കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ക്രൈസ്തവ വിശ്വാസികൾക്കും ദേവാലയങ്ങൾക്കും നേരെ വർധിച്ചുവരുന്ന അക്രമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ബെംഗാൾ ക്രിസ്ത്യൻ കൗൺസിൽ. സംഭവങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ക്രൈസ്തവ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് കൗൺസിൽ സംസ്ഥാന മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
വിഷയത്തിൽ നേരിട്ട് ചർച്ച നടത്തുന്നതിനായി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കും അനുമതി തേടിയിട്ടുണ്ട്. കൊൽക്കത്തയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കൗൺസിൽ പ്രസിഡന്റ് സി.എസ്.ഐ ബിഷപ്പ് പരിതോഷ് കാനിങ് ആണ് ഇക്കാര്യം അറിയിച്ചത്. സൗത്ത് 24 പർഗാനാസ്, നാദിയയിലെ കൃഷ്ണനഗർ, ഈസ്റ്റ് ബർധമാൻ, മാൾഡ, ഹൗറ, ഈസ്റ്റ് മേദിനിപൂർ, വെസ്റ്റ് മേദിനിപൂർ തുടങ്ങിയ ജില്ലകളിലെ ഒമ്പതോളം കേന്ദ്രങ്ങളിൽ ക്രൈസ്തവ സ്ഥാപനങ്ങൾക്കും പ്രാർത്ഥനാ കൂട്ടായ്മകൾക്കും നേരെ ആക്രമണങ്ങളും ഭീഷണികളും ഉണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന ക്രിസ്തുമസ് ആഘോഷങ്ങൾ ഭയരഹിതമായി നടത്താൻ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ സർക്കാർ ഏർപ്പെടുത്തണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. അർധരാത്രി ദിവ്യബലികൾ, പ്രാർത്ഥനകൾ, കരോൾ ഗാനങ്ങൾ തുടങ്ങിയവയ്ക്ക് തടസ്സങ്ങളില്ലാതെ നടത്താൻ സാഹചര്യമൊരുക്കണം. ക്രൈസ്തവ സഭകളുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മിഷനറി സ്കൂളുകൾക്കുമെതിരെ ഉയരുന്ന നിർബന്ധിത മതപരിവർത്തന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ബിഷപ്പ് പരിതോഷ് കാനിങ് വ്യക്തമാക്കി. മതസൗഹാർദവും സാമൂഹിക ഐക്യവും സംരക്ഷിക്കുന്നതിനായി എല്ലാ വിഭാഗങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

