കുവൈറ്റ്സിറ്റി: കുവൈറ്റിന്റെ പുതിയ അമീറായി ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ചുമതലയേൽക്കും ഇദ്ദേഹത്തെ ലോകത്തെ ഏറ്റവും പ്രായമുള്ള കിരീടാവകാശി എന്ന നിലയിലാണ് നേരത്തെ മുതല്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഇപ്പോള്‍ 83 വയസ്സുകാരനാണ് അഹമ്മദ് അല്‍ ജാബര്‍. കഴിഞ്ഞ ദിവസം അന്തരിച്ച കുവൈറ്റ് അമീറിന്റെ പിന്‍ഗാമിയായി ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് അധികാരമേല്‍ക്കുമെന്ന് കുവൈറ്റ് ഉപപ്രധാനമന്ത്രിയും ക്യാബിനറ്റ് കാര്യ സഹമന്ത്രിയുമാണ് പ്രഖ്യാപിച്ചത്. താമസിയാതെ ഷൈയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് കുവൈറ്റ് അമീറായി സ്ഥാനമേറ്റെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.
അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹിൻ്റെ മരണത്തെത്തുടർന്ന് 2020 ഒക്ടോബർ മുതൽ ഷെയ്ഖ് മെഷാൽ കുവൈറ്റിൻ്റെ കിരീടാവകാശിയാണ്. 1940-ൽ ജനിച്ച ഷെയ്ഖ് മെഷാൽ, പരേതനായ ഷെയ്ഖ് നവാഫിൻ്റെ അർദ്ധസഹോദരനും 1921 മുതൽ 1950 വരെ കുവൈത്ത് ഭരിച്ചിരുന്ന, കുവൈറ്റിൻ്റെ പത്താമത്തെ ഭരണാധികാരി പരേതനായ ഷെയ്ഖ് അഹമ്മദ് അൽ ജാബർ അൽ സബാഹിൻ്റെ ഏഴാമത്തെ മകനുമാണ്.
1960-ൽ യുകെയിലെ ഹെൻഡൻ പൊലീസ് കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം ഷെയ്ഖ് മെഷാൽ കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിൽ ചേർന്നു. 1967 മുതൽ 1980 വരെ അദ്ദേഹം ആഭ്യന്തര മന്ത്രാലയത്തിൽ രഹസ്യാന്വേഷണ വിഭാഗത്തിൻ്റെയും രാജ്യത്തിൻ്റെ സുരക്ഷാ സേവനത്തിൻ്റെയും തലവനായി സേവനമനുഷ്ഠിച്ചു. 2004-ൽ, മന്ത്രി പദവിയിൽ കുവൈറ്റ് നാഷണൽ ഗാർഡിൻ്റെ (കെഎൻജി) ഡെപ്യൂട്ടി ചീഫായി ഷെയ്ഖ് മെഷൽ നിയമിതനായി. കുവൈറ്റിലെ ഏറ്റവും ശക്തമായ ആഭ്യന്തര പ്രതിരോധ പദവികളിൽ ഒന്നാണ് ഡെപ്യൂട്ടി ചീഫ്. കുവൈറ്റ് നാഷണൽ ഗാർഡിൻ്റെ ഏറ്റവും ശക്തനായ വ്യക്തിയായിരുന്നു ഷെയ്ഖ് മെഷൽ.