ബ്രിട്ടൻ: പാപുവ ന്യൂ ഗിനിയയിലെ ഈസ്റ്റ് ന്യൂ ബ്രിട്ടൻ പ്രവിശ്യയിൽ അജ്ഞാതസംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട കത്തോലിക്ക വൈദികൻ ഫാ. ഫ്രാൻസിസ് പാസ്കയ്ക്ക് വിശ്വാസിസമൂഹം യാത്രാമൊഴിയേകി.
നവംബർ 19ന് റബോൾ അതിരൂപതയിൽ നടന്ന മൃതസംസ്കാര ശുശ്രൂഷകളിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.മലഗുനനിലെ സെന്റ് ജോസഫ് ദി വർക്കർ ഇടവക വികാരിയായിരുന്ന 61 വയസ്സുകാരനായ ഫാ. ഫ്രാൻസിസ് ഏതാനും ആഴ്ചകൾക്കു മുമ്പാണ് ആക്രമണത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ വുണപോപ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ദിവസങ്ങളോളം ചികിത്സയിൽ കഴിഞ്ഞശേഷം നവംബർ 10ന് മരണം സംഭവിക്കുകയായിരുന്നു. പ്രദേശത്ത് പ്രവർത്തിക്കുന്ന ക്രിമിനൽ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. വൈദികന്റെ മരണത്തിനു പിന്നാലെ പ്രദേശത്ത് സംഘർഷം വ്യാപിച്ചിരുന്നു. ഇവാകാക്ക, മലഗുന പ്രദേശങ്ങളിലെ യുവാക്കൾ തമ്മിലുണ്ടായ ഏറ്റുമുട്ടലുകളെത്തുടർന്ന് ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി പോലീസ് 40 പേരെ അറസ്റ്റ് ചെയ്തു.

