പ്രാഗ്: ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലെ ചാള്‍സ് സർവകലാശാലയിൽ കഴിഞ്ഞദിവസമുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയെന്ന് റിപ്പോർട്ട്. വെടിവച്ച അക്രമി സർവകലാശാലയിലെ പൂർവ്വ വിദ്യാർഥിയാണെന്നും പോലീസ് അറിയിച്ചു. നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന സർവകലാശാലയുടെ പരിസരത്ത് കയറിയ പ്രതി അധ്യാപകരുടേയും വിദ്യാർഥികളുടേയും നേർക്ക് വെടിവക്കുകയായിരുന്നു.
അക്രമം നടത്തിയ ശേഷം ഇയാൾ ആത്മഹത്യ ചെയ്തെന്നാണ് നിഗമനം. ഇയാളുടെ അച്ഛനേയും വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയെന്നും പോലീസ് അറിയിച്ചു. അച്ഛനെ കൊന്ന ശേഷമാണ് സർവകലാശാലയിൽ ഇയാൾ വെടിവെപ്പ് നടത്തിയതെന്നാണ് സൂചന.
36 പേരെയാണ് വെടിവപ്പിൽ പരിക്കേറ്റ നിലയിൽ ആശുപത്രിയിലെത്തിച്ചത്. ചാൾസ് സർവകലാശാലയുടെ ആർട്സ് ഫാക്കൽറ്റി കെട്ടിടത്തിലാണ് അക്രമി എത്തി വെടിവച്ചത്. യൂറോപ്പിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ക്യാമ്പസുകളിലൊന്നാണിത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3. 40 നായിരുന്നു ഇവിടെ വെടിവെപ്പുണ്ടായത്.