കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനവും ആഭ്യന്തര സംഘർഷങ്ങളും രൂക്ഷമായതോടെ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വർധിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധിയായ യൂണിസെഫ്. ഇറ്റൂരി മേഖലയിൽ നടത്തിയ പഠനത്തിൽ 15 വയസ്സിനു മുകളിലുള്ള സ്ത്രീകളിലും പെൺകുട്ടികളിലും പത്തിൽ ആറുപേരും ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങൾക്ക് ഇരയായതായി കണ്ടെത്തി.
കഴിഞ്ഞ ഓഗസ്റ്റ് 28 മുതൽ ഒക്ടോബർ 15 വരെ 1,062 പേരെ പങ്കെടുപ്പിച്ച് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. അതിക്രമങ്ങൾക്ക് ഇരയായവരിൽ പകുതിയോളം പേർക്ക് ആവശ്യമായ സഹായവും സംരക്ഷണവും ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കോംഗോയുടെ കിഴക്കൻ മേഖലയിൽ സംഘർഷവും പകർച്ചവ്യാധിയും ഒരേസമയം പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷ കൂടുതൽ അപകടത്തിലാകുകയാണെന്ന് യൂണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ പറഞ്ഞു. ഇവർക്ക് സുരക്ഷിതമായ ഇടങ്ങൾ കുറഞ്ഞുവരുന്നതായും ദുരിതബാധിതർക്ക് ആവശ്യമായ സഹായം എത്തിക്കാൻ കൂടുതൽ സാമ്പത്തിക പിന്തുണ ആവശ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.

