ഡൽഹി:താൻ ഒരു അഴിമതിയും നടത്തിയിട്ടില്ലെന്ന് അരവിന്ദ് കെജ്രിവാൾ. മദ്യനയ കേസില്‍ ഇഡി ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്ന് അഭ്യൂഹം പരക്കുന്ന സാഹചര്യത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഡൽഹി മുഖ്യമന്ത്രി . ബിജെപി തന്നെ ലക്ഷ്യം വെക്കുന്നതായും അദ്ദേഹം ആരോപിച്ചു.
ബിജെപിയിൽ ചേരാത്ത നേതാക്കളെ ജയിലിൽ അടക്കുന്ന സാഹചര്യമാണുള്ളത്. തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി നടത്തുന്ന രാഷ്ട്രീയ നീക്കമാണിത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തെ തടസപ്പെടുത്താനാണ് അവരുടെ ശ്രമം.തന്നെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. തനിക്കെതിരെയുള്ളത് കള്ളക്കേസ് ആണ്. രാജ്യത്തിനായി പോരാട്ടം തുടരുമെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
മൂന്നു തവണയും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ കെജ്രിവാള് തയ്യാറാവാതിരുന്നതിനാലാണ്, അദ്ദേഹത്തെ ഇന്ന് ഇഡി അറസ്റ്റു ചെയ്തേക്കുമെന്ന് അഭ്യൂഹം ശക്തമായത്. കെജ്രിവാളിന്റെ വസതിയില്‍ റെയ്ഡ് നടത്തിയ ശേഷം അറസ്റ്റുണ്ടാകുമെന്നാണ് എഎപി പറയുന്നത്. കെജ്രിവാളിന്റെ വസതിയിലേക്കുള്ള റോഡുകള്‍ ഡല്‍ഹി പൊലീസ് അടച്ചതായും എഎപി നേതാക്കൾ ആരോപിച്ചു.