കണ്ണൂർ: കെസിബിസി വനിതാ കമ്മീഷന്റെ മലബാർ മേഖല സമ്മേളനം നവംബർ 21ന് കണ്ണൂർ ബിഷപ്പ് ഹൗസ് ഓഡിറ്റോറിയത്തിൽ നടന്നു. ഉത്തര കേരളത്തിലെ വിവിധ രൂപതകളിൽ നിന്നായി 200 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. ‘സ്ത്രീ നേതൃത്വം സഭയിലും സമൂഹത്തിലും’ എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു സമ്മേളനം.
രാവിലെ 10ന് കെസിബിസി വനിതാ കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. കമ്മീഷൻ സെക്രട്ടറി ഡോ. ജിബി ഗീവർഗീസ് അധ്യക്ഷത വഹിച്ചു. കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തി. കണ്ണൂർ മേയർ കെ. ഇന്ദിര മുഖ്യാതിഥിയായി.കമ്മീഷൻ ഡയറക്ടർ ഫാ. ബിജു കല്ലിങ്കൽ, കണ്ണൂർ രൂപത ഡയറക്ടർ ഫാ. ഷിജോ എബ്രഹാം, കമ്മീഷൻ സംസ്ഥാന ഭാരവാഹികളായ ഷേർളി സ്റ്റാൻലി, ബീന ജോഷി, പുഷ്പ ക്രിസ്റ്റി എന്നിവർ പ്രസംഗിച്ചു. കണ്ണൂർ, കോഴിക്കോട്, മാനന്തവാടി, തലശ്ശേരി, താമരശ്ശേരി രൂപതകളിൽനിന്നും കോട്ടയം രൂപതയുടെ മലബാർ റീജിയണിൽനിന്നുമുള്ള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്.

