കോവളം: നാണയങ്ങളിലും കറൻസികളിലും തപാൽ ഉരുപ്പടികളിലും ആലേഖനം ചെയ്ത ക്രൈസ്തവ ചരിത്രവും പൈതൃകവും പരിചയപ്പെടുത്തുന്ന ‘വിസ്മയക്കാഴ്ച’ പ്രദർശനം പാലപ്പൂർ ഹോളി ക്രോസ് ഇടവകയിൽ സംഘടിപ്പിച്ചു. ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ നവംബർ 15 ഞായറാഴ്ച നടന്ന പരിപാടി ഇടവക വികാരി ഫാ. യൂജിൻ ബ്രിട്ടോ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സെൽവരാജ് ജോസഫിന്റെ നേതൃത്വത്തിലായിരുന്നു പ്രദർശനം. ക്രൈസ്തവ വിഷയങ്ങൾ ആലേഖനം ചെയ്ത അപൂർവ നാണയങ്ങൾ, കറൻസികൾ, തപാൽ ഉരുപ്പടികൾ, പുരാവസ്തുക്കൾ, തിരുശേഷിപ്പുകൾ എന്നിവ പ്രദർശനത്തിൽ ഒരുക്കിയിരുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെയും ചരിത്രത്തിന്റെയും വിവിധ അടയാളങ്ങൾ അടുത്തറിയാൻ പ്രദർശനം സന്ദർശകർക്ക് അവസരമായി. പരിപാടിയുടെ സമാപനത്തിൽ പ്രദർശനത്തിന് നേതൃത്വം നൽകിയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സെൽവരാജ് ജോസഫിനെ ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു.

