കൗമാരത്തിലെ കുറ്റവാസന: കുടുംബവും സമൂഹവും നിയമവും തിരിച്ചറിയാതെ പോകുന്ന അപകടസൂചനകള്‍
ഡോ. റോസ് മോള് മാത്യുസൈക്കോളജിസ്റ്റ് – സൈക്കാട്രിസ്റ്റ്
കുട്ടിക്കാലത്തിനും യൗവനത്തിനുമിടയിലെ ഏറ്റവും നിര്‍ണായകമായ ജീവിതഘട്ടമാണ് കൗമാരം. സ്വപ്നങ്ങളും സൗഹൃദങ്ങളും സാഹസികതകളും പുതിയ ലോകം കീഴടക്കാനുള്ള ആവേശവുമൊക്കെയാണ് ആ പ്രായത്തിന്റെ മുഖമുദ്ര. എന്നാല്‍, ആ കൗമാരത്തിന്റെ കൈകളില്‍നിന്ന് ചിലപ്പോള്‍ അക്രമത്തിന്റെ ആയുധങ്ങളും ഉയരുന്നുവെന്നത് നമ്മുടെ കാലം നേരിടുന്ന ഏറ്റവും ഭീതിജനകമായ സാമൂഹിക യാഥാര്‍ഥ്യങ്ങളിലൊന്നാണ്. പതിനേഴാം വയസ്സില്‍ ഒരാള്‍ ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ നെയ്യുകയാണോ, അതോ മറ്റൊരാളുടെ ജീവിതം അവസാനിപ്പിക്കാനുള്ള ക്രൂരതയിലേക്ക് വളരുകയാണോ എന്ന ചോദ്യം ഇന്ന് കുടുംബങ്ങളെയും വിദ്യാലയങ്ങളെയും നിയമസംവിധാനങ്ങളെയും ഒരുപോലെ അസ്വസ്ഥമാക്കുന്നു.കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കൗമാരക്കാരെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ കുറ്റവാളിയുടെ പ്രായം മാത്രമല്ല നമ്മെ ഞെട്ടിക്കുന്നത്; ആ പ്രായത്തില്‍ ഇത്രമേല്‍ ക്രൂരതയിലേക്ക് ഒരാള്‍ എങ്ങനെ എത്തിച്ചേരുന്നു എന്ന ചോദ്യമാണ്. ഇത് ഏതെങ്കിലും ഒരു കുട്ടിയുടെ മാത്രം തകര്‍ച്ചയല്ല. കുടുംബബന്ധങ്ങളിലും വിദ്യാഭ്യാസത്തിലും സാമൂഹികജീവിതത്തിലും ധാര്‍മികബോധത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ചില ഗുരുതരമായ വിള്ളലുകളുടെ പ്രതിഫലനം കൂടിയാണ്. കൗമാരക്കാരെ കുറ്റവാളികളാക്കുന്ന സാഹചര്യങ്ങളെ തിരിച്ചറിയുകയും അവരെ തിരുത്താനുള്ള സാമൂഹികവും നിയമപരവുമായ വഴികള്‍ തേടുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ആഘോഷങ്ങളുടെ ആരവത്തിനപ്പുറംവളരുന്ന അക്രമമനോഭാവം
കേരളത്തിലെ സമീപകാല സംഭവങ്ങള്‍ ഈ ആശങ്കയെ കൂടുതല്‍ ഗൗരവമുള്ളതാക്കുന്നു. 2026 നവംബറില്‍ തിരുവനന്തപുരത്തെ പാങ്ങപ്പാറയില്‍ 17 വയസ്സുകാരനായ അഭിരാമിനെ കൊലപ്പെടുത്തിയ സംഭവം കേരളത്തെ നടുക്കി. ഇന്‍സ്റ്റഗ്രാം വഴി വിളിച്ചുവരുത്തിയ അഭിരാമിനെ മര്‍ദിക്കുകയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം ചാക്കിലാക്കി ഉപേക്ഷിക്കുകയും ചെയ്തെന്നാണ് അന്വേഷണത്തില്‍ പുറത്തുവന്നത്. കേസില്‍ പ്രായപൂര്‍ത്തിയാകാത്തവരടക്കം നിരവധി പേര് പ്രതികളായി. സാമൂഹികമാധ്യമങ്ങളിലെ ബന്ധങ്ങളും വ്യക്തിവൈരാഗ്യങ്ങളും എത്രമാത്രം അപകടകരമായ കുറ്റകൃത്യങ്ങളിലേക്ക് വളരാമെന്നതിന്റെ ഭീതിജനകമായ ഉദാഹരണമാണിത്.ഒക്ടോബറില്‍ നെടുമ്പാശേരിക്കു സമീപം മിനി കൂപ്പര്‍ കാര്‍ സ്കൂട്ടറിലിടിച്ച് മൂന്നു പേര് മരിച്ച സംഭവവും കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ചു. വാഹനം ഓടിച്ചിരുന്ന സുഹൈല്‍ സജീവ് 19 വയസ്സുകാരനായിരുന്നു. മദ്യപിച്ച് അമിതവേഗത്തില്‍ വാഹനമോടിച്ചുവെന്നും അപകടസമയത്ത് അനുവദനീയമായതിന്റെ അഞ്ചിരട്ടിയോളം, രക്തത്തിലെ മദ്യത്തിന്റെ അളവുണ്ടായിരുന്നുവെന്നും പൊലീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ മദ്യപിച്ച ഡ്രൈവറെ തടയുന്നതിനുപകരം വേഗത്തില്‍ വാഹനമോടിക്കാന്‍ പ്രോത്സാഹിപ്പിച്ചുവെന്ന ആരോപണവും ഉയര്‍ന്നു. കൗമാരത്തില്‍നിന്ന് യൗവനത്തിലേക്കു കടക്കുന്ന തലമുറയില്‍ വളരുന്ന ലഹരിയുടെയും കൂട്ടുകെട്ടുകളുടെയും അപകടകരമായ സ്വാധീനം ഈ സംഭവം തുറന്നുകാട്ടുന്നു.എറണാകുളം ചേരാനല്ലൂരില്‍ 17 വയസ്സുകാരന് ഓടിച്ച മെഴ്സിഡസ് ബെന്‍സ് കാറിടിച്ച് വഴിയോര ഭക്ഷണശാല നടത്തിയിരുന്ന ജയബാലകൃഷ്ണന്‍ മരിച്ചതും സമാനമായ ആശങ്ക ഉയര്‍ത്തി. അര്‍ധരാത്രിയില്‍ ലൈസന്‍സില്ലാതെ കാര്‍ ഓടിച്ചെത്തിയ കൗമാരക്കാരന് അപകടമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്റെ ഉടമയായ പിതാവിനെതിരെയും മകനെ വാഹനം ഓടിക്കാന്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട നിയമനടപടികള്‍ ഉണ്ടായി. അപകടത്തിനുശേഷമുള്ള പൊലീസ് നടപടികളും ജാമ്യവും സംബന്ധിച്ച വിവാദങ്ങള്‍ നിയമം എല്ലാവര്ക്കും ഒരുപോലെ ബാധകമാണോ എന്ന ചോദ്യവും ഉയര്‍ത്തി.ഈ സംഭവങ്ങളെല്ലാം ഒരേ സ്വഭാവത്തിലുള്ള കുറ്റകൃത്യങ്ങളല്ല. കൊലപാതകം, ലഹരിയുടെ സ്വാധീനത്തിലുള്ള അപകടകരമായ ഡ്രൈവിങ്, അശ്രദ്ധമായ വാഹനമോടിക്കല്‍ എന്നിവയെ നിയമപരമായി വേര്‍തിരിച്ചുതന്നെ കാണണം. എന്നാല്‍ ഇവയ്ക്കു പിന്നില്‍ പൊതുവായി കാണുന്ന ചില പ്രവണതകളുണ്ട്: സ്വന്തം പ്രവൃത്തികളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ബോധമില്ലായ്മ, അപകടകരമായ സാഹസികതയോടുള്ള ആകര്‍ഷണം, കൂട്ടുകാരുടെ അംഗീകാരത്തിനുവേണ്ടിയുള്ള അതിരുവിട്ട പെരുമാറ്റം, മറ്റുള്ളവരുടെ ജീവനും അവകാശങ്ങളും മാനിക്കാത്ത മനോഭാവം.
നിര്‍ഭയ കേസ് ഉയര്ത്തിയചോദ്യങ്ങള് ഇന്നും പ്രസക്തം
2012 ഡിസംബറില്‍ ഡല്‍ഹിയില്‍ നടന്ന നിര്‍ഭയ കൂട്ടബലാത്സംഗവും കൊലപാതകവും രാജ്യത്തെ നടുക്കിയ സംഭവമായിരുന്നു. ആ കേസിലെ പ്രതികളിലൊരാള്‍ കുറ്റകൃത്യം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്തയാളായിരുന്നു. അതിക്രൂരമായ കുറ്റകൃത്യത്തില്‍ പങ്കെടുത്ത ഒരാള്‍ക്ക് പ്രായത്തിന്റെ പേരില്‍ ലഭിക്കുന്ന വ്യത്യസ്തമായ നിയമപരിഗണനയെക്കുറിച്ച് രാജ്യവ്യാപകമായ ചര്‍ച്ചകള്‍ക്കു വഴിയൊരുക്കിയത് ഈ സംഭവമാണ്. തുടര്‍ന്നാണ് 2000-ലെ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിനു പകരമായി 2015-ലെ ബാലനീതി (കുട്ടികളുടെ സംരക്ഷണവും പരിപാലനവും) നിയമം നിലവില്‍ വന്നത്. 2016 ജനുവരി 15 മുതല്‍ പ്രാബല്യത്തില്‍ വന്ന ഈ നിയമം 16 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ നടത്തുന്ന അതിഗുരുതര കുറ്റകൃത്യങ്ങളെ പ്രത്യേകം പരിഗണിക്കാന്‍ വ്യവസ്ഥ ചെയ്തു.നിലവിലെ നിയമത്തെക്കുറിച്ച് പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന വലിയൊരു തെറ്റിദ്ധാരണ, പതിനെട്ടു വയസ്സില്‍ താഴെയുള്ളവര്‍ക്ക് ഏതു കുറ്റം ചെയ്താലും ശിക്ഷയില്ലെന്നാണ്. യഥാര്‍ഥത്തില്‍ അങ്ങനെയല്ല. 2015-ലെ നിയമപ്രകാരം കുറ്റകൃത്യങ്ങളെ നിസ്സാര കുറ്റങ്ങള്‍, ഗുരുതര കുറ്റങ്ങള്‍, അതിഗുരുതര കുറ്റങ്ങള്‍ എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു. കൊലപാതകം, ബലാത്സംഗം തുടങ്ങിയവ അതിഗുരുതര കുറ്റങ്ങളുടെ പരിധിയില്‍ വരുന്നു.16 വയസ്സ് പൂര്‍ത്തിയായ ഒരാള്‍ അതിഗുരുതര കുറ്റം ചെയ്തതായി ആരോപിക്കപ്പെട്ടാല്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രാഥമിക വിലയിരുത്തല്‍ നടത്തണം. കുറ്റം ചെയ്യാനുള്ള കുട്ടിയുടെ മാനസികവും ശാരീരികവുമായ ശേഷി, കുറ്റത്തിന്റെ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവ്, കുറ്റകൃത്യം നടന്ന സാഹചര്യങ്ങള്‍ എന്നിവയാണ് പരിശോധിക്കേണ്ടത്. ഇതിന് പരിചയസമ്പന്നരായ മനഃശാസ്ത്രജ്ഞരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും വിദഗ്ധരുടെയും സഹായം തേടാം.
പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കേസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ത്തന്നെ തുടരണമോ അതോ കുട്ടികളുടെ കോടതിയിലേക്ക് മാറ്റി മുതിര്‍ന്നയാളെപ്പോലെ വിചാരണ ചെയ്യണമോ എന്ന് തീരുമാനിക്കാം. മുതിര്‍ന്നയാളെപ്പോലെ വിചാരണ ചെയ്യാന്‍ തീരുമാനിച്ചാലും കുട്ടിയെ സാധാരണ ജയിലിലേക്ക് നേരിട്ട് അയയ്ക്കുകയല്ല നിയമം ചെയ്യുന്നത്. പ്രത്യേക സുരക്ഷിത കേന്ദ്രത്തിലെ താമസവും പുനരധിവാസവും ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ നിലവിലുണ്ട്.ഇവിടെ ഉയരുന്ന ചോദ്യം നിയമം കുട്ടികള്‍ക്ക് സംരക്ഷണം നല്‍കണമോ എന്നതല്ല. തീര്‍ച്ചയായും നല്‍കണം. കാരണം, കുട്ടിയുടെ വ്യക്തിത്വവും മാനസികാവസ്ഥയും രൂപപ്പെടുന്ന പ്രായത്തില്‍ അവനെ തിരുത്താനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരാനും അവസരം നല്‍കേണ്ടതുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ ഇരയ്ക്കും കുടുംബത്തിനും നീതി നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്.അതിക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന 16-നും 18-നും ഇടയില്‍ പ്രായമുള്ളവരുടെ കാര്യത്തില്‍ പ്രാഥമിക വിലയിരുത്തല്‍ കൂടുതല്‍ ശാസ്ത്രീയവും സുതാര്യവുമാക്കേണ്ടതുണ്ട്. കുറ്റത്തിന്റെ ഗൗരവം, പ്രതിയുടെ മാനസികാവസ്ഥ, മുന്‍കാല പെരുമാറ്റം, കുറ്റകൃത്യത്തിലെ പങ്കാളിത്തം, ഇരയ്ക്കുണ്ടായ ആഘാതം എന്നിവ പരിഗണിക്കുന്ന സംവിധാനം ശക്തിപ്പെടുത്തണം. കുറ്റവാളിയുടെ പ്രായം മാത്രം നോക്കാതെ കുറ്റത്തിന്റെ സ്വഭാവവും ഉത്തരവാദിത്വവും കൂടി പരിഗണിക്കുന്ന നിയമഭേദഗതിയെക്കുറിച്ചുള്ള ചര്‍ച്ച പ്രസക്തമാണ്. അതേസമയം, പ്രായപൂര്‍ത്തിയാകാത്തവരെ മുതിര്‍ന്നവരെപ്പോലെ ശിക്ഷിക്കുന്നതുമാത്രം കുറ്റകൃത്യങ്ങള്‍ കുറയ്ക്കുമെന്ന ധാരണയും ശരിയല്ല.

നിയന്ത്രണം വിട്ടാല്അപകടകരമാകുന്ന പ്രായം
കൗമാരത്തിലെ കുറ്റവാസന മനസ്സിലാക്കാന്‍ ആ പ്രായത്തിലെ തലച്ചോറിന്റെയും മനസ്സിന്റെയും വളര്‍ച്ചയെക്കുറിച്ച് അറിയേണ്ടതുണ്ട്. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് (എന്‍ഐഎംഎച്ച്) പ്രസിദ്ധീകരിച്ച കൗമാരക്കാരുടെ മസ്തിഷ്കവളര്ച്ചയെക്കുറിച്ചുള്ള പഠനവിവരങ്ങള്‍ ചില പ്രധാന സൂചനകള്‍ നല്‍കുന്നുണ്ട്.തീരുമാനമെടുക്കല്‍, ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ വിലയിരുത്തല്‍, വികാരങ്ങളെ നിയന്ത്രിക്കല്‍, അപകടസാധ്യത തിരിച്ചറിയല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ മുന്‍ഭാഗമായ പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സ് പൂര്ണവളര്ച്ചയിലെത്തുന്നത് ഇരുപതുകളുടെ മധ്യത്തോടെയാണ്. അതേസമയം, കൗമാരത്തില്‍ കൂട്ടുകാരുടെ അംഗീകാരത്തിനും സാമൂഹികബന്ധങ്ങള്‍ക്കും വലിയ പ്രാധാന്യം കൈവരുന്നു. ഈ രണ്ട് ഘടകങ്ങളും ചേരുമ്പോള്‍ ചില കൗമാരക്കാര്‍ അപകടകരമായ തീരുമാനങ്ങളെടുക്കാന്‍ കൂടുതല്‍ സാധ്യതയുണ്ടാകാം.ഇതിനര്‍ത്ഥം കൗമാരക്കാര്‍ക്ക് ശരിതെറ്റുകള്‍ തിരിച്ചറിയാനുള്ള കഴിവില്ലെന്നല്ല. മറിച്ച്, തിരിച്ചറിഞ്ഞിട്ടും ചില സന്ദര്‍ഭങ്ങളില്‍ വികാരങ്ങളുടെയും ആവേശത്തിന്റെയും കൂട്ടുകാരുടെ സമ്മര്‍ദത്തിന്റെയും സ്വാധീനത്തില്‍ തെറ്റായ തീരുമാനങ്ങളെടുക്കാന്‍ സാധ്യതയുണ്ടെന്നാണ്. ഈ പ്രായത്തില്‍ ലഭിക്കുന്ന മാനസികവും സാമൂഹികവുമായ പിന്തുണ അവരുടെ ഭാവിയെ നിര്‍ണയിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നു.ലോകാരോഗ്യ സംഘടനയുടെ യുവജന അക്രമത്തെക്കുറിച്ചുള്ള പഠനങ്ങളും ഇതേ വസ്തുതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കുട്ടിക്കാലത്തെ കുടുംബാന്തരീക്ഷം, മാതാപിതാക്കളുടെ ശ്രദ്ധക്കുറവ്, കുടുംബത്തിലെ അക്രമം, ലഹരിവസ്തുക്കളുടെ ഉപയോഗം, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കൂട്ടുകാരുമായുള്ള ബന്ധം, വിദ്യാലയത്തോടുള്ള താത്പര്യക്കുറവ് തുടങ്ങിയവ അക്രമസ്വഭാവം വളരാനുള്ള അപകടഘടകങ്ങളായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.അതുകൊണ്ട്, കൗമാരക്കാരുടെ കുറ്റകൃത്യങ്ങളെ കേവലം നിയമലംഘനങ്ങളായി മാത്രം കാണാനാവില്ല. അവരുടെ പെരുമാറ്റത്തെ സ്വാധീനിക്കുന്ന മാനസികവും കുടുംബപരവും സാമൂഹികവുമായ സാഹചര്യങ്ങള്‍കൂടി പരിശോധിക്കേണ്ടതുണ്ട്.
മക്കളെ വളര്‍ത്തുന്നത് പണവുംസൗകര്യങ്ങളും മാത്രമല്ല
കുട്ടികളുടെ സ്വഭാവരൂപീകരണത്തില്‍ കുടുംബത്തിനുള്ള പങ്ക് മറ്റെന്തിനേക്കാളും വലുതാണ്. എന്നാല്‍ ആധുനിക കുടുംബജീവിതത്തില്‍ മാതാപിതാക്കള്‍ക്കു മക്കള്‍ക്കൊപ്പം ചെലവഴിക്കാനുള്ള സമയം കുറഞ്ഞുവരുന്നു. കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പണം ചെലവഴിക്കുന്നതില്‍ കാണിക്കുന്ന ശ്രദ്ധ അവരുടെ മാനസികലോകത്തെ മനസ്സിലാക്കുന്നതില്‍ പലപ്പോഴും കാണുന്നില്ല. വിലകൂടിയ മൊബൈല്‍ ഫോണുകള്‍, ആഡംബര വാഹനങ്ങള്‍, ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍, വിനോദയാത്രകള്‍, ഇഷ്ടമുള്ളതെന്തും വാങ്ങാനുള്ള സാമ്പത്തിക സ്വാതന്ത്ര്യം… ഇതെല്ലാം മക്കളോടുള്ള സ്നേഹത്തിന്റെ അടയാളങ്ങളായി ചില മാതാപിതാക്കള്‍ കരുതുന്നു. എന്നാല്‍ ഇതോടൊപ്പം ഉത്തരവാദിത്വബോധവും സാമൂഹികബോധവും സഹജീവികളോടുള്ള കരുതലും വളര്‍ത്തുന്നുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം.പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് വാഹനങ്ങള്‍ കൈമാറുക, ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നതിനെ അവഗണിക്കുക, രാത്രികാലങ്ങളില്‍ അവര്‍ എവിടെയാണെന്നോ ആരോടൊപ്പമാണെന്നോ അന്വേഷിക്കാതിരിക്കുക, മദ്യവും ലഹരിവസ്തുക്കളും ഉപയോഗിക്കുന്ന കൂട്ടുകെട്ടുകളെക്കുറിച്ച് അറിഞ്ഞിട്ടും ഇടപെടാതിരിക്കുക തുടങ്ങിയവ ഗുരുതരമായ രക്ഷാകര്തൃവീഴ്ചകളാണ്.ചേരാനല്ലൂരിലെ അപകടം ഈ ചര്‍ച്ചയ്ക്ക് കൂടുതല്‍ പ്രസക്തി നല്കുന്നു. പ്രായപൂര്‍ത്തിയാകാത്ത മകന് ആഡംബര കാര്‍ ഓടിച്ചതും അതുമായി ബന്ധപ്പെട്ട് വാഹനത്തിന്റെ ഉടമയായ പിതാവിനെതിരെയും നിയമനടപടി ഉണ്ടായതും രക്ഷാകര്‍തൃ ഉത്തരവാദിത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. മക്കള്‍ക്ക് സമ്പത്തും സൗകര്യങ്ങളും നല്‍കുന്നതിനൊപ്പം അവ ഉപയോഗിക്കാനുള്ള പക്വതയും നിയന്ത്രണവും പഠിപ്പിക്കേണ്ടതുണ്ട്.കുട്ടികളുടെ എല്ലാ ആഗ്രഹങ്ങള്‍ക്കും വഴങ്ങുന്നതല്ല നല്ല രക്ഷാകര്‍തൃത്വം. ചില ആഗ്രഹങ്ങളോട് സ്നേഹപൂര്‍വം ‘ഇല്ല’ എന്നു പറയാനും തെറ്റുകള്‍ക്ക് ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പഠിപ്പിക്കാനും മാതാപിതാക്കള്‍ക്കു കഴിയണം. നിയന്ത്രണമില്ലാത്ത സ്വാതന്ത്ര്യം ചിലപ്പോള്‍ കുട്ടികളെ അപകടത്തിലേക്കു നയിക്കും.
മദ്യവും മയക്കുമരുന്നും:
വിവേകം കവര്‍ന്നെടുക്കുന്ന ലഹരി
കൗമാരക്കാരുടെയും യുവാക്കളുടെയും കുറ്റവാസന വളരുന്നതില്‍ ലഹരിവസ്തുക്കളുടെ സ്വാധീനം ഗൗരവമായി പരിശോധിക്കേണ്ടതാണ്. മദ്യവും മയക്കുമരുന്നുകളും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ആത്മനിയന്ത്രണശേഷി കുറയ്ക്കുകയും അപകടസാധ്യതകള്‍ തിരിച്ചറിയാനുള്ള കഴിവിനെ ദുര്‍ബലപ്പെടുത്തുകയും ചെയ്യാം. ലഹരിയുടെ സ്വാധീനത്തില്‍ വാഹനമോടിക്കുക, ചെറിയ വാക്കുതര്‍ക്കങ്ങളെ അക്രമത്തിലേക്ക് വളര്‍ത്തുക, കൂട്ടുകാരുടെ പ്രേരണയില്‍ അപകടകരമായ സാഹസികതകള്‍ക്കു മുതിരുക, ലൈംഗികാതിക്രമങ്ങളില്‍ ഏര്‍പ്പെടുക തുടങ്ങിയ സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല. ലഹരി എല്ലാ കുറ്റകൃത്യങ്ങള്‍ക്കും കാരണമാണെന്നു പറയാനാവില്ലെങ്കിലും കുറ്റകൃത്യങ്ങളുടെ സാധ്യതയും തീവ്രതയും വര്‍ധിപ്പിക്കുന്ന ഘടകമായി അത് പ്രവര്‍ത്തിക്കാം.നെടുമ്പാശേരി അപകടത്തില്‍ മദ്യപിച്ച ഡ്രൈവറുടെ കൂടെയുണ്ടായിരുന്നവര്‍ പോലും അയാളെ തടയുന്നതിനുപകരം വേഗത്തില്‍ വാഹനമോടിക്കാന്‍ പ്രോത്സാഹിപ്പിച്ചുവെന്ന പൊലീസ് ആരോപണം കൂട്ടായ ഉത്തരവാദിത്വമില്ലായ്മയുടെ ഉദാഹരണമാണ്. ഒരാളുടെ ലഹരിയേക്കാള്‍ അപകടകരമാണ് ചിലപ്പോള്‍ ആ ലഹരിയെ പ്രോത്സാഹിപ്പിക്കുന്ന സുഹൃദ്വലയം.കേരളത്തില്‍ ലഹരിക്കെതിരായ ബോധവത്കരണ പരിപാടികള്‍ നടക്കുന്നുണ്ടെങ്കിലും അവയുടെ ഫലപ്രാപ്തി വിലയിരുത്തേണ്ടതുണ്ട്. സ്കൂളുകളിലും കോളജുകളിലും ലഹരിവിരുദ്ധ ക്ലാസുകള്‍ നടത്തുന്നതുകൊണ്ടുമാത്രം പ്രശ്നം പരിഹരിക്കാനാവില്ല. ലഹരിയുടെ ഉറവിടങ്ങളിലേക്കും വിതരണശൃംഖലകളിലേക്കും നിയമപാലകര്‍ എത്തണം. കൗമാരക്കാരില്‍ ലഹരിയുടെ ആദ്യ ഉപയോഗം കണ്ടെത്താനും അടിമത്തത്തിലേക്കു നീങ്ങുന്നവരെ ചികിത്സയ്ക്കും കൗണ്‍സലിങ്ങിനും വിധേയരാക്കാനും സംവിധാനങ്ങളുണ്ടാകണം.
സാമൂഹികമാധ്യമങ്ങളുടെഇരുണ്ട ലോകം
ഇന്നത്തെ കൗമാരക്കാരുടെ ജീവിതത്തില്‍ സാമൂഹികമാധ്യമങ്ങള്‍ക്കുള്ള സ്വാധീനം നിഷേധിക്കാനാവില്ല. ലോകത്തെക്കുറിച്ചുള്ള അറിവും സൗഹൃദങ്ങളും വിനോദവും ആശയവിനിമയവുമെല്ലാം വിരല്‍ത്തുമ്പില്‍ ലഭിക്കുന്ന കാലമാണിത്. എന്നാല്‍ ഈ സൗകര്യങ്ങള്‍ക്കൊപ്പം അപകടകരമായ ഒരു വെര്‍ച്വല്‍ ലോകവും വളരുന്നുണ്ട്. അക്രമത്തെ വീരപരിവേഷത്തോടെ അവതരിപ്പിക്കുന്ന വീഡിയോകള്‍, തോക്കുകളും കത്തികളും ഉപയോഗിച്ചുള്ള സാഹസിക ദൃശ്യങ്ങള്‍, ഗുണ്ടാസംഘങ്ങളുടെ ജീവിതശൈലിയെ മഹത്വവത്കരിക്കുന്ന ഉള്ളടക്കങ്ങള്‍, ലൈംഗികതയെ വികലമായി അവതരിപ്പിക്കുന്ന സന്ദേശങ്ങള്‍, മറ്റുള്ളവരെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പ്രവണതകള്‍ എന്നിവ കുട്ടികളുടെ മനസ്സിനെ സ്വാധീനിക്കാം.സാമൂഹികമാധ്യമങ്ങളില്‍ ലഭിക്കുന്ന ലൈക്കുകളും കമന്റുകളും അംഗീകാരത്തിന്റെ മാനദണ്ഡങ്ങളായി മാറുമ്പോള്‍ അപകടകരമായ പ്രവൃത്തികള്‍പോലും ചിലര്‍ക്ക് പ്രശസ്തി നേടാനുള്ള വഴികളായി തോന്നുന്നു. കൂട്ടുകാരുടെ മുന്നില്‍ കരുത്തു തെളിയിക്കാന്‍ മര്‍ദനദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിക്കുക, ചെറിയ തര്‍ക്കങ്ങള്‍ പോലും കൂട്ടായ ആക്രമണങ്ങളിലേക്ക് വളര്‍ത്തുക, മറ്റുള്ളവരെ അപമാനിക്കുന്ന വീഡിയോകള്‍ നിര്‍മ്മിക്കുക തുടങ്ങിയവ ഇതിന്റെ ഭാഗമാണ്.പാങ്ങപ്പാറയിലെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാം ചാറ്റുകള്‍ അന്വേഷണത്തില്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ഈ വിഷയത്തിന്റെ ഗൗരവം ഓര്‍മിപ്പിക്കുന്നു. പെണ്‍കുട്ടികളും ഇത്തരം കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുന്നു എന്ന സൂചനയും ഞെട്ടിപ്പിക്കുന്നതാണ്. ഡിജിറ്റല്‍ സൗഹൃദങ്ങള്‍ യഥാര്‍ഥ ജീവിതത്തിലെ സുരക്ഷിതത്വത്തിന് പകരമല്ല. സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്നവരുടെ ഉദ്ദേശ്യവും സ്വഭാവവും തിരിച്ചറിയാനുള്ള വിവേകം കുട്ടികള്‍ക്കു ലഭിക്കണം.എന്നാല്‍ സാമൂഹികമാധ്യമങ്ങളെ മാത്രം കുറ്റപ്പെടുത്തി ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല. കുട്ടികള്‍ എന്താണ് കാണുന്നത്, ആരുമായാണ് സംസാരിക്കുന്നത്, എന്തുതരം ഉള്ളടക്കങ്ങളാണ് പങ്കുവയ്ക്കുന്നത് എന്നൊക്കെ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. നിരന്തരമായ ചാരപ്പണി നടത്തുകയല്ല വേണ്ടത്; ഡിജിറ്റല്‍ ലോകത്തെ അപകടങ്ങളെക്കുറിച്ച് കുട്ടികളുമായി തുറന്ന സംഭാഷണം നടത്തുകയാണ് വേണ്ടത്.
ഈശ്വരവിശ്വാസത്തിന്റെ അഭാവവും
ധാര്മികബോധത്തിന്റെ തകര്‍ച്ചയും
കൗമാരക്കാരുടെ കുറ്റവാസനയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ആത്മീയതയുടെയും ധാര്‍മികമൂല്യങ്ങളുടെയും പ്രസക്തിയും അവഗണിക്കാനാവില്ല. ഈശ്വരവിശ്വാസം കുറയുന്നതുകൊണ്ടാണ് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതെന്ന് ശാസ്ത്രീയമായി സ്ഥാപിക്കാനാവില്ല. മതവിശ്വാസമില്ലാത്തവരെല്ലാം ധാര്മികബോധമില്ലാത്തവരാണെന്നും പറയാനാവില്ല. എന്നാല്‍ മനുഷ്യജീവിതത്തിന്റെ മൂല്യം തിരിച്ചറിയാനും അപരന്റെ വേദനയില്‍ പങ്കുചേരാനും തെറ്റും ശരിയും വിവേചിച്ചറിയാനും സഹായിക്കുന്ന മൂല്യവിദ്യാഭ്യാസം ദുര്‍ബലപ്പെടുന്നത് സമൂഹത്തിന് അപകടകരമാണ്.ആഘോഷങ്ങളോടും ഉത്സവങ്ങളോടും തിരുനാളുകളോടുമുള്ള യുവാക്കളുടെ താത്പര്യം കുറഞ്ഞിട്ടില്ല. പല ദേവാലയങ്ങളിലെയും തിരുനാളുകളിലും ക്ഷേത്രങ്ങളിലെ ഉത്സവആഘോഷങ്ങളിലും യുവാക്കളുടെ വലിയ സാന്നിധ്യം കാണാം. എന്നാല്‍ ആഘോഷപരിപാടികളിലും സംഗീതനിശകളിലും വിനോദങ്ങളിലും പങ്കെടുക്കാനുള്ള താത്പര്യത്തിനപ്പുറം അവിടത്തെ ആത്മീയസന്ദേശങ്ങളും ജീവിതമൂല്യങ്ങളും ഉള്‍ക്കൊള്ളാനുള്ള മനസ്സ് എത്രത്തോളമുണ്ട് എന്നത് ചിന്തിക്കേണ്ട വിഷയമാണ്.തിരുനാളുകള്‍ കേവലം ആഘോഷങ്ങളല്ല. പങ്കുവയ്ക്കലിന്റെയും സാഹോദര്യത്തിന്റെയും ക്ഷമയുടെയും സ്നേഹത്തിന്റെയും സാമൂഹിക ഐക്യത്തിന്റെയും പാഠശാലകളാണ്. ദേവാലയങ്ങള്‍ യുവാക്കള്‍ക്ക് ആരാധനയ്ക്കുള്ള ഇടങ്ങള്‍ മാത്രമല്ല, ജീവിതത്തിലെ പ്രതിസന്ധികള്‍ തുറന്നുപറയാനും മാര്‍ഗനിര്‍ദേശം തേടാനും കഴിയുന്ന അഭയകേന്ദ്രങ്ങളായി മാറണം.യേശുവിന്റെ ‘അയല്‍ക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കുക’ എന്ന കല്പനയുടെ അന്തഃസത്ത അപരന്റെ ജീവനും അഭിമാനവും മാനിക്കുകയെന്നതാണ്. അപരന്റെ വേദനയില്‍ സന്തോഷിക്കുന്നതും മറ്റൊരാളുടെ ജീവനെടുക്കുന്നതും ആ മൂല്യബോധത്തിന്റെ നിഷേധമാണ്. മതസ്ഥാപനങ്ങളും യുവജനസംഘടനകളും പ്രസംഗങ്ങളിലും പ്രാര്‍ഥനകളിലും ഒതുങ്ങാതെ കുട്ടികളുടെ വ്യക്തിത്വവികസനത്തിനും മാനസികാരോഗ്യത്തിനും സാമൂഹിക ഉത്തരവാദിത്വബോധത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കണം.യുവാക്കള്‍ക്ക് സംഗീതവും കലയും കായികവും സാഹിത്യവും സേവനപ്രവര്‍ത്തനങ്ങളും ആത്മീയപരിശീലനവും സമന്വയിപ്പിച്ച പ്രവര്‍ത്തനങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ആഘോഷങ്ങളില്‍ പങ്കാളികളാകുന്ന യുവാക്കള്‍ക്ക് സമൂഹത്തിലെ ദുര്‍ബലരെയും രോഗികളെയും വയോധികരെയും പരിചരിക്കാനുള്ള അവസരങ്ങള്‍കൂടി ലഭിക്കണം. അപ്പോഴാണ് ആഘോഷങ്ങളുടെ ആഹ്ലാദം ജീവിതത്തിന്റെ നന്മയായി മാറുന്നത്.
ലോകവും കേരളവും നല്കുന്ന മുന്നറിയിപ്പ്
കൗമാരക്കാരുടെ അക്രമവാസന കേരളത്തിന്റെ മാത്രം പ്രശ്നമല്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്കൂള്‍ ആക്രമണങ്ങള്‍, സംഘര്‍ഷങ്ങള്‍, കത്തിക്കുത്തുകള്‍, തട്ടിക്കൊണ്ടു പോകലുകള്‍, ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍, ഓണ്‍ലൈന്‍ ഭീഷണികള്‍ എന്നിവ വര്‍ധിക്കുന്നതായി പഠനങ്ങളും റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നു.ലോകാരോഗ്യ സംഘടനയുടെ കണക്കുകളും പഠനങ്ങളും യുവജന അക്രമം പൊതുജനാരോഗ്യത്തിന്റെയും സാമൂഹികസുരക്ഷയുടെയും വലിയ വെല്ലുവിളിയാണെന്ന് വ്യക്തമാക്കുന്നു. അക്രമം ഇരകളെ മാത്രമല്ല ബാധിക്കുന്നത്. അവരുടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സമൂഹത്തിനും ദീര്‍ഘകാല മാനസികാഘാതങ്ങള്‍ സൃഷ്ടിക്കുന്നു. അക്രമം തടയുന്നതിനായി കുടുംബപിന്തുണ, വിദ്യാലയതലത്തിലുള്ള ഇടപെടലുകള്‍, ജീവിതനൈപുണ്യ പരിശീലനം, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, സാമൂഹികപിന്തുണ എന്നിവയ്ക്ക് ലോകാരോഗ്യ സംഘടന പ്രാധാന്യം നല്കുന്നു.ഇന്ത്യയില്‍ ദേശീയ കുറ്റകൃത്യരേഖാ ബ്യൂറോയുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളും കുട്ടികള്‍ പ്രതികളാകുന്ന കുറ്റകൃത്യങ്ങളും പ്രത്യേകം വിശകലനം ചെയ്യേണ്ടതിന്റെ ആവശ്യകത വ്യക്തമാകും. എന്നാല്‍ കൗമാരക്കാരുടെ കുറ്റവാസന എല്ലാ വിഭാഗങ്ങളിലും ഒരേ തോതില്‍ വര്‍ധിക്കുകയാണെന്ന് പറയാന്‍ കൃത്യമായ കാലയളവിലെ കണക്കുകളും ജനസംഖ്യാനുപാതത്തിലുള്ള താരതമ്യവും ആവശ്യമാണ്. വാര്‍ത്തകളിലെ ഏതാനും സംഭവങ്ങള്‍ മാത്രം ആധാരമാക്കി ഒരു തലമുറ മുഴുവന്‍ കുറ്റവാളികളാകുകയാണെന്ന നിഗമനത്തിലെത്തുന്നത് ശരിയല്ല.എങ്കിലും കേരളത്തിലെ സമീപകാല സംഭവങ്ങള്‍ അവഗണിക്കാവുന്ന മുന്നറിയിപ്പുകളല്ല. സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുന്നില്‍ നില്ക്കുന്ന സമൂഹം എന്ന നിലയില്‍ കേരളം കുട്ടികളുടെ മാനസികവും ധാര്‍മികവുമായ വളര്‍ച്ചയ്ക്കും അതേ പ്രാധാന്യം നല്‍കേണ്ടതുണ്ട്
തിരുത്തേണ്ടത് കുട്ടികളെ മാത്രമല്ലസമൂഹത്തെയും
കൗമാരക്കുറ്റകൃത്യങ്ങള് തടയാന്‍ നിയമങ്ങള്‍ കര്‍ശനമാക്കണമെന്ന ആവശ്യം പ്രസക്തമാണ്. എന്നാല്‍ ശിക്ഷയുടെ കാഠിന്യം മാത്രം പരിഹാരമല്ല. കുറ്റകൃത്യം നടക്കുന്നതിനു മുമ്പ് അതിന്റെ സൂചനകള്‍ തിരിച്ചറിയുകയും കുട്ടികളെ അക്രമത്തിലേക്കു നയിക്കുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയും വേണം.ഇതിനായി ചില അടിയന്തര നടപടികള്‍ ആവശ്യമാണ്:കുടുംബതലത്തില്‍: കുട്ടികളുമായി ദിവസവും സംസാരിക്കാനും അവരുടെ സൗഹൃദങ്ങളും മാനസികപ്രശ്നങ്ങളും തിരിച്ചറിയാനും മാതാപിതാക്കള്‍ സമയം കണ്ടെത്തണം. ആഡംബരസൗകര്യങ്ങള്‍ നല്കുന്നതിനെക്കാള് ജീവിതമൂല്യങ്ങള്‍ പകര്ന്നുനല്കുന്നതിന് പ്രാധാന്യം നല്‍കണം.വിദ്യാലയങ്ങളില്‍: പരീക്ഷാഫലങ്ങള്‍ക്കും അക്കാദമിക മികവിനും അപ്പുറം കുട്ടികളുടെ സ്വഭാവരൂപീകരണത്തിനും മാനസികാരോഗ്യത്തിനും പ്രാധാന്യം നല്‍കണം. പരിശീലനം ലഭിച്ച കൗണ്‍സലര്‍മാരുടെ സേവനം ഉറപ്പാക്കണം. അക്രമസ്വഭാവം, ഒറ്റപ്പെടല്‍, ഭീഷണിപ്പെടുത്തല്‍, ലഹരിയോടുള്ള താത്പര്യം തുടങ്ങിയ മുന്നറിയിപ്പുകള്‍ തിരിച്ചറിയണം.നിയമസംവിധാനത്തില്‍: പ്രായപൂര്‍ത്തിയാകാത്തവര്‍ നടത്തുന്ന അതിഗുരുതര കുറ്റകൃത്യങ്ങളില്‍ നിലവിലെ നിയമത്തിലെ പ്രാഥമിക വിലയിരുത്തല്‍ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കണം. ഇരകളുടെ അവകാശങ്ങളും നീതിയും ഉറപ്പാക്കുന്നതിനൊപ്പം കുറ്റവാളികളുടെ മാനസികാവസ്ഥയും പുനരധിവാസസാധ്യതയും ശാസ്ത്രീയമായി പരിശോധിക്കണം.ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍: പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം വില്‍ക്കുന്നവര്‍ക്കെതിരെയും ലഹരിവസ്തുക്കള്‍ വിതരണം ചെയ്യുന്നവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ വേണം. ലഹരിക്ക് അടിമപ്പെട്ട കുട്ടികള്‍ക്ക് ശിക്ഷയ്ക്കപ്പുറം ചികിത്സയും കൗണ്‍സലിങ്ങും ലഭ്യമാക്കണം.സാമൂഹികമാധ്യമങ്ങളുടെ കാര്യത്തില്‍: അക്രമവും വിദ്വേഷവും പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതോടൊപ്പം ഡിജിറ്റല്‍ സാക്ഷരതയും ഉത്തരവാദിത്വമുള്ള സാമൂഹികമാധ്യമ ഉപയോഗവും കുട്ടികളെ പഠിപ്പിക്കണം.സാമൂഹിക-ആത്മീയ സംഘടനകളില്‍: യുവജനസംഘടനകള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നല്‍കണം. കായികം, കല, സാഹിത്യം, സേവനം, ആത്മീയത എന്നിവയിലൂടെ കുട്ടികളുടെ ഊര്‍ജത്തെ ക്രിയാത്മകമായി വഴിതിരിച്ചുവിടണം.
പതിനേഴാം വയസ്സില്‍ ജീവിതം അവസാനിക്കരുത്
കൗമാരം ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ സാധ്യതകളുടെ കാലമാണ്. ആ പ്രായത്തില്‍ തെറ്റുകള്‍ സംഭവിക്കാം. എന്നാല്‍ തെറ്റുകളെ തിരുത്താന്‍ കഴിയാത്തവിധം കുട്ടികളെ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് തള്ളിവിടുന്ന സാഹചര്യം സൃഷ്ടിക്കപ്പെടരുത്. അതേസമയം, കൗമാരത്തിന്റെ പേരില്‍ ക്രൂരതകള്‍ക്ക് ന്യായീകരണം കണ്ടെത്താനും കഴിയില്ല. ഒരു പതിനേഴുകാരന്റെ കൈകളില്‍ ആയുധം എത്തുമ്പോള്‍ അതിനു പിന്നില്‍ കുടുംബവും കൂട്ടുകെട്ടും സാമൂഹിക സാഹചര്യങ്ങളും ലഹരിയും മാനസികപ്രശ്നങ്ങളും ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകാം. അവ തിരിച്ചറിയാതെ കുറ്റവാളിയെ ശിക്ഷിക്കുന്നതുകൊണ്ടുമാത്രം പ്രശ്നം അവസാനിക്കുന്നില്ല. അടുത്തൊരു കുട്ടി അതേ വഴിയിലേക്ക് നീങ്ങാതിരിക്കാനുള്ള മുന്‍കരുതലുകളാണ് സമൂഹം സ്വീകരിക്കേണ്ടത്.കുട്ടികളെ വളര്‍ത്തേണ്ടത് വീടുകള്‍ മാത്രമല്ല; വിദ്യാലയങ്ങളും ദേവാലയങ്ങളും കലാ-കായിക സംഘടനകളും മാധ്യമങ്ങളും ഭരണകൂടവും ചേര്‍ന്നാണ്. കുട്ടികളുടെ മനസ്സില്‍ സ്നേഹവും സഹാനുഭൂതിയും സഹജീവികളോടുള്ള ആദരവും വളര്‍ത്താന്‍ കഴിയുന്ന സാമൂഹികാന്തരീക്ഷം സൃഷ്ടിക്കണം.പതിനേഴാം വയസ്സില്‍ ഒരു കുട്ടി ജീവിതത്തിന്റെ അര്‍ഥം കണ്ടെത്തേണ്ടതാണ്; മറ്റൊരാളുടെ ജീവിതം അവസാനിപ്പിക്കാനുള്ള ക്രൂരതയല്ല. ആ പ്രായത്തില്‍ കൈകളില്‍ പുസ്തകവും സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് ഉണ്ടാകേണ്ടത്; ആയുധങ്ങളും ലഹരിയും അക്രമവാസനയുമല്ല. കൗമാരത്തിലെ കുറ്റവാസനയെക്കുറിച്ച് ഇന്ന് നാം നടത്തുന്ന ചര്‍ച്ച നാളെയുടെ തലമുറയെ രക്ഷിക്കാനുള്ള ആത്മപരിശോധനയായി മാറണം. കുറ്റവാളികളെ മാത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹമായി നാം മാറുകയാണോ, അതോ നല്ല മനുഷ്യരെ വളര്‍ത്തുന്ന ഒരു സമൂഹമായി നിലനില്ക്കുകയാണോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടത് മറ്റാരുമല്ല, നാം ഓരോരുത്തരുമാണ്.

