ജയിംസ് അഗസ്റ്റിൻ
പഴയൊരു കസ്സെറ്റ് പ്ലെയറിലേക്ക് കസ്സെറ്റ് ഇട്ട് പ്ലേ ബട്ടൺ അമർത്തുമ്പോൾ അതിൽനിന്നും നാം പാട്ട് മാത്രമല്ല കേൾക്കുന്നത്. നമ്മുടെയൊരു പഴയ കാലത്തെ കേൾക്കുകയാണ്. കസ്സെറ്റിൽ നിന്നും പാട്ടിനൊപ്പം തിരികെ വരുന്നത് ഒരു ഗാനത്തിന്റെ ഓർമകൾ മാത്രമല്ല. ഒരു കാലത്തിന്റെ തന്നെ ശബ്ദവും മണവും നിറവുമൊക്കെ തിരിച്ചുവരും. സംഗീതത്തേയും ശബ്ദലേഖനത്തേയും ജനകീയമാക്കിയ കസ്സെറ്റിനു 63 വയസ്സായിരിക്കുന്നു. കസ്സെറ്റിലെ കറങ്ങുന്ന റിബ്ബൺ റീലുകളിൽ നിന്നുയരുന്ന അനലോഗ് ഓഡിയോ ആസ്വദിക്കുന്ന വലിയ സമൂഹം ഇന്നുമുണ്ട്. ഡിജിറ്റൽ ഓഡിയോയെക്കാൾ കാതിന് സുഖകരമായ കേൾവി സമ്മാനിക്കുന്നതും കൃത്രിമത്വം ഇല്ലാത്തതുമായ ശബ്ദമാണ് അനലോഗ് ഓഡിയോയുടേത് എന്നാണ് ഇവരുടെ പക്ഷം. അവരിപ്പോഴും റെക്കോർഡുകൾ,സ്പൂൾ ടേപ്പുകൾ, കസ്സെറ്റുകൾ എന്നിവയെല്ലാം ശേഖരിക്കുകയും കേൾക്കുകയും ചെയ്യുന്നു.ശബ്ദം റെക്കോർഡ് ചെയ്യാനും അത് തിരികെ കേൾപ്പിക്കാനും കഴിയുന്ന ലോകത്തിലെ ആദ്യത്തെ ഉപകരണം 1877-ൽ തോമസ് ആൽവ എഡിസൺ കണ്ടുപിടിച്ച ‘ഫോണോഗ്രാഫ്’ ആയിരുന്നു.
കറങ്ങുന്ന ചെറിയ ലോഹസിലിണ്ടറിലായിരുന്നു അന്ന് ശബ്ദം റെക്കോർഡ് ചെയ്തത്. പിന്നീട് ഗ്രാമഫോൺ റെക്കോർഡ്, എൽ. പി. റെക്കോർഡുകൾ, സ്പൂൾ ടേപ്പുകൾ എല്ലാം വന്നു. ഇവയെല്ലാം വളരെ വലുതും സാധാരണക്കാരനു വാങ്ങാനാവാത്ത വിലയുമുള്ളതായിരുന്നു. വിനൈൽ റെക്കോർഡുകളുടെയും സ്പൂൾ ടേപ്പുകളുടെയും വലുപ്പത്തിൽ നിന്നും സംഗീതത്തെ കയ്യിലൊതുങ്ങുന്ന പ്ലാസ്റ്റിക് കവചത്തിലേക്ക് ചുരുക്കിയ കസ്സെറ്റുകൾ സൃഷ്ടിച്ചത് അതിവിശാലമായ ആസ്വാദകസമൂഹത്തെയാണ്. അതുവരെ അതിസമ്പന്നരുടെ വീടുകളിൽ നിന്നു മാത്രം കേട്ടിരുന്ന ശബ്ദവീചികൾ ലോകമെങ്ങുമുള്ള സാധാരണക്കാരുടെ വീടുകളിലും പ്രവേശിച്ചു.
1960-കൾക്ക് മുമ്പ് വലിയ ‘റീൽ-ടു-റീൽ'(സ്പൂൾ) ടേപ്പ് റെക്കോർഡറുകളായിരുന്നു ശബ്ദം റെക്കോർഡ് ചെയ്യാൻ ഉപയോഗിച്ചിരുന്നത്. എന്നാൽ അവ കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരുന്നു. ഇതിനൊരു പരിഹാരമായി 1963-ൽ ഡച്ച് കമ്പനിയായ ഫിലിപ്സ് ആദ്യമായി കോംപാക്റ്റ് കസ്സെറ്റ് വികസിപ്പിച്ചെടുത്തു. ഫിലിപ്സിലെ പ്രൊഡക്ട് ഡെവലപ്മെന്റ് വിഭാഗം തലവനായ ലൂ ഓട്ടൻസ് ആയിരുന്നു ഇതിനു നേതൃത്വം നൽകിയത്. തന്റെ കോട്ടിന്റെ പോക്കറ്റിൽ കൊള്ളുന്ന തരത്തിൽ ലളിതമായ ഒരു ഓഡിയോ ഉപകരണം നിർമിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. 1963 ഓഗസ്റ്റ് 30-ന് ജർമ്മനിയിൽ നടന്ന ബെർലിൻ റേഡിയോ എക്സിബിഷനിൽ ഫിലിപ്സ് ഈ കസ്സെറ്റും അതിനായുള്ള പ്ലെയറും ലോകത്തിന് മുന്നിൽ ആദ്യമായി അവതരിപ്പിച്ചു. ലൂ ഓട്ടൻസിന്റെ പോക്കറ്റിൽ മാത്രമല്ല, ലോകമെങ്ങുമുള്ള സംഗീതാസ്വാദകരുടെ പോക്കറ്റുകൾക്ക് താങ്ങാനാവുന്ന വിലയിലും ഫിലിപ്സ് ഇവ ലോകത്തിലെത്തിച്ചു. 1965-ൽ തങ്ങളുടെ കണ്ടുപിടുത്തത്തിന്റെ പേറ്റന്റ് ലോകമെമ്പാടുമുള്ള മറ്റ് നിർമാതാക്കൾക്ക് സൗജന്യമായി ഉപയോഗിക്കാൻ ഫിലിപ്സ് അനുവാദം നൽകിയതോടെ കസ്സെറ്റുകൾ ആഗോളതലത്തിൽ പ്രചാരത്തിൽ വന്നു.1970-1980 കളിൽ കസ്സെറ്റുകൾ ജനപ്രീതിയുടെ കൊടുമുടിയിലെത്തി.
1979-ൽ ജാപ്പനീസ് കമ്പനിയായ സോണി ‘വാക്ക്മാൻ’ പുറത്തിറക്കിയതോടെ ലോകം അതുവരെ കാണാത്ത രീതിയിൽ സംഗീത സംസ്കാരം മാറിമറിഞ്ഞു. അതുവരെ സംഗീതം എന്നത് ഒരു മുറിയിലോ കാറിലോ ഇരുന്ന് കൂട്ടമായി കേൾക്കേണ്ട ഒന്നായിരുന്നുവെങ്കിൽ, വാക്ക്മാൻ വന്നതോടെ യാത്ര ചെയ്യുമ്പോഴും നടക്കുമ്പോഴും സ്വന്തം ലോകത്തിരുന്ന് പാട്ട് കേൾക്കാമെന്നായി.ഇതോടൊപ്പം ‘ബ്ലാങ്ക് കാസറ്റുകൾ’ വാങ്ങി ആളുകൾ റെക്കോർഡിംഗ് ഷോപ്പുകളിൽ കൊണ്ടുപോയി തങ്ങൾക്ക് ഇഷ്ടമുള്ള പാട്ടുകൾ മാത്രം കസ്സെറ്റിലാക്കി വാങ്ങുന്ന ‘മിക്സ്ടേപ്പ്’ സംസ്കാരവും യുവാക്കൾക്കിടയിൽ തരംഗമായി മാറി. കസ്സെറ്റിലെ റിബ്ബൺ പുറത്തേക്കു വരുമ്പോൾ അത് കേടുപാടുകൾ കൂടാതെ തിരികെ കസ്സെറ്റിനുള്ളിലേക്ക് ചുരുട്ടാൻ പെൻസിലോ പേനയോ ഉപയോഗിച്ച് കറക്കുന്നതും പ്ലെയറുകളുടെ കറുത്ത ചക്രമായ പിഞ്ച് റോളറിൽ കസ്സെറ്റ് കുടുങ്ങുന്നതും പൊട്ടിപ്പോയ റിബ്ബണുകൾ ഒട്ടിച്ചെടുത്ത് വീണ്ടും ഉപയോഗിക്കുന്നതും അന്നത്തെ കൗതുകക്കാഴ്ചകളായിരുന്നു.
പോളിസ്റ്റർ ഫിലിമിന് മുകളിൽ അയൺ ഓക്സൈഡ് അല്ലെങ്കിൽ ക്രോമിയം ഡൈഓക്സൈഡ് കൊണ്ടുള്ള വളരെ നേർത്ത കോട്ടിംഗ് നൽകി നിർമ്മിക്കുന്ന ‘കാന്തിക നാട’ (റിബ്ബൺ)യിലാണ് ശബ്ദം കാന്തിക സിഗ്നലുകളായി സൂക്ഷിക്കുന്നത്. ഇതിന് സൈഡ് എ, സൈഡ് ബി എന്നിങ്ങനെ രണ്ട് വശങ്ങളുണ്ട്. ടേപ്പ് പ്ലെയറിന്റെ ‘റീഡിംഗ് ഹെഡുമായി’ ടേപ്പ് എപ്പോഴും കൃത്യമായി മുട്ടിയിരിക്കാൻ ഇതിനുള്ളിൽ ഒരു ചെറിയ ‘പ്രഷർ പാഡ്’ ഉണ്ടാകും. തുടക്കത്തിൽ പാട്ടുകൾ കേൾക്കാനല്ല, മറിച്ച് ആളുകൾക്ക് സംസാരിച്ച് റെക്കോർഡ് ചെയ്യാനുള്ള ഒരു ഉപകരണമായാണ് ഇത് വിഭാവനം ചെയ്തത്. കാരണം ആദ്യകാല ടേപ്പുകളുടെ ശബ്ദനിലവാരം സംഗീതത്തിന് അനുയോജ്യമായിരുന്നില്ല.1970-കളുടെ തുടക്കത്തിൽ ടേപ്പുകളിൽ ‘ക്രോമിയം ഡൈഓക്സൈഡ്’ ഉപയോഗിക്കാൻ തുടങ്ങിയതോടെ ശബ്ദത്തിന്റെ വ്യക്തത വലിയ തോതിൽ വർദ്ധിച്ചു. ഇതോടെ കാസറ്റുകൾ പൂർണ്ണമായും സംഗീത ആൽബങ്ങൾക്കായി ഉപയോഗിക്കാൻ തുടങ്ങി.1970-80 കാലയളവിൽ ആളുകൾ തമ്മിലുള്ള ആശയവിനിമയത്തിനും കസ്സെറ്റുകൾ ഉപയോഗിച്ചിരുന്നു. ഇന്നത്തെപ്പോലെ ആളുകളുടെ കയ്യിൽ മൊബൈൽ ഫോൺ ഇല്ല. വീടുകളിൽ അപൂർവമായി മാത്രം ലാൻഡ്ഫോണുകൾ ഉണ്ടായിരുന്നു. വിദേശത്തുള്ള പ്രിയപ്പെട്ടവരുടെ ശബ്ദം കേൾക്കാൻ അന്ന് കസ്സെറ്റുകൾ സഹായിച്ചിരുന്നു.പറയാനുള്ള പരിഭവങ്ങളും സന്തോഷവാർത്തകളും റെക്കോർഡ് ചെയ്തു വിദേശത്തേക്കും തിരിച്ചും കൊടുത്തുവിടുന്നവർ നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു.വിദേശത്ത് ജോലി ചെയ്തിരുന്ന പലരും തങ്ങളുടെ മക്കളുടെ ശബ്ദം ആദ്യമായ് കേട്ടത് കസ്സെറ്റിൽ നിന്നായിരുന്നു. സുവിശേഷപ്രഘോഷണത്തിനു കസ്സെറ്റുകൾ നൽകിയ സേവനം സ്മരണീയമാണ്. പ്രശസ്ത സുവിശേഷപ്രഘോഷകരുടെ പ്രസംഗങ്ങളും സ്തുതിഗീതങ്ങളും ലോകമെങ്ങും ചെറിയ ചെലവിൽ എത്തിക്കുന്നതിന് കസ്സെറ്റുകൾ ഏറെ സഹായിച്ചു. ഭക്തിഗാനങ്ങളുടെ പ്രചരണത്തിനും എല്ലായിടത്തും കസ്സെറ്റുകൾ കാരണമായി. ഇന്ത്യയിൽ വിനൈൽ റെക്കോർഡുകൾ ധനികർക്ക് മാത്രമായി പരിമിതപ്പെട്ടിരുന്ന കാലത്താണ് കസ്സെറ്റുകൾ വരുന്നത്. ഗുൽഷൻ കുമാർ സ്ഥാപിച്ച ടി-സീരീസ് (T-Series) വളരെ കുറഞ്ഞ വിലയ്ക്ക് കസ്സെറ്റുകൾ വിപണിയിൽ ഇറക്കി വിപ്ലവം സൃഷ്ടിച്ചു. കേരളത്തിൽ ഈ വിപ്ലവത്തിന് തുടക്കമിട്ടത് ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസ് ആണ്. 1980-ൽ അദ്ദേഹം തുടക്കം കുറിച്ച ‘തരംഗിണി സ്റ്റുഡിയോ’ കേരളത്തിലെ കസ്സെറ്റ് വിപണിയെ പ്രൊഫഷണലാക്കി മാറ്റി . തരംഗിണിയുടെ ഉത്സവഗാനങ്ങളും ഭക്തിഗാനങ്ങളും കസ്സെറ്റുകളിലൂടെ കേരളത്തിലെ ലക്ഷക്കണക്കിന് വീടുകളിലെത്തി. തുടർന്ന് രഞ്ജിനി,നിസരി,സരിഗ, ജോണി സാഗരിക, മാഗ്ന സൗണ്ട്സ്, ഈസ്റ്റ് കോസ്റ്റ്, തുടങ്ങിയ കമ്പനികളും കേരളത്തിൽ വിപണി പിടിച്ചടക്കി.1980-90 കളിൽ കേരളത്തിലെ എല്ലാ കവലകളിലും പാട്ടുകൾ റെക്കോർഡ് ചെയ്തു നൽകുന്ന കസ്സെറ്റ് കടകൾ സജീവമായിരുന്നു.
വലിയ റെക്കോർഡ് കമ്പനികൾ കാര്യമായി പരിഗണിക്കാതിരുന്ന ഭക്തിഗാനങ്ങൾ, നാടൻപാട്ടുകൾ, മാപ്പിളപ്പാട്ടുകൾ, ഉത്സവ ഗാനങ്ങൾ, വിപ്ലവഗാനങ്ങൾ, കഥാപ്രസംഗങ്ങൾ എന്നിവ കാസറ്റുകളിലൂടെ വലിയ പ്രചാരം നേടി. കേരളത്തിൽ കസ്സെറ്റ് കമ്പനികൾ സിനിമാപ്പാട്ടുകൾക്കൊപ്പം ക്രിസ്തീയ-ഹൈന്ദവ ഭക്തിഗാനങ്ങളും മാപ്പിളപ്പാട്ടുകളും ജനകീയമാക്കി.ഡിജിറ്റൽ ശബ്ദ നിലവാരവും പാട്ടുകൾ മാറ്റിമാറ്റി കേൾക്കാനുള്ള എളുപ്പവും കാരണം 1990-കളുടെ അവസാനത്തോടെ കസ്സെറ്റുകളുടെ വിപണി പൂർണ്ണമായി ഇടിഞ്ഞു. പിന്നീട് എംപി3, ഐപോഡ്, ഒടുവിൽ ഇന്നത്തെ ഓൺലൈൻ സ്ട്രീമിംഗ് ആപ്പുകൾ കൂടിയായപ്പോൾ കാസറ്റുകൾ ചരിത്രത്തിന്റെ ഭാഗമായി.ഡിജിറ്റൽ യുഗത്തിലും പഴയകാല ഓർമകൾ പുതുക്കാനും വിന്റേജ് ശേഖരമെന്ന നിലയ്ക്കും ഇന്നും ലോകമെമ്പാടും ആളുകൾ കസ്സെറ്റുകൾ സൂക്ഷിക്കുന്നുണ്ട്. ചില പ്രശസ്ത അന്താരാഷ്ട്ര സംഗീതജ്ഞർ ഇപ്പോഴും തങ്ങളുടെ ആൽബങ്ങൾ കസ്സെറ്റ് രൂപത്തിൽ പുറത്തിറക്കുന്നുണ്ട്. മലയാളത്തിലും അടുത്തകാലത്ത് ഹൃദയം എന്ന സിനിമയിലെ പാട്ടുകൾ കസ്സെറ്റിൽ വിപണിയിൽ എത്തിയിരുന്നു.സംഗീതത്തെ ഏതൊരാൾക്കും എവിടെയും കൊണ്ടുനടന്ന് കേൾക്കാവുന്ന ഒന്നാക്കി മാറ്റിയതിൽ ഓഡിയോ കസ്സെറ്റുകൾ വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തതാണ്. ഡിജിറ്റൽ യുഗത്തിലെ ക്ലിക്കുകൾക്കും ടച്ചുകൾക്കും നൽകാൻ കഴിയാത്ത ഒരു പ്രത്യേക ‘സ്പർശനാനുഭവം’ പഴയ കസ്സെറ്റ് കാലഘട്ടത്തിന് ഉണ്ടായിരുന്നു. സാങ്കേതികവിദ്യകൾ എത്രതന്നെ മാറിയാലും, പെൻസിൽ കൊണ്ട് ടേപ്പ് ചുരുട്ടി പാട്ടുകേട്ട ആ പഴയ കസ്സെറ്റ് കാലഘട്ടം സംഗീത ചരിത്രത്തിലെ മധുരിക്കുന്നോരോർമയായി എന്നും നിലനിൽക്കും.

