റോം: യുദ്ധം, അസമത്വം, കുടുംബബന്ധങ്ങളിലെ തകർച്ച, യുവജനങ്ങളുടെ അരക്ഷിതാവസ്ഥ, ഏകാന്തത തുടങ്ങിയ സാമൂഹിക വെല്ലുവിളികൾക്കു മുന്നിൽ നിസ്സംഗരാകാതെ വിശ്വാസത്തിന്റെയും ഉപവിയുടെയും മനോഭാവത്തോടെ പ്രതികരിക്കാൻ ക്രൈസ്തവർക്ക് കഴിയണമെന്ന് ലെയോ പതിനാലാമൻ പാപ്പാ. ക്രിസ്തുമസിനു മുന്നോടിയായി റോം രൂപതയിലെ വിവിധ ഇടവകകളിൽ നടത്തുന്ന അജപാലന സന്ദർശനങ്ങൾക്ക് തുടക്കം കുറിച്ച് സെന്റ് ആൻഡ്രിയ ഡെല്ലെ ഫ്രാത്തെ ഇടവകയിലെത്തിയപ്പോഴാണ് പാപ്പാ ഈ സന്ദേശം നൽകിയത്.
റോം രൂപതയിലെ അഞ്ച് അജപാലന മേഖലകളിൽനിന്ന് ഓരോ ഇടവക സമൂഹത്തെയാണ് പാപ്പാ സന്ദർശിക്കുന്നത്. ഇടവകാംഗങ്ങളുമായും സംഘടനാ പ്രതിനിധികളുമായും സംവദിക്കാനും പ്രാദേശിക സമൂഹത്തോടൊപ്പം ദിവ്യബലി അർപ്പിക്കാനും ഈ സന്ദർശനങ്ങൾ ലക്ഷ്യമിടുന്നു. അദ്ഭുത മെഡലിന്റെ മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് അർപ്പിച്ച ദിവ്യബലിയിൽ കാനായിലെ കല്യാണവിരുന്നിലെ മറിയത്തിന്റെ ഇടപെടൽ പാപ്പാ ധ്യാനവിഷയമാക്കി. മനുഷ്യരുടെ ആവശ്യങ്ങൾ തിരിച്ചറിയുകയും അവർക്കുവേണ്ടി കരുതലോടെ ഇടപെടുകയും ചെയ്ത മറിയത്തിന്റെ മാതൃക അദ്ദേഹം എടുത്തുപറഞ്ഞു. ‘അവൻ നിങ്ങളോടു പറയുന്നത് ചെയ്യുവിൻ’ എന്ന മറിയത്തിന്റെ വാക്കുകൾ (യോഹ. 2:5) ക്രിസ്തുവിന്റെ വചനങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള ആഹ്വാനമാണെന്നും പാപ്പാ ഓർമിപ്പിച്ചു.

