റോം: യുദ്ധമേഖലകളിൽ ഭക്ഷണത്തെ വിലപേശൽ ഉപാധിയാക്കി മാറ്റരുതെന്നും രാഷ്ട്രീയ തീരുമാനങ്ങൾ മനുഷ്യാന്തസ്സിന് പ്രാധാന്യം നൽകിക്കൊണ്ടായിരിക്കണമെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ.
1932-33 കാലഘട്ടത്തിൽ സോവിയറ്റ് ഭരണകൂടത്തിന്റെ നയങ്ങൾമൂലം പട്ടിണിക്കിരകളായി മരണമടഞ്ഞ ദശലക്ഷക്കണക്കിന് ഉക്രൈൻ ജനങ്ങളെ അനുസ്മരിച്ച് നവംബർ 26-ന് റോമിലെ വിശുദ്ധ ജോൺ ലാറ്ററൻ ബസലിക്കയിൽ വിശുദ്ധ ബലിയർപ്പിക്കുകയായിരുന്നു അദ്ദേഹം. സ്റ്റാലിന്റെ ഭരണകാലത്ത് നടപ്പാക്കിയ നിർബന്ധിത കൂട്ടായ്മവൽക്കരണ നയങ്ങളുടെ ഭാഗമായി ഉണ്ടായ ഹോളോദോമോർ ദുരന്തത്തിന്റെ ഇരകളെ അനുസ്മരിച്ച കർദ്ദിനാൾ, മനുഷ്യന്റെ അന്തസ്സ് അധികാരത്തിന്റെയോ ശക്തിയുടെയോ അംഗീകാരത്തിന്റെയോ അടിസ്ഥാനത്തിലല്ല നിലനിൽക്കുന്നതെന്ന് വ്യക്തമാക്കി.
നിരപരാധികളുടെ മരണങ്ങളും ദുരിതങ്ങളും മറന്നുപോകുന്ന സമൂഹത്തിന് ഭാവിയിൽ സംഭവിക്കുന്ന അനീതികളെ തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വിദ്വേഷം തടയുന്നതിനും നീതി ഉറപ്പാക്കുന്നതിനും ചരിത്രത്തിലെ ദുരന്തങ്ങളെ ഓർമിക്കുകയും അവയിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും കർദ്ദിനാൾ പരൊളീൻ എടുത്തു പറഞ്ഞു.

