വത്തിക്കാൻ: ലോകമെമ്പാടും സംഘർഷങ്ങൾ മൂലം ദുരിതമനുഭവിക്കുന്നവർക്കായി പ്രാർഥിച്ച ലെയോ പതിനാലാമൻ പാപ്പ, സമാധാനവും അനുരഞ്ജനവും സാധ്യമാക്കാൻ ഉത്തരവാദപ്പെട്ടവർ ആത്മാർഥമായി പരിശ്രമിക്കണമെന്ന് ആഹ്വാനം ചെയ്തു.
ആഞ്ചലൂസ് പ്രാർഥനയുടെ സമാപനത്തിലാണ് പാപ്പ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രതിസന്ധികൾ പരാമർശിച്ചത്.യുദ്ധങ്ങളും സംഘർഷങ്ങളും മരണവും ദുരിതവും വിതയ്ക്കുന്നത് തുടരുകയാണെന്ന് പാപ്പ ചൂണ്ടിക്കാട്ടി. സമാധാനപരമായ പരിഹാരങ്ങൾ കണ്ടെത്താൻ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലുള്ളവർ വൈകാതെ ഇടപെടണമെന്നും അദ്ദേഹം അഭ്യർഥിച്ചു. കടുത്ത വരൾച്ചയിൽ ദുരിതമനുഭവിക്കുന്ന പാപ്പുവ ന്യൂ ഗിനിയയിലെയും മറ്റ് പസഫിക് രാജ്യങ്ങളിലെയും ജനങ്ങളോടും പാപ്പ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. പ്രതിസന്ധി നേരിടുന്നവർക്കായി പ്രാർഥിക്കുന്നതായും ദുരിതബാധിതരെ സഹായിക്കാൻ മുന്നിട്ടിറങ്ങുന്നവരോട് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
എൽ നിനോ കാലാവസ്ഥാ പ്രതിഭാസത്തെ തുടർന്നുണ്ടായ കടുത്ത വരൾച്ച പസഫിക് മേഖലയിലെ പല രാജ്യങ്ങളിലും കൃഷിനാശത്തിനും ഭക്ഷ്യവില വർധനവിനും ജനജീവിതത്തിലെ പ്രതിസന്ധികൾക്കും കാരണമായിട്ടുണ്ട്.സർവലോകത്തിന്റെയും രാജാവായ യേശുക്രിസ്തുവിന്റെ തിരുനാളിനോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള രൂപതകളിൽ പ്രാദേശികമായി ആഗോള യുവജനദിനം ആചരിക്കുന്നതും പാപ്പ അനുസ്മരിച്ചു. ക്രിസ്തുവിനെപ്പോലെ സൗമ്യതയും വിനയവും ജീവിതത്തിൽ സ്വീകരിക്കാൻ യുവജനങ്ങൾ ധൈര്യം കാണിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 2027-ൽ സിയൂളിൽ നടക്കുന്ന ലോക യുവജനദിനത്തെക്കുറിച്ചും പാപ്പ പരാമർശിച്ചു.

