തുർക്കി : കാലാവസ്ഥാ വ്യതിയാനം മനുഷ്യരാശിക്കും പ്രകൃതിക്കും ഉയർത്തുന്ന ഭീഷണികൾ വർധിച്ചുവരുമ്പോഴും ഈ പ്രതിസന്ധിയിലേക്കുള്ള ആഗോളശ്രദ്ധ കുറയുകയാണെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിൻ. തുർക്കിയിലെ അന്റാലിയയിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയായ cop 31-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബർ 17-ന് നടന്ന ഉന്നതതല സമ്മേളനത്തിന്റെ പുനരാരംഭ വേളയിൽ ആദ്യ പ്രസംഗം നടത്തിയത് കർദ്ദിനാൾ പരോളിനായിരുന്നു.
ലെയോ പതിനാലാമൻ പാപ്പയ്ക്കുവേണ്ടി സംസാരിച്ച അദ്ദേഹം, കാലാവസ്ഥാ പ്രതിസന്ധിയുടെ മാനവിക മുഖം എപ്പോഴും ഓർമിക്കണമെന്ന പാപ്പയുടെ സന്ദേശം ഉച്ചകോടിയിൽ ആവർത്തിച്ചു. കഴിഞ്ഞ വർഷം ബ്രസീലിൽ നടന്ന ഉച്ചകോടിക്ക് നൽകിയ സന്ദേശത്തിലും കാലാവസ്ഥാ വ്യതിയാനത്തിന്റെ മനുഷ്യരൂപം തിരിച്ചറിയണമെന്ന് പാപ്പ ആഹ്വാനം ചെയ്ത കാര്യം അദ്ദേഹം അനുസ്മരിച്ചു.
കാലാവസ്ഥാ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുകയാണെന്നും അതിന്റെ ആഘാതം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് ഈ പ്രതിസന്ധിക്ക് ഏറ്റവും കുറവ് ഉത്തരവാദികളായ ദരിദ്രരും ഭാവിതലമുറകളുമാണെന്നും കർദ്ദിനാൾ പറഞ്ഞു. സ്വാർഥതാൽപര്യങ്ങളും ഹ്രസ്വദൃഷ്ടിയോടെയുള്ള നിലപാടുകളും മൂലം രൂപപ്പെടുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കാലാവസ്ഥാ പ്രതിസന്ധിയെ മറയ്ക്കുന്ന സാഹചര്യം ആശങ്കാജനകമാണ്. സംഘർഷങ്ങളും ഭിന്നതകളും വളർത്തുന്ന ഇത്തരം സാഹചര്യങ്ങൾക്കിടയിൽ പൊതുവായ മുൻഗണനകൾക്കായി രാജ്യങ്ങൾ ഒന്നിച്ചുപ്രവർത്തിക്കണമെന്നും ദീർഘവീക്ഷണത്തോടെയുള്ള ബഹുരാഷ്ട്ര സഹകരണം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യ-യുക്രെയ്ൻ യുദ്ധവും അമേരിക്കയും ഇസ്രയേലും ഇറാനുമായുള്ള യുദ്ധവും ആഗോള ഊർജവിപണിയെ ബാധിക്കുകയും ജീവിതച്ചെലവ് വർധിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് COP 31 നടക്കുന്നത്. അതേസമയം, നിർമിതബുദ്ധിയുടെ അതിവേഗ വളർച്ചയും ആഗോളതലത്തിൽ പ്രധാന ചർച്ചാവിഷയമായി മാറിയിട്ടുണ്ട്.കൽക്കരി, എണ്ണ, പ്രകൃതിവാതകം എന്നിവയുടെ ഉപയോഗത്തിലൂടെ പുറത്തുവരുന്ന ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കുന്നതിൽ രാജ്യങ്ങൾ വേണ്ടത്ര വേഗത കൈവരിച്ചിട്ടില്ലെന്നും ഇത് കൂടുതൽ വിനാശകരമായ കാലാവസ്ഥാ സാഹചര്യങ്ങൾക്ക് വഴിയൊരുക്കുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
2015-ലെ പാരിസ് കാലാവസ്ഥാ ഉടമ്പടി ലക്ഷ്യമിടുന്ന ആഗോള താപനില വർധന 1.5 ഡിഗ്രി സെൽഷ്യസിനുള്ളിൽ പരിമിതപ്പെടുത്തുക എന്ന ലക്ഷ്യം ഈ ദശകത്തിന്റെ അവസാനത്തോടെ മറികടക്കപ്പെടുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. താപനിലയിലെ വർധന പരമാവധി നിയന്ത്രിച്ച് പിന്നീട് കുറച്ചുകൊണ്ടുവരുന്നതിനുള്ള നടപടികളാണ് ഇനി പ്രധാനമെന്നും അവർ വ്യക്തമാക്കുന്നു. കാലാവസ്ഥാ വ്യതിയാനം പരിസ്ഥിതി പ്രശ്നം മാത്രമല്ലെന്നും അത് സാമൂഹിക-സാമ്പത്തിക പ്രതിസന്ധിയും അടിസ്ഥാനപരമായി മനുഷ്യനെ സംബന്ധിച്ച പ്രതിസന്ധിയുമാണെന്നും കർദ്ദിനാൾ പരോളിൻ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കൽ, അതിന്റെ പ്രത്യാഘാതങ്ങളുമായി പൊരുത്തപ്പെടൽ, അതിലുപരി സമൂഹത്തിന്റെ സമഗ്രമായ പരിവർത്തനം എന്നിവയ്ക്കായി രാജ്യങ്ങൾ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കണം. ഐക്യദാർഢ്യം, പൊതുനന്മ, സൃഷ്ടിയുടെ സംരക്ഷണം എന്നിവയിൽ അധിഷ്ഠിതമായിരിക്കണം ഇത്തരം പ്രവർത്തനങ്ങളെന്നും അദ്ദേഹം ഓർമിപ്പിച്ചു. സൃഷ്ടിയെ സ്വേച്ഛാധിപത്യപരമായോ ഉത്തരവാദിത്വമില്ലാതെയോ കൈകാര്യം ചെയ്യാൻ മനുഷ്യന് അവകാശമില്ലെന്ന് കർദ്ദിനാൾ വ്യക്തമാക്കി. നാം കടന്നുപോകുന്ന കാലഘട്ടത്തിലെ വലിയ മാറ്റങ്ങളെ മനുഷ്യന്റെ അനന്തമായ അന്തസ്സും സഹജീവികളോടും സൃഷ്ടപ്രപഞ്ചത്തോടുമുള്ള ഉത്തരവാദിത്വവും തിരിച്ചറിയുന്ന പുതിയ ലോകത്തിന്റെ നിർമാണത്തിനുള്ള അവസരമായി കാലാവസ്ഥാ പ്രതിസന്ധിയെ കാണണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കാലാവസ്ഥാ സംരക്ഷണത്തിൽ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യവും വത്തിക്കാൻ ഉയർത്തിക്കാട്ടി. പാരിസ് ഉടമ്പടിയുടെ ഭാഗമായി സമർപ്പിച്ച ദേശീയ കാലാവസ്ഥാ പ്രതിബദ്ധതയിൽ വിദ്യാഭ്യാസ പദ്ധതികളും വത്തിക്കാൻ ഉൾപ്പെടുത്തിയിട്ടുണ്ട്. 2035-ഓടെ വത്തിക്കാൻ നഗരത്തിനുള്ളിലെ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ 28 ശതമാനം കുറയ്ക്കാനും വത്തിക്കാൻ പ്രതിജ്ഞാബദ്ധമാണ്.
സാമൂഹികനീതിയും പരിസ്ഥിതിനീതിയും സമന്വയിപ്പിക്കുന്നതും ലളിതവും സുസ്ഥിരവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതും സൗകര്യപ്രദമായത് മാത്രമല്ല, നീതിയുക്തമായത് തിരഞ്ഞെടുക്കാൻ പ്രാപ്തമായ മനഃസാക്ഷി രൂപപ്പെടുത്തുന്നതുമായിരിക്കണം വിദ്യാഭ്യാസമെന്ന് കർദ്ദിനാൾ പരോളിൻ പറഞ്ഞു.

