ലിമ: പെറുവിലെ സഭാനേതൃത്വവുമായി കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ പാപ്പ. തെക്കേ അമേരിക്കൻ രാജ്യങ്ങളിലേക്കുള്ള അപ്പസ്തോലിക സന്ദർശനത്തിന്റെ ഭാഗമായി നവംബർ 12 വ്യാഴാഴ്ചയാണ് പാപ്പാ ലിമ അതിരൂപതാ ആസ്ഥാനത്തെത്തി മെത്രാൻസമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്.
രാവിലെ 7.30ന് അപ്പസ്തോലിക നൂൺഷ്യേച്ചറിൽ വിശുദ്ധ കുർബാന അർപ്പിച്ചശേഷം ഒൻപത് മണിയോടെ പേപ്പൽ വാഹനത്തിൽ ലിമ അതിരൂപതാ മന്ദിരത്തിലേക്ക് പുറപ്പെട്ടു. അവിടെ എത്തിയ പാപ്പായെ പെറു മെത്രാൻസമിതി അധ്യക്ഷൻ ബിഷപ്പ് കാർലോസ് എൻറിക്കെ ഗാർസിയ കമാദെർ സ്വീകരിച്ചു. തുടർന്ന് അതിരൂപതാ മന്ദിരത്തിലെ കപ്പേളയിൽ നടന്ന ചടങ്ങിൽ മെത്രാൻസമിതി അംഗങ്ങളെ അഭിസംബോധന ചെയ്ത് പാപ്പാ സംസാരിച്ചു. കൂടിക്കാഴ്ചയ്ക്കുശേഷം സമ്മാനങ്ങൾ കൈമാറുകയും മെത്രാന്മാരോടൊപ്പം പാപ്പാ ഫോട്ടോയെടുക്കുകയും ചെയ്തു. തുടർന്ന് അപ്പസ്തോലനായ വിശുദ്ധ യോഹന്നാന്റെയും സ്നാപകയോഹന്നാന്റെയും നാമധേയത്തിലുള്ള ലിമ കത്തീഡ്രലിലേക്ക് പാപ്പായും സഭാനേതൃത്വവും നീങ്ങി. അവിടെ മധ്യാഹ്ന പ്രാർത്ഥനയിലും പാപ്പാ പങ്കുചേർന്നു.

