന്റെ റെക്കോര്‍ഡിങ് ഓര്‍മ്മകള്‍ പങ്കുവെച്ചു.
‘ഫാ. ജോസഫ് മനക്കില് – ജെറി അമല്‍ദേവ് സഖ്യത്തിന്റെ കുറെ മികച്ച ഗാനങ്ങള്‍ പാടുന്നതിനു എനിക്ക് ദൈവാനുഗ്രഹമുണ്ടായി. ഈ പാട്ടു സിഎസിയിലെ സ്റ്റുഡിയോയിലാണ് ഞാന്‍ പാടിയത്. ഈ പാട്ടിന്റെ വരികളിലും സംഗീതത്തിലുമുള്ള ലാളിത്യം തന്നെയായിരിക്കും ഈ പാട്ടിനു ഇത്രയേറെ സ്വീകാര്യത ലഭിക്കാന്‍ കാരണമെന്നു ഞാന്‍ കരുതുന്നു. ഖാദി ളോഹയിട്ടു ചിരിക്കുന്ന മുഖവുമായി വന്നു പാട്ടുകളെക്കുറിച്ചു മാത്രം സംസാരിക്കുന്ന മനക്കിലച്ചനെ പ്രാര്‍ഥനയോടെ ഓര്‍ക്കുന്നു.
ജെറി മാസ്റ്ററില്‍ നിന്നു നേരിട്ടു പാട്ടുപഠിക്കാന്‍ കഴിഞ്ഞു എന്നത് ജീവിതത്തില്‍ ലഭിച്ച അപൂര്‍വ ഭാഗ്യമായി ഞാന്‍ കാണുന്നു. ഇന്നും ഈ പാട്ടു പള്ളികളില്‍ പാടിക്കേള്‍ക്കുമ്പോള്‍ അറിയാതെ എന്റെ കണ്ണു നിറയും.’ പരിശുദ്ധ മാതാവിന്റെ വിശുദ്ധിയുടെ പരിമളം പരത്തി ഈ പാട്ട് ഇന്നും വിരാജിക്കുന്നു.