ലിമ: മുൻ ബിഷപ്പായിരുന്ന റോബർട്ട് പ്രിവോസ്റ്റ് ആഗോള കത്തോലിക്കാ സഭയുടെ തലവനായി ലെയോ പതിനാലാമൻ പാപ്പയായി ഉയർന്നതിന്റെ ആദരസൂചകമായി പെറുവിൽ 14 മീറ്റർ ഉയരമുള്ള കൂറ്റൻ പ്രതിമ സ്ഥാപിച്ചു. പാപ്പയുടെ പെറു സന്ദർശനത്തോടനുബന്ധിച്ചാണ് കല്ലാവോയിൽ പ്രതിമ അനാച്ഛാദനം ചെയ്തത്.
പ്രശസ്ത ശിൽപികളായ ഡെയ്വി വോങ് അരാനയുടെയും റാഫേൽ ഗുട്ടിയറസ് ക്വിസ്പെയുടെയും നേതൃത്വത്തിലാണ് പ്രതിമയുടെ നിർമ്മാണം പൂർത്തിയാക്കിയത്. രണ്ട് മീറ്റർ ഉയരമുള്ള പീഠത്തിന് മുകളിൽ 12 മീറ്റർ ഉയരത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. മാർബിളിന് സമാനമായ രൂപഭംഗിയുള്ള പ്രതിമ ലോഹച്ചട്ടക്കൂടിൽ പോളിയുറീൻ ഫോം, ഫൈബർഗ്ലാസ്, പോളിസ്റ്റർ റെസിൻ എന്നിവ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. പെറുവിൽ ഒരു മാർപാപ്പയ്ക്കായി ഒരുക്കിയിട്ടുള്ളതിൽ ഏറ്റവും ഉയരം കൂടിയ പ്രതിമയാണിത്. കല്ലാവോ മേയർ സീസർ പെരസിന്റെ നേതൃത്വത്തിൽ നടന്ന അനാച്ഛാദന ചടങ്ങിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.
കല്ലാവോ ബിഷപ്പ് ലൂയിസ് ആൽബെർട്ടോ ബരേര പച്ചെക്കോ, പെറുവിയൻ ബിഷപ്പ്സ് കോൺഫറൻസ് ഡെപ്യൂട്ടി സെക്രട്ടറി മോൺ. ഗില്ലെർമോ ഇങ്ക പെരേഡ തുടങ്ങിയ സഭാ-സാമൂഹിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ചിക്ലായോ രൂപതയുടെ ബിഷപ്പായി എട്ടു വർഷത്തോളം സേവനം ചെയ്ത ലെയോ പതിനാലാമൻ പാപ്പയ്ക്ക് പെറുവുമായുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ ആദരവായാണ് ഈ പ്രതിമ വിലയിരുത്തപ്പെടുന്നത്.

