നേപ്പിൾസ്: മിഡിൽ ഈസ്റ്റിലെ ജനാധിപത്യ സംരക്ഷണത്തിനും ക്രൈസ്തവ സാന്നിധ്യത്തിന്റെ നിലനിൽപ്പിനും ലെബനൻ അതീവ നിർണായകമാണെന്ന് വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗർ. മേഖലയുടെ സ്ഥിരതയ്ക്കും ഭാവിക്കും ലെബനൻ നൽകുന്ന സംഭാവനകൾ പ്രധാനമാണെന്നും രാജ്യത്തെ സഹായിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഇറ്റാലിയൻ വിദേശകാര്യ മന്ത്രാലയവും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ പൊളിറ്റിക്കൽ സ്റ്റഡീസും സംയുക്തമായി ഇറ്റലിയിലെ നേപ്പിൾസിൽ സംഘടിപ്പിച്ച 12-ാമത് ‘മെഡ് മെഡിറ്ററേനിയൻ ഡയലോഗ്സ്’ സമ്മേളനത്തിൽ നവംബർ 20ന് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഭിന്നതകൾക്കപ്പുറം: ലെബനനിലെ വിള്ളലുകൾ ഉണക്കൽ’ എന്ന വിഷയത്തിലുള്ള ചർച്ചയിൽ ഐക്യരാഷ്ട്രസഭാ നയതന്ത്രജ്ഞൻ സ്റ്റാഫാൻ ഡി മിസ്റ്റുറ, മിഡിൽ ഈസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഫാദി നിക്കോളാസ് നാസർ, കാർണഗീ മിഡിൽ ഈസ്റ്റ് സെന്ററിലെ മഹാ യഹിയ എന്നിവരും പങ്കെടുത്തു.തെക്കൻ ലെബനനിലെ സുരക്ഷാ സാഹചര്യങ്ങളും 2026 ഡിസംബർ 31ന് കാലാവധി അവസാനിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനയായ യുണിഫിലിന്റെ (UNIFIL) ഭാവിയും ആർച്ച്ബിഷപ്പ് ഗല്ലഗർ പരാമർശിച്ചു.അതേസമയം, എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (ACN) പ്രസിദ്ധീകരിച്ച 2025ലെ മതസ്വാതന്ത്ര്യ റിപ്പോർട്ട് പ്രകാരം ലെബനനിലെ ആകെ ജനസംഖ്യയായ 57,73,493 പേരിൽ 33.7 ശതമാനം ക്രൈസ്തവരാണ്. മുസ്ലീങ്ങൾ ജനസംഖ്യയുടെ 60 ശതമാനത്തോളം വരും. രാജ്യത്തെ ക്രൈസ്തവ ജനസംഖ്യയിൽ കുറവുണ്ടാകുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

