വിതുര: നെയ്യാറ്റിൻകര രൂപതയുടെ ഔദ്യോഗിക തീർത്ഥാടന കേന്ദ്രവും ‘കിഴക്കിന്റെ കാൽവരി’ എന്ന പേരിൽ പ്രസിദ്ധവുമായ ബോണക്കാട് കുരിശുമലയുടെ 70-ാമത് തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾക്ക് തുടക്കമായി. സപ്തതി തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വിതുര ദൈവപരിപാലന ദൈവാലയത്തിൽ ആലോചനാ യോഗം ചേർന്നു.
കുരിശുമല റെക്ടറും ചുള്ളിമാനൂർ ഫൊറോന വികാരിയുമായ ഡോ. ഫാ. ബിനു ടി.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം റീജിയണൽ കോ-ഓർഡിനേറ്റർ മോൺ. ഡോ. ജോസ് റാഫേൽ ഉദ്ഘാടനം ചെയ്തു. വിതുര-ബോണക്കാട് ഇടവക വികാരി ഫാ. റിനോയി സ്വാഗതം ആശംസിച്ചു.തീർത്ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിനും ഏകോപനത്തിനുമായി വൈദികരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. ‘വിശുദ്ധ കുരിശ് സഹനത്തിൽ അഭയകേന്ദ്രം’ എന്നതാണ് സപ്തതി തീർത്ഥാടനത്തിന്റെ ആപ്തവാക്യം.രണ്ട് ഘട്ടങ്ങളിലായാണ് ഈ വർഷത്തെ തീർത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്. ആദ്യഘട്ടം 2027 മാർച്ച് 17 മുതൽ 21 വരെ നടത്തും. ഓശാന ഞായറാഴ്ചയോടെ ആദ്യഘട്ടം സമാപിക്കും.
രണ്ടാംഘട്ട തീർത്ഥാടനം മാർച്ച് 26-ന് ദുഃഖവെള്ളി ദിനത്തിൽ നടക്കും. സപ്തതിയോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ജനറൽ കൺവീനർ ഫ്രാൻസി അലോഷ്യസും സെക്രട്ടറി ബൈജു തെന്നൂരും അറിയിച്ചു.

