കൊച്ചി: സീറോ മലബാര്‍സഭയുടെ വലിയ ഇടയനെ സന്ദര്‍ശിച്ച് അനുഗ്രവും ആശീര്‍വാദവും സഹകരണവും നല്‍കാനും ആഹ്ളാദം പങ്കിടാനും കേരള ലത്തീന്‍ സഭയിലെ മെത്രാന്മാര് സീറോ മലബാര്‍ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിലെത്തി. കേരള ലത്തീന്‍ സഭയുടെ ഉന്നതാധികാര സമിതിയായ കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) നാളെ (ശനി) ആരംഭിക്കുന്ന ദ്വിദിന അസംബ്ലിയില്‍ പങ്കെടുക്കാനെത്തിയ മെത്രാന്മാരാണ് ഇന്ന് രാത്രി 9 മണിയോടെ സീറോ മലബാര്‍ സഭാ ആസ്ഥാനത്തെത്തിയത്.
കേരള ലത്തീന്‍ സഭാ മെത്രാന്മാരുടെ കൂട്ടായ്മയായ കെആര്‍എല്‍സിബിസി പ്രസിഡന്റും കോഴിക്കോട് ബിഷപ്പുമായ ഡോ. വര്‍ഗീസ് ചക്കാലക്കല്‍, തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, കൊല്ലം മെത്രാന് ഡോ. പോള്‍ ആന്റണി മുല്ലശേരി, നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍, പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ആലപ്പുഴ മെത്രാന് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍, തിരുവനന്തപുരം അതിരൂപത സഹായ മെത്രാന് ഡോ. ക്രിസ്തുദാസ് രാജപ്പന് എന്നിവരാണ് സീറോ മലബാര്‍ സഭയുടെ നാലാമത്തെ മേജര്‍ ആര്‍ച്ച്ബിഷപ്പായി അഭിഷിക്തനായ മാര്‍ റാഫേല്‍ തട്ടിലിനെ സന്ദര്‍ശിച്ചത്.
സീറോ മലബാര്‍ സഭയെ വിശ്വാസവീഥിയില്‍ നയിക്കാനുള്ള കഴിവും അനുഗ്രഹവും ദൈവം മാര്‍ തട്ടിലിന് പ്രദാനം ചെയ്യട്ടെയെന്ന് ബിഷപ്പുമാര്‍ ആശംസിച്ചു. തൃശൂര്‍ രൂപതാ സഹായ മെത്രാനായിരിക്കെ സാംസ്കാരിക നഗരിയുടെ മനം കവര്‍ന്ന തട്ടില്‍ പിതാവിന് സീറോ മലബാര്‍ സഭയെ ഒന്നിച്ചണിനിരത്താന്‍ സാധിക്കുമെന്ന പ്രത്യാശ അവര്‍ പങ്കുവച്ചു. അതിനുള്ള എല്ലാ പ്രാര്‍ഥനാ സഹായവും സഹോദരസഭ വാഗ്ദാനം ചെയ്തു. ഷംഷാബാദ് രൂപത മെത്രാനായിരിക്കുമ്പോഴും സുസ്ത്യര്‍ഹമായ സേവനമാണ് മാര്‍ തട്ടില്‍ സഭയ്ക്കും ജനത്തിനുമായി ചെയ്തതെന്ന് ലത്തീന്‍ ബിഷപ്പുമാര്‍ അനുസ്മരിച്ചു. മാര്‍ റാഫേല്‍ തട്ടില്‍ നന്ദി പ്രകാശിപ്പിച്ചു. ‘നമുക്ക് ഒന്നിച്ച് കൈകോര്‍ത്ത് സഭയെ നയിക്കാമെന്ന്’അദ്ദേഹം പറഞ്ഞു.
കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, മീഡിയ കമ്മീഷന് സെക്രട്ടറി ഫാ. ജോണ്‍ കാപ്പിസ്റ്റന്‍ ലോപ്പസ് എന്നിവരും സന്നിഹിതരായിരുന്നു.