തിരുവനന്തപുരം: പോക്സോ കേസുകൾ കോടതിക്ക് പുറത്ത് ഒത്തു തീർപ്പാക്കുന്നുവെന്ന അതീവ ഗൗരവമുള്ള കണ്ടെത്തലുമായി സംസ്ഥാന ഇന്റലിജൻസ് വിഭാഗം. കേസുകൾ കോടതിക്ക് പുറത്ത് ഒത്തു തീർപ്പാക്കുന്നതിന് ഇടനിലക്കാരാകുന്നത് പബ്ലിക്പ്രോസിക്യൂട്ടർമാരും പൊലീസും ആണെന്നാണ് ഇന്റലിജൻസിന്റെ കണ്ടെത്തൽ .
പിന്നാലെ ഡിജിപി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ വിഷയം ചർച്ച ചെയ്തു. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുകൾ പരിശോധിക്കാൻ ഡിജിപി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നിർദേശം നൽകിയിട്ടുണ്ട് .
ഡിഐജിമാർ ഓരോ കേസുകളും പ്രത്യേകം പഠിക്കണമെന്നും കോടതിയിലെ കേസുകള്‍ നിരീക്ഷിക്കാനും ഡിജിപി നിർദേശം നൽകി.
സാക്ഷികളെയും ഇരകളെയും സഹായിക്കാൻ പ്രത്യേകം പൊലിസ് ഉദ്യോഗസ്ഥരെ നിയമിക്കാനും തീരുമാനമുണ്ട്. എഫ്ഐആർ റജിസ്റ്റർ ചെയ്യുമ്പോൾ തന്നെ പോക്സോ കേസുകളിൽ ക്രമക്കേടുകൾ ആരംഭിക്കുന്നതായി ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാർ യോഗത്തിൽ റിപ്പോർട്ട് ചെയ്തു.