അനില്‍ ആന്റണി കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകനാണ്. അനിലും കോണ്‍ഗ്രസുകാരനാണ്. കോണ്‍ഗ്രസിന്റെ മീഡിയാ സെക്ഷന്‍ തലവനായിരുന്നു. ബിബിസിയുടെ ഡോക്യുമെന്ററി (BBC documentary on P.M.Modi., India , the Modi Question)ഇന്ത്യയില്‍ പ്രദര്പ്പിക്കുന്നതു ദേശവിരുദ്ധമാണെന്നു വിളിച്ചു പറഞ്ഞു. കുട്ടിക്കോണ്ഗ്രസുകാര്ക്കു ഹാലിളകി. അവര്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങി. അനില്‍ പ്രതിഷേധം സഹിക്കവയ്യാതെ കോണ്‍ഗ്രസിലെ ഔദ്യേഗിക പദവി രാജിവച്ചു, കോണ്‍ഗ്രസും വിട്ടു. പക്ഷേ ആലോചിച്ചു നോക്കൂ, ഏതാണു ശരി? കുട്ടിക്കോണ്ഗ്രസോ….അതോ അനിലോ? അനില്‍ പറഞ്ഞതായിരുന്നില്ലേ ശരി?. കുട്ടിക്കോണ്ഗ്രസുകാര് ഇപ്പോഴും ബ്രിട്ടീഷ് ആധിപത്യത്തിന് കീഴിലാണോ. കോളനിവാഴ്ചയുടെ ബൗദ്ധികഭാരം ഇപ്പോഴും പേറുന്ന അവര്‍ക്ക് സ്വതന്ത്ര ചിന്തയുണ്ടാവില്ല. ജെഎന്‍യുവിലും മറ്റു പല യൂണിവേഴ്സിറ്റികളിലും ഇടതുപക്ഷ യുവാക്കളും ഡോക്കുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി തല്ലുകൊള്ളാനും തയ്യാര്‍. മോദിയെത്തല്ലാന് കിട്ടിയവടി എന്ന നിലയിലാണ് അവരൊക്കെയും കൊണ്ടുപിടിച്ചു നടക്കുന്നത്. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനും കാണാനും പ്രചരിപ്പിക്കാനും ഇടതുപക്ഷ യുവാക്കള്‍ യുദ്ധസന്നാഹത്തോടെ നിലയുറപ്പിച്ചിരിക്കുന്നു. ബിബിസിയുടെ ഫാസിസ്റ്റ് നടപടികളോട ്ഇവരുടെ നിലപാടെന്താണ്?
തല്ലേണ്ടതാരെയാണ്? മോദിയെയോ നമ്മുടെ രാജ്യത്തിന്റെ ആഭ്യന്തകാര്യങ്ങളില്‍ ഇടപെട്ട് നാടിനെ അരാജകത്വത്തിലേക്കു വലിച്ചിഴയക്കാന്‍ ശ്രമിക്കുന്ന ബിബിസിയെയോ?
ഇന്ത്യയെ പാഠം പഠിപ്പിക്കാന്‍ ബിബിസിയെ ആരാണു ചുമതലപ്പെടുത്തിയത്. മോദി വിരുദ്ധതയുടെ പേരില്‍ അമ്മനാടിനെ അപമാനിക്കാന്‍, നാടിന്റെ ഭദ്രതയെ തകര്‍ക്കാന്‍ വിട്ടുകൊടുക്കണോ. നമ്മുടെ നാടിനെ നന്നാക്കാന്‍ നമുക്കു ബിബിസിയുടെ വക്കാലത്തു വേണോ. അഭിപ്രായസ്വാതന്ത്ര്യവും വിമര്‍ശനവും വേണം. പക്ഷേ നമ്മുടെ നാടിന്റെ പരമാധികാരത്തെ ചോദ്യംചെയ്യുന്ന രീതിയിലാകണോ.
കേന്ദ്രസര്‍ക്കാര്‍ അതിന്റെ പ്രദര്‍ശനം ഔദ്യോഗികമായി തടഞ്ഞതുപോലാണ്. ഒരുവിധത്തില്‍ പറഞ്ഞാല്‍ സര്‍ക്കാരിന്റെ പ്രദര്ശനവിരുദ്ധ നിലപാടാണ് തേടിപ്പിടിച്ചു കാണാന്‍ വഴിയൊരുക്കിയത്. സോഷ്യല്‍ മീഡിയായില്‍ വലിയ കോലാഹലം നടക്കുന്നു.. നമ്മുടെ നാട്ടില്‍നിന്ന് നമ്മള് തന്നെ വിമര്ശിച്ചുകൊണ്ടെഴുതിയെങ്കില് അതു നമുക്കംഗീരിക്കാം. ഇതു കോളണിവാഴ്ചയുടെ കാലമല്ലല്ലോ. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ എന്തുമാത്രം ക്രൂരതയാണ്് കാട്ടിക്കൂട്ടിയിട്ടുള്ളത്. ആ നിലയക്ക് അവര്‍ക്ക് നമ്മളെ ചോദ്യം ചെയ്യാന്‍ എന്തു ധാര്‍മ്മികതയാണുള്ളത്. ഇത് വരാനിരിക്കുന്ന ഇന്ത്യയിലെ തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടല്ലെന്നു പറയാമോ. അങ്ങനെയെങ്കില്‍ നമ്മുടെ തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ബിബിസിക്കാരാണ് അധികാരം കൊടുത്തത്. മോദി ഗുജറാത്തില്‍ ചെയ്തതൊന്നും ശരിയൊന്നുമല്ല. അതു നമ്മള് അംഗികരിക്കുന്നുമില്ല. പക്ഷേ ബിബിസിക്കാരന് ഇങ്ങനെ ചെയ്യുന്നതിനു നമ്മള് കുടപിടിക്കണമോ. ആ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലിടപെട്ട് നമ്മള് ഡോക്യുമെന്ററി പുറത്തുവിട്ടാല്‍ അവര്‍ അംഗീകരിക്കുമോ. ഇനി പറയൂ അനില്‍ ആന്റണിയായിരുന്നില്ലേ ശരി ?
ഇന്ത്യയെ നടന്നു കണ്ട രാഹുല്‍
ദേബാശിഷ് ചാറ്റര്‍ജിയുടെ ദ ക്ലാസ്സ് ആക്ട് എന്ന ഗ്രന്ഥത്തില്‍ ഒരു കഥ പറയുന്നു. ചൈനയിലെ ഒരു രാജാവ് തന്റെ മകനെ നേതാവാക്കാന്‍ പരിശീലിപ്പിക്കണമെന്നാശ്യപ്പെട്ട് ഒരു ഗുരുവിന്റെയടുത്തത്തി. രാജാവ് ഗുരുവിനോട് തന്റെ ആവശ്യമുണര്‍ത്തിച്ചു. ഗുരു ബാലനോടു പറഞ്ഞു. നീ കാട്ടിലേക്കു പോകുക. അവിടെ താമസിക്കുക. എല്ലാ പാഠങ്ങളും പഠിക്കാനുള്ള ഇടമാണല്ലോ കാട്. അവിടെ ഒരാണ്ടു ജീവിച്ചിട്ട് തിരിച്ചുവരണം. പയ്യന് പോയി ഒരാണ്ടു കഴിഞ്ഞപ്പോള്‍ തിരിച്ചെത്തി. ഗുരു ഒരു ചോദ്യമേ ചോദിച്ചുള്ളു. നീ അവിടെ എന്തൊക്കെ ശബ്ദങ്ങള്‍ കേട്ടു. ചെറുപ്പക്കാരന് പറഞ്ഞു പുഴ ഒഴുകുന്ന ശബ്ദം, മൃഗങ്ങളുടെ ശബ്ദം, മരച്ചില്ലകളുടെ മര്‍മ്മര ശബ്ദം. അങ്ങനെ പലതരം ശബ്ദം ഞാന്‍ കേട്ടു. ഗുരു പറഞ്ഞു പോരല്ലോ. ഒരുകാര്യം ചെയ്യ് ഒരിക്കല്‍കൂടി പോകുക. മറ്റെന്തെങ്കിലും ശബ്ദം, അതും ഇതുവരെ കേട്ടിട്ടില്ലാത്ത ശബ്ദം കേട്ടാല്‍ തിരികെവരിക. ഒരാണ്ടുകഴിഞ്ഞപ്പോള് പയ്യന് തിരികെവന്നു. ഗുരു ചോദിച്ചു, നീ എന്താണു പുതുതായി കേട്ടത്. ഞാന്‍ പൂക്കള്‍ വിടരുന്ന ശബ്ദം കേട്ടു. സൂര്യന് ഭൂമിയെ ചൂടുപിടിപ്പിക്കുന്ന ശബ്ദം കേട്ടു. പുല്ക്കൊടികള് പ്രഭാതത്തിലെ മഞ്ഞുകണങ്ങളെ കുടിക്കുന്ന ശബ്ദം കേട്ടു. ഇവയൊന്നും ഞാനിതുവരെ കേട്ടിട്ടുണ്ടായിരുന്നില്ല. ഗുരു പറഞ്ഞു നീ വീട്ടിലേക്കു പോകുക, ഒരു നേതാവിനു വേണ്ടഗുണങ്ങള് നീ ആര്‍ജ്ജിച്ചു കഴിഞ്ഞു. ആരാണ് ഒരു നേതാവ്. ആരും കേട്ടിട്ടില്ലാത്തവ, ഇന്നുവരെ കേട്ടിട്ടില്ലാത്തവ കേള്‍ക്കുന്നവനാകണം. പുതിയതു കണ്ടെടുക്കാന്‍ കഴിയണം. പുതിയ ചിന്തകളുണ്ടാകണം. താന്‍ നയിക്കുന്ന ജനങ്ങള്‍ക്കു വേണ്ടി ഒരു പുതിയ ലോകം സ്വപ്നം കാണാന്‍ പ്രാപ്തനായിരിക്കണം. മറ്റുള്ളവരുടെ കാഴ്ചകള്‍ക്കപ്പുറം കാണാന്‍ കഴിയണം.
രാഹുല്‍ ഇതാ നാട്ടില്‍ ഇറങ്ങി നടക്കുന്നു, ഇന്ത്യയെ കാണാന്‍. അതെ ആരും കാണാത്ത ഇന്ത്യയെ കാണാന്‍. ഇവിടത്തെ കണ്ണീരും ദുരിതങ്ങളും ആകുലതകളും വ്യഥകളും നേരില്‍ കണ്ടിരിക്കുന്നു.
പണ്ടു പപ്പുകുട്ടിയെന്നു വിളിച്ചു കളിയാക്കിയിട്ടുണ്ടു രാഹുലിനെ, അതും പാര്‍ലമെന്റില്‍. രാഹുല്‍ ഇന്നിപ്പോള്‍ ഇന്ത്യയുടെ പ്രതീക്ഷയുള്ള പക്വതവന്ന നേതാവാണ്. ഇന്ത്യ കാണാന്‍ ഗ്രാമങ്ങളിലേക്കു പോകണമെന്നത് പണ്ടു മുതല്ക്കേ എല്ലാ നേതാക്കളും പറയാറുള്ളതാണ്. ഇന്ത്യയുള്ളത് ഗ്രാമങ്ങളിലാണ്. ഇന്ത്യയെ ഒന്നു കാണാന്‍ ഒരുപാടുപേര് പരിശ്രമിച്ചിട്ടുണ്ട്. എന്നാല്‍ രാഹുലിനെപ്പോലെ ഇന്ത്യയെ മുഴുവനായി നടന്നു കണ്ടിട്ടുള്ള ഒരു നേതാവു വേറെയില്ല. രാഹുല്‍ ഇപ്പോള്‍ പഴയ പപ്പുവല്ല. അങ്ങനെയിരിക്കുമ്പോള്‍ അപ്രത്യക്ഷപ്പെടുന്ന കുട്ടിയല്ല. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 4000 കിലോമീറ്ററിലേറെ നടന്നു കണ്ട നേതാവാണ്. ഇന്ത്യയെ ജീവിതത്തിലേക്കേറ്റെടുത്ത നേതാവാണ്. ഇടയ്ക്കുവച്ചു നിര്‍ത്താന്‍ പ്രേരിപ്പിക്കുന്ന സാഹചര്യങ്ങള്‍ ഒട്ടേറെയുണ്ടായി. പക്ഷേ രാഹുല്‍ ഉറച്ചുനിന്നു. രാഹുല്‍ ഇന്ത്യയെ കണ്ടു. രാഹുലിനെ ഇന്ത്യയും കണ്ടു. രാഹുല്‍ പറഞ്ഞു, എനിക്കെന്റെ ജനങ്ങള്‍ അവരുടെ ഹൃദയമാണു നല്‍കിയത്. അതെ ജനങ്ങളുടെ ഹൃദയം കവര്‍ന്ന രാഹുല്‍ പുതിയ ഇന്ത്യയുടെ പുതിയ നേതാവാണ്. ഇന്ത്യയെ നടന്നു കണ്ട രാഹുല്‍. ഇന്ത്യ കാത്തിരുന്ന നേതാവ്.