സൗരോര്‍ജ പ്ലാന്റുകളും തമിഴ്നാട്ടിലെ കാറ്റാടിയന്ത്രപ്പാടങ്ങളില് ബിസിനസ് പങ്കാളിത്തവും വാഗ്ദാനം ചെയ്ത് സംസ്ഥാനത്തുടനീളം ഒട്ടേറെ നിക്ഷേപകരില്‍ നിന്ന് കോടിക്കണക്കിനു രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട അറുപതോളം കേസുകളില്‍ പ്രതിയായ ഒരു ‘അവതാരത്തെ’ കരുവാക്കി കേരള രാഷ്ട്രീയത്തിലെ പരമ നികൃഷ്ടവും ദുര്ഗന്ധപൂരിതവുമായ ഉത്തരാധുനിക ലൈംഗികാപവാദ ചരിതം മെനഞ്ഞവരെ കാലം പ്രതിക്കൂട്ടില്‍ കയറ്റുകയാണ്. സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ ആറ് സമുന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് സിബിഐ നല്കുന്ന ക്ലീന്‍ചിറ്റ്, ജനാധിപത്യത്തിന്റെ അഭിജാതമര്യാദകളും പ്രതിപക്ഷബഹുമാനവും സത്യസന്ധതയും നീതിനിഷ്ഠയും എന്തെന്നറിയാത്ത പിണറായി വിജയനെ തുടര്‍ഭരണത്തില്‍ വേട്ടയാടിക്കൊണ്ടിരിക്കുന്ന അഭിശാപങ്ങളില്‍ മറ്റൊരു കനത്ത പ്രഹരംതന്നെയാണ്. വലതുപിന്തിരിപ്പന്ശക്തികളുടെ തട്ടിപ്പിനും വെട്ടിപ്പിനും അഴിമതിക്കും സദാചാരഭ്രംശത്തിനും ധാര്മ്മികച്യുതിക്കുമെതിരായ വിപ്ലവപാര്‍ട്ടിയുടെ നിതാന്ത പോരാട്ടത്തില്‍ സോളാര്‍ കേസിലെ വിവാദ നായിക സരിത എസ്. നായരെ പോലുള്ള ഒരു ‘ഇരയെ’ മുന്നില്‍നിര്‍ത്തി രണ്ടു തിരഞ്ഞെടുപ്പുകളില്‍ അദ്ഭുതം സൃഷ്ടിച്ച പിണറായിക്ക്, പി.സി ജോര്‍ജിനെയും സ്വപ്ന സുരേഷിനെയും പോലെ തന്നെ അലോസരപ്പെടുത്തുന്നവരെ ഇടതുമുന്നണിയുടെ സുസ്ഥിരഭരണം അട്ടിമറിക്കാനുള്ള ഗൂഢാലോചനക്കേസില്‍ അകപ്പെടുത്താനും അതേ ആഭാസപ്രതിമൂര്ത്തിയെ വിളിച്ചുവരുത്തുന്ന ദുഷിച്ച അഭിചാരതന്ത്രം കനത്ത തിരിച്ചടിയാകുമെന്ന മുന്നറിയിപ്പുകൂടിയാണത്.
തന്റെ പൊതുജീവിതം എന്നും ജനങ്ങളുടെ മുന്നില്‍ തുറന്ന പുസ്തകമായിരുന്നു, ജനങ്ങളില്‍ നിന്ന് ഒന്നും ഒളിച്ചുവയ്ക്കാനും താന്‍ ശ്രമിച്ചിട്ടില്ല എന്ന് ഉമ്മന്‍ ചാണ്ടി പറയുമ്പോള്‍, രോഗാതുരനായ, എഴുപത്തൊമ്പതുകാരനായ ആ ജനനായകന്, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്രകാഠിന്യമില്ലാത്ത മനുഷ്യരുടെ മനസ്സാക്ഷിയെ നൊമ്പരപ്പെടുത്തുന്ന രാഷ്ട്രീയ, സാമൂഹിക യാഥാര്‍ഥ്യങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. കേരളനിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം – 52 വര്‍ഷം – അംഗമായിരുന്നതിന്റെ റെക്കോര്‍ഡ് സ്വന്തമാക്കിയ, പുതുപ്പള്ളിയില്‍ നിന്ന് 1970 മുതല്‍ തുടര്‍ച്ചയായി 12 തവണ തിരഞ്ഞെടുപ്പില്‍ വിജയിച്ച, രണ്ടു തവണ കേരളത്തിന്റെ മുഖ്യമന്ത്രിയും ഒരുവട്ടം പ്രതിപക്ഷനേതാവും നാലു തവണ മന്ത്രിയുമായിരുന്ന ഉമ്മന്‍ ചാണ്ടി, എട്ടു വര്‍ഷം മുന്‍പ് സോളാര്‍ വിവാദം ആളിപ്പടര്‍ന്ന നാളുകളില്‍ നിയമസഭയിലും പുറത്തും, അതിനിശിതമായി ദണ്ഡിക്കുകയും ദയാദാക്ഷിണ്യമില്ലാതെ വിധിക്കുകയും ചെയ്തുകൊണ്ടിരുന്ന മാധ്യമവിചാരിപ്പുകാരുടെ മുന്നിലും എത്ര ആര്‍ജ്ജവത്തോടെയും സംയമനത്തോടെയും ഉത്തമബോധ്യത്തോടെയും സുതാര്യതയോടെയുമാണ് തന്റെ ന്യായവും നിലപാടുകളും ബോധിപ്പിച്ചുകൊണ്ടിരുന്നത് എന്നോര്‍ക്കുമ്പോള്‍, പിണറായി ഭരണത്തില്‍ നമ്മുടെ ജനാധിപത്യസംവാദങ്ങള്‍ എത്രത്തോളം സത്യാനന്തര വ്യാജവാര്ത്താനിര്മിതിയും ഗീബല്‍സിയന്‍ നുണകളുമായി താദാത്മ്യപ്പെട്ടുവെന്ന് വ്യക്തമാകും. രാഷ്ട്രീയ പകപോക്കലിന്, ഒരു നേതാവിന്റെ സല്‍പ്പേര് കളങ്കപ്പെടുത്തുന്ന വ്യക്തിഹത്യയ്ക്ക്, ലൈംഗികാപവാദത്തെക്കാള് മ്ലേച്ഛമായ തന്ത്രമില്ലെന്ന് കമ്യൂണിസ്റ്റുകാര്‍ക്ക് നന്നായറിയാം.
ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് എന്ന തന്റെ തട്ടിപ്പുകമ്പനിയുടെ പ്രൊഫൈല്‍ ഉയര്‍ത്തുന്നതിന് അധികാരത്തിന്റെ ഇടനാഴിയില്‍ പലവിധ പ്രലോഭനങ്ങളുമായി കയറിയിറങ്ങിയ സരിതയുമായി മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഓഫിസിലെ മൂന്ന് സ്റ്റാഫ് അംഗങ്ങള്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ പുറത്തുവന്നതോടെയാണ് യുഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ നേതൃത്വത്തില്‍ 2013 ഓഗസ്റ്റില്‍ ഒരുലക്ഷത്തോളം വരുന്ന എല്‍ഡിഎഫ് അണികള്‍ 30 മണിക്കൂര്‍ സംസ്ഥാന സെക്രട്ടേറിയറ്റ് വളഞ്ഞത്. സര്‍ക്കാരുമായി ഒരു ബന്ധവുമില്ലാത്ത 10 കോടി രൂപയുടെ നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ കാര്യാലയത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുമെന്ന് ഉറപ്പാക്കിയാണ് എല്‍ഡിഎഫ് ഉപരോധം പിന്‍വലിച്ചത്. ആറുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശത്തോടെ 2013 ഒക്ടോബര്‍ 29ന് ഉമ്മന്‍ ചാണ്ടി ജസ്റ്റിസ് ജി. ശിവരാജന് കമ്മിഷനെ നിയമിച്ചു. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി
കമ്മിഷന് മുമ്പാകെ മൊഴി നല്കാന് 14 മണിക്കൂര്‍ നേരിട്ട് ഹാജരായി.
പ്രധാനമായും സരിതയുടെ മൊഴിയും സോളാര്‍ തട്ടിപ്പിലെ ആദ്യകേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുമ്പോള്‍ സരിത എഴുതിയതെന്നു പറയുന്ന കത്തും ആധാരമാക്കി ശിവരാജന് കമ്മിഷന് നാലു വാല്യങ്ങളുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കുന്നത് ആദ്യ പിണറായി സര്‍ക്കാര്‍ അധികാരത്തിലേറി ഒരു വര്‍ഷം കഴിഞ്ഞാണ്, 2017-ല്‍. ആറുമാസം കാത്തിരിക്കാതെ, ആറാഴ്ചയ്ക്കുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയന് കേരള നിയമസഭയുടെ ഏറ്റവും ഹ്രസ്വമായ സമ്മേളനം – 40 മിനിറ്റ് മാത്രം നീണ്ടുനിന്നത് – വിളിച്ചുകൂട്ടി ആ കമ്മിഷന് റിപ്പോര്‍ട്ട് സഭയില്‍ വച്ചു. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രിയുടെ പഴ്സനല്‍ സ്റ്റാഫ് അംഗങ്ങളും മൂന്ന് യുഡിഎഫ് മന്ത്രിമാരും രണ്ട് കേന്ദ്രസഹമന്ത്രിമാരും ഒരു എംപിയും രണ്ട് എംഎല്‍എമാരും രണ്ട് ഐപിഎസ് ഓഫിസര്‍മാരും ഉള്‍പ്പെടെ 17 പേര്‍ക്കെതിരെ പരാതിക്കാരി ആരോപണം ഉന്നയിച്ചിരുന്നു. സാമ്പത്തിക തട്ടിപ്പിനു കൂട്ടുനിന്നവര്‍ സ്ത്രീത്വത്തെ അപമാനിച്ചു, ബലാത്കാരം ചെയ്തു എന്നീ പരാതികളാണ് പൊതുവെ ഉയര്‍ന്നത്. ലൈംഗിക സംതൃപ്തി നേടുന്നത് അഴിമതി നിരോധന നിയമത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുമെന്നും 2013 ജൂലൈ 19ന് സരിത എഴുതിയ കത്തില്‍ പരാമര്‍ശിക്കുന്ന എല്ലാവര്‍ക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെന്നും കമ്മിഷന് ശുപാര്‍ശ ചെയ്തിരുന്നു. സാമ്പത്തിക അഴിമതി വിജിലന്‍സും ലൈംഗികാതിക്രമങ്ങളെ സംബന്ധിച്ച പരാതി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘവും അന്വേഷിക്കണമെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം.
ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നായിരുന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിലപാട്. പീഡനക്കേസ് നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി അരിജിത് പസായം നിയമോപദേശം നല്കി. പ്രത്യേക അന്വേഷണസംഘം പ്രാഥമിക പരിശോധന നടത്തി തെളിവു ലഭിക്കുന്നവര്‍ക്കെതിരെ മാത്രം കേസെടുത്ത് അന്വേഷിച്ചാല്‍ മതിയെന്നു മന്ത്രിസഭായോഗം തീരുമാനിച്ചു. 2018 ഒക്ടോബറില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് 2021ല്‍ ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് നല്കി. 2012 സെപ്റ്റംബര്‍ 19ന് നാലുമണിക്ക് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ഉമ്മന്‍ ചാണ്ടി പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. സംഭവം നടന്നെന്നു പരാതിക്കാരി പറയുന്ന ദിവസം ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ലെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
തന്റെ കൈപ്പിടിയിലുള്ള സംസ്ഥാന പൊലീസിന്റെ പ്രത്യേക അന്വേഷണസംഘവും ക്രൈം ബ്രാഞ്ചും നടത്തിയ അന്വേഷണങ്ങളില്‍ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയിട്ടും, നിരവധി തട്ടിപ്പുകേസുകളില്‍ പിടികിട്ടാപ്പുള്ളിയായിരുന്ന സരിതയെ വിളിച്ചുവരുത്തി ഉമ്മന്‍ ചാണ്ടിക്കെതിരെ വെള്ളക്കടലാസില്‍ പ്രത്യേക പരാതി എഴുതിവാങ്ങി 2021 ജനുവരിയില്‍, നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി, കേന്ദ്ര ഏജന്‍സിയായ സിബിഐക്ക് കേസന്വേഷണം കൈമാറാനാണ് പിണറായി വിജയന് തീരുമാനിച്ചത്. കേരള കോണ്‍ഗ്രസ്-എം നേതാവ് ജോസ് കെ. മാണിയുടെ പേര് പരാതിക്കാരിയുടെ കത്തില്‍ ഉണ്ടായിരുന്നുവെങ്കിലും അത് പുതിയ രാഷ്ട്രീയബാന്ധവത്തിന്റെ പേരില്‍ പട്ടികയില്‍ നിന്നു നീക്കം ചെയ്തുവത്രേ. ലോക്സഭാ എംപിമാരായ അടൂര്‍ പ്രകാശ്, ഹൈബി ഈഡന്, എ.പി അനില്‍കുമാര്‍ എംഎല്‍എ, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കണ്ണൂരില്‍ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന എ.പി അബ്ദുല്ലക്കുട്ടി – ഇദ്ദേഹം പിന്നീട് ബിജെപി ദേശീയ വൈസ് പ്രസിഡന്റും സെന്‍ട്രല്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായി – എന്നിവരും സിബിഐ പ്രതിപ്പട്ടികയിലുണ്ടായിരുന്നു.
അറസ്റ്റു ചെയ്തേക്കുമെന്നും മുന്‍കൂര്‍ ജാമ്യത്തിന് നടപടി സ്വീകരിക്കണമെന്നും നിയമോപദേശം ലഭിച്ചുവെങ്കിലും താന്‍ നിരപരാധിയാണെന്നും കള്ളക്കേസില്‍ കുടുക്കി അറസ്റ്റുചെയ്താല്‍ നിയമപരമായി അതിനെ നേരിടുമെന്നുമാണ് ഉമ്മന്‍ ചാണ്ടി അന്ന് പ്രതികരിച്ചത്. അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളുള്ളതിനാല്‍ ശിവരാജന് കമ്മിഷന് റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉള്‍പ്പെടെയുള്ളവര്‍ കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിക്കെതിരെ വാദിക്കാന്‍ പിണറായി സര്‍ക്കാര്‍ ഡല്‍ഹിയില്‍ നിന്ന് മുതിര്‍ന്ന അഭിഭാഷകനെ 1.20 കോടി രൂപ ചെലവില്‍ നിയോഗിക്കുകയുണ്ടായി. കമ്മിഷന്റെ നിരീക്ഷണങ്ങളും നിഗമനങ്ങളും സരിതയുടെ കത്തും റിപ്പോര്‍ട്ടില്‍ നിന്നു നീക്കം ചെയ്യാനാണ് ഹൈക്കോടതി വിധിച്ചത്.
സോളാര്‍ തട്ടിപ്പില്‍ ഉമ്മന്‍ ചാണ്ടി പങ്കുപറ്റി എന്ന മുന്‍മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ പ്രസ്താവനയ്ക്കെതിരെ സമര്‍പ്പിച്ച മാനനഷ്ടക്കേസില്‍ 10.10 ലക്ഷം രൂപ ഉമ്മന്‍ ചാണ്ടിക്കു നഷ്ടപരിഹാരം നല്‍കണമെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതി വിധിച്ചു. ഉമ്മന്‍ ചാണ്ടി കോടതിയില്‍ നേരിട്ട് ഹാജരായി മൊഴിനല്‍കുകയായിരുന്നു.
ലൈംഗിക പീഡനക്കേസില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ ആറു പ്രതികള്‍ക്കുമെതിരെ തെളിവില്ലെന്ന റഫറല്‍ റിപ്പോര്‍ട്ടാണ് സിബിഐ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. പീഡനം നടന്നെന്നു പറയുന്ന സമയത്ത് ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ല. പരാതിക്കാരി ക്ലിഫ് ഹൗസില്‍ പോയെന്ന മൊഴി നുണയാണ്. പീഡനം പി.സി ജോര്‍ജ് കണ്ടെന്ന മൊഴി തെറ്റാണെന്നും സിബിഐ കണ്ടെത്തി. നൂറിലധികം പേരുടെ മൊഴി രേഖപ്പെടുത്തി ശാസ്ത്രീയപരിശോധനകളിലൂടെയായിരുന്നു സിബിഐ അന്വേഷണം.
പെരിയ കൊലക്കേസും മട്ടന്നൂര്‍ ഷുഹൈബ് വധക്കേസും സിബിഐ അന്വേഷിക്കാതിരിക്കാന്‍ കോടികള്‍ മുടക്കി ഡല്‍ഹിയില്‍ നിന്ന് അഭിഭാഷകരെ കൊണ്ടുവന്ന് കേസ് നടത്തിയ ഇടതുസര്‍ക്കാര്‍, സോളാര്‍ പീഡനക്കേസ് എങ്ങനെയെങ്കിലും അമിത് ഷായുടെ സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് തീരുമാനിച്ചത് കേരളത്തെ കോണ്‍ഗ്രസ് മുക്തമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി മാത്രമാണോ? എസ്എന്‍സി-ലാവ്ലിന് കനേഡിയന്‍ കമ്പനിയുമായുള്ള ജലവൈദ്യുതപദ്ധതി നവീകരണ കരാറില്‍ സംസ്ഥാനത്തിന് 374.50 കോടി രൂപ നഷ്ടം വരുത്തുകയും ഏതാണ്ട് 11 കോടി രൂപയുടെ അഴിമതി നടത്തുകയും ചെയ്തു എന്നതിന് മുന്‍ വൈദ്യുതമന്ത്രിയായ പിണറായി വിജയനെതിരെയുള്ള കേസ് സിബിഐക്കു വിട്ടത് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. 2013-ല്‍ സ്പെഷല്‍ കോടതി പിണറായിയെ കുറ്റവിമുക്തനാക്കുകയും 2017 ഓഗസ്റ്റില്‍ ഹൈക്കോടതി അതു ശരിവയ്ക്കുകയും ചെയ്തെങ്കിലും സിബിഐ സുപ്രീം കോടതിയില്‍ അതിനെതിരെ സമര്‍പ്പിച്ച അപ്പീലില്‍ വര്‍ഷങ്ങളായി വിചാരണ നീണ്ടുപോവുകയാണ്. ലാവ്ലിന് കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ തനിക്കെതിരെ പടപ്പുറപ്പാട് നടത്തിയ വി.എസ് അച്യുതാനന്ദനെ ഒതുക്കാന്‍ സര്‍വതന്ത്രങ്ങളും പയറ്റിയ പിണറായി ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ കിട്ടിയ അവസരം ഉപയോഗിച്ചത് രാഷ്ട്രീയപകപോക്കലാകാം.
തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള രാജ്യാന്തര സ്വര്‍ണക്കടത്തുകേസില്‍ പ്രതിയായി 16 മാസം ജയിലില്‍ കിടന്ന് 2021 നവംബറില്‍ ജാമ്യത്തിലിറങ്ങിയ സ്വപ്ന സുരേഷ്, സരിതയുടെ കത്തിനെക്കാള്‍ സ്ഫോടനാത്മകമായ 164 സ്റ്റേറ്റ്മെന്റും പരസ്യപ്രസ്താവനകളും വീഡിയോ-ഓഡിയോ തെളിവുകളുമായി രംഗത്തിറങ്ങിയെങ്കിലും പിണറായി വിജയനോ ഇടതുമുന്നണിയോ അതേക്കുറിച്ച് തുടരന്വേഷണത്തിന് യാതൊരു തിടുക്കവും കാട്ടുന്നില്ല. യുഎഇ കോണ്‍സല്‍ ജനറലിന്റെ സെക്രട്ടറിയായി ജോലി ചെയ്തിരുന്ന സ്വപ്ന സുരേഷിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സംസ്ഥാന ഐടി സെക്രട്ടറിയുമായ എം. ശിവശങ്കര്‍ കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡില്‍ പ്രത്യേക സ്പെയ്സ് പ്രോജക്റ്റ് മാനേജര്‍ തസ്തികയില്‍ നേരിട്ട് നിയമിക്കുകയും ഡിപ്ലൊമാറ്റിക് കാര്‍ഗോ വഴി സ്വര്‍ണക്കടത്തു നടത്താനും റിവേഴ്സ് ഹവാല ഇടപാടിലൂടെ ഡോളര്‍ വിദേശത്തേക്കു കടത്താനുമുള്ള നയതന്ത്ര സഹായത്തിന് നിയോഗിച്ചുവെന്നും മാത്രമല്ല, ഭീകരവാദ പ്രവര്‍ത്തനത്തിനുള്ള ഫണ്ടിങ്ങുമായി ബന്ധപ്പെട്ട ഇടപാടില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥനും പങ്കുവഹിച്ചുവെന്ന കേസ് എന്‍ഐഎയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും അന്വേഷിച്ചുകൊണ്ടിരിക്കയാണ്. 2020 ജൂലൈ അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഡിപ്ലൊമാറ്റിക് കാര്‍ഗോ വഴി യുഎഇ കോണ്‍സുലേറ്റിക്ക് എത്തിയ 13.5 കോടി രൂപ മൂല്യമുള്ള 30 കിലോ സ്വര്‍ണം പിടികൂടിയതോടെയാണ് കേന്ദ്ര ഏജന്‍സികള്‍ രംഗത്തെത്തിയത്.
യുഎഇ കോണ്‍സല്‍ ജനറലിന്റെ വസതിയില്‍ നിന്ന് പിണറായി വിജയന്റെ ഔദ്യോഗിക വസതിയിലേക്ക് അസാധാരണ ഭാരമുള്ള ബരിയാണിച്ചെമ്പ് പ്രോട്ടോകോള്‍ സെക്യൂരിറ്റി പരിശോധനയൊന്നുമില്ലാതെ ശിവശങ്കര്‍ പറഞ്ഞതുപ്രകാരം പലവട്ടം കടത്തിയെന്നും, ശിവശങ്കര്‍ നിര്‍ദേശിച്ചതുപ്രകാരം തിരുവനന്തപുരത്തുനിന്ന് കോണ്‍സുലേറ്റ് വഴി മുഖ്യമന്ത്രിക്കായി ദുബായില്‍ എത്തിച്ച ബാഗേജില്‍ നിറയെ ഡോളര്‍ കറന്‍സിയായിരുന്നുവെന്നും, മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസ് താല്പര്യങ്ങള്ക്കായി ഷാര്‍ജ സുല്‍ത്താനെ പ്രോട്ടോകോള്‍ ലംഘിച്ച് തിരുവനന്തപുരത്ത് ക്ലിഫ് ഹൗസില്‍ എത്തിച്ചുവെന്നും മറ്റും സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിട്ട് നാളേറെയായി. കൊറോണ മഹാമാരിക്കാലത്തെ നിരവധി അഴിമതിക്കഥകളും പാവപ്പെട്ടവര്‍ക്കായുള്ള ലൈഫ് മിഷന് ഭവനപദ്ധതിയില്‍ ലഭിച്ച വിദേശസഹായത്തില്‍ നിന്ന് കോടികളുടെ കമ്മിഷന് അടിച്ചുമാറ്റിയതും ഇ-മൊബിലിറ്റി, സ്പ്രിംഗ്ളര്‍, കെ-ഫോണ്‍ ഇടപാടുകളുമെല്ലാം സ്വപ്നയുടെ മൊഴിയില്‍ പ്രതിപാദിക്കപ്പെടുന്നുണ്ട്.
ഏറ്റവുമൊടുവില്‍ കണ്ണൂരിലെ ആന്തൂരിലെ ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി. ജയരാജനെതിരെ സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പി. ജയരാജന് ഉന്നയിച്ചതായി പറയുന്ന സാമ്പത്തിക ആരോപണം ഇപ്പോള്‍ മാധ്യമസൃഷ്ടി മാത്രമാണെന്നാണ് പാര്‍ട്ടി നേതൃത്വം കണ്ടെത്തിയിരിക്കുന്നത്. സ്വപ്നയുടെ മൊഴിയിലെ രാജ്യാന്തര ക്രിമിനല്‍ ഗൂഢാലോചനയായാലും കണ്ണൂരിലെ പ്രമുഖ നേതാക്കളുടെ അനധികൃത സ്വത്തുസമ്പാദനവും മാഫിയ ബന്ധവുമായാലും പാര്‍ട്ടി അന്വേഷിച്ച് വിധിപറഞ്ഞാല് നീതിയാകുമോ?
Trending
- പാവയ്ക്ക പ്രമേഹത്തെ ചെറുക്കും
- ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: പ്രത്യേക ബെഞ്ചിന്റെ ആദ്യ സിറ്റിംഗ് ഇന്ന്
- നീതിയുക്തമായ ഇടമായി രാജ്യം മാറുമ്പോള്‍ മാത്രമേ സംവരണം ഇല്ലാതാക്കാനാവൂ- രാഹുൽ ഗാന്ധി
- മണിപ്പൂര്‍ കത്തുന്നു; ഇംഫാലിലും കുക്കി മേഖലകളിലും വന്‍ സംഘര്‍ഷം
- സംസ്ഥാനത്ത് മഴ കനക്കും: കേന്ദ്ര കാലാവസ്ഥാ വകുപ്പ്
- ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം
- സംസ്ഥാന സീനിയർ ഫുട്ബോൾ: കോട്ടയം ജേതാക്കൾ
- വിജയപുരം – ബ്രില്യന്റ് മീറ്റ് 2024
ലൈംഗികാപവാദ അഭിചാരതന്ത്രം
പൊളിയുമ്പോള്‍
Keep Reading
Add A Comment
Subscribe to Updates
Get the latest creative news from FooBar about art, design and business.
© 2024 ThemeSphere. Designed by ThemeSphere.