മുംബൈ:മഹാരാഷ്ട്രയിലെ നവി മുംബൈയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് 24 മണിക്കൂറിനുള്ളിൽ പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളെയും രണ്ട് ആൺകുട്ടികളെയും കാണാതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
12 നും 15 നും ഇടയിൽ പ്രായമുള്ള കുട്ടികളെ ഡിസംബർ 3 നും 4 നും ഇടയിലാണ് കാണാതായത്. തിങ്കളാഴ്ച കോപ്പർകർണയിൽ നിന്ന് കാണാതായ 12 വയസ്സുകാരനെ പിന്നീട് താനെ റെയിൽവേ സ്റ്റേഷനിൽ വച്ച് കണ്ടെത്തിയതായും മറ്റു കുട്ടികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് അറിയിച്ചു . കലംബോലിയിൽ 13 വയസ്സുള്ള പെൺകുട്ടി ഞായറാഴ്ച സഹപാഠിയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുത്തിരുന്നുവെന്നും പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.
പനവേലിൽ നിന്നുള്ള 14 വയസ്സുള്ള പെൺകുട്ടി ഞായറാഴ്ച സുഹൃത്തിന്റെ വീട്ടിൽ പോയ ശേഷം താമസസ്ഥലത്തേക്ക് മടങ്ങിയെത്തിയിട്ടില്ല. കമോത്തെയിൽ തിങ്കളാഴ്ച 12 വയസ്സുള്ള പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് വീട്ടുകാർ പറയുന്നു. സമാനമായ രീതിയിലാണ് റബാലെയിലെ 13 വയസ്സുകാരിയെയും കാണാതായത്. രാവിലെ സ്കൂളിലേക്ക് പോയെങ്കിലും പിന്നീട് തിരികെ വന്നിട്ടില്ല. കൂടാതെ, റബാലെയിൽ നിന്നുള്ള 13 വയസ്സുള്ള ആൺകുട്ടി തിങ്കളാഴ്ച പുലർച്ചെ ഒരു പൊതു ടോയ്ലറ്റിൽ പോയ ശേഷം പിന്നീട് വിവരമില്ല.
ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിൽ തട്ടിക്കൊണ്ടുപോകൽ കേസുകൾ അധികൃതർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.