കോട്ടയം: സർക്കാരിന്റെ നവകേരള സദസിന് കോട്ടയം ജില്ലയിൽ ചൊവ്വാഴ്ച തുടക്കമായി. മുണ്ടക്കയം, പൊൻകുന്നം, പാലാ എന്നിവിടങ്ങിളിലാണ് ആദ്യ ദിനത്തിൽ നവകേരസദസ് നടന്നത്. എല്ലായിടത്തും മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്.
പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ ഭാഗമായ മുണ്ടക്കയത്താണ് ജില്ലയിലെ ആദ്യ നവകേരള സദസ് നടന്നത്. കേന്ദ്ര ഗവൺമെന്റ് കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയാണെന്നും
വികസനത്തിന് തടസം നില്‍ക്കുകയാണെന്നും നവകേരള സദസിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇവർക്ക് ഒപ്പം പ്രതിപക്ഷവും കൂട്ട് നില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
നവകേരള സദസ് ജനങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടിട്ടുണ്ട്. ജനങ്ങള്‍ വലിയ തോതില്‍ ഒഴുകി വരുന്നത് ഇതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വേദികളിൽ വിവിധ മന്ത്രിമാരും പ്രസംഗിച്ചു.
നിവേദനങ്ങള്‍ സ്വീകരിക്കുന്നതിനായി നവകേരള സദസിന്റെ വേദികൾക്ക് സമീപം കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. പരിപാടി ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പ് മുതല്‍ തന്നെ കൗണ്ടറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലഭിച്ച നിവേദനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.