ബ്രിസ്ബേൻ: ഓസ്ട്രേലിയയിലെ ആദ്യ മലയാളി പെര്‍മനന്റ് ഡീക്കനെന്ന ചരിത്രനേട്ടം സ്വന്തമാക്കി ബ്രിസ്ബേൻ അതിരൂപതാംഗമായ ജോഷി സ്കറിയ. ആഗോള കത്തോലിക്കാ അൽമായ പ്രേഷിത കൂട്ടായ്മയായ എഫ്ഫാത്ത ഗ്ലോബൽ മിനിസ്ട്രിയുടെ നേതൃനിരയിൽ പ്രവർത്തിക്കുന്ന ജോഷി സ്കറിയ നവംബർ 14-ന് ബ്രിസ്ബേനിലെ സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ നടന്ന തിരുക്കർമ്മങ്ങളിലാണ് പെര്‍മനന്റ് ഡീക്കനായി അഭിഷിക്തനായത്.
ബ്രിസ്ബേൻ ആർച്ച് ബിഷപ്പ് ഷെയ്ൻ മക്കിൻലേ മുഖ്യകാർമികത്വം വഹിച്ചു.ജോഷി സ്കറിയക്കൊപ്പം ഡാനിയേൽ ഇബോട്ടും പോൾ ബ്ലോമും തിരുപ്പട്ട സ്വീകരണത്തിലൂടെ സ്ഥിരം ഡീക്കന്മാരായി. മാഴ്സ്ഡനിലെ സെന്റ് മാക്സിമിലിയൻ കോൾബെ ഇടവകയിലാണ് ജോഷി സ്കറിയയുടെ ആദ്യ നിയമനം.നിലവിൽ ബ്രിസ്ബേനിൽ ഐടി മേഖലയിൽ പ്രവർത്തിക്കുന്ന അദ്ദേഹം അതിരൂപതയുടെ ഐടി മിഷന്റെ ചുമതലയും നിർവഹിക്കും. ആധുനിക സാങ്കേതികവിദ്യയും ഡിജിറ്റൽ സംവിധാനങ്ങളും സഭയുടെ സുവിശേഷപ്രഘോഷണത്തിനായി പ്രയോജനപ്പെടുത്തുകയാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം.
നിർമ്മിതബുദ്ധിയുടെ കാലത്ത് മനുഷ്യബന്ധങ്ങളുടെ മൂല്യം ഉയർത്തിപ്പിടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ‘ശരീരത്തിന്റെ ദൈവശാസ്ത്രം’ സംബന്ധിച്ച ഗവേഷണങ്ങളിലും അദ്ദേഹം ഏർപ്പെട്ടിരിക്കുകയാണ്.കുടുംബത്തോടൊപ്പം ദൈവത്തിന് സ്വയം സമർപ്പിക്കുന്ന അനുഭവമായിരുന്നു ഡീക്കൻ പട്ട സ്വീകരണമെന്ന് ജോഷി സ്കറിയ പറഞ്ഞു. ഭാര്യ തെരേസയും നാലു മക്കളും അഭിഷേകച്ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്ഥിരം ഡീക്കൻ പദവി വ്യക്തിപരമായ വിളി മാത്രമല്ല, കുടുംബം ഒന്നാകെ പങ്കുചേരുന്ന ദൈവവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സകല വിശുദ്ധരുടെയും ലുത്തിനിയ ആലപിച്ചപ്പോൾ വിശ്വാസികളുടെ പ്രാർഥനകളാൽ താൻ താങ്ങിനിർത്തപ്പെടുന്നതായി അനുഭവപ്പെട്ടുവെന്നും ആദ്യമായി ഡീക്കന്റെ തിരുവസ്ത്രങ്ങൾ അണിഞ്ഞ് സുവിശേഷഗ്രന്ഥം ഏറ്റുവാങ്ങി അൾത്താരയിൽ ശുശ്രൂഷ നിർവഹിച്ച നിമിഷം ജീവിതത്തിലെ അവിസ്മരണീയ അനുഭവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

